പുസ്തകമേളയ്ക്കിടെ പോക്കറ്റടി ; സിനിമാ സീരിയല്‍ നടി അറസ്റ്റില്‍
പുസ്തകമേളയ്ക്കിടെ പോക്കറ്റടി നടത്തിയ സിനിമാ സീരിയല്‍ നടിയെ പോലീസ് പൊക്കി. ബംഗാളി നടി രൂപ ദത്തയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കൊല്‍ക്കത്തയിലെ അന്താരാഷ്ട്ര പുസ്തകമേള വേദിയിലാണ് പോക്കറ്റടി നടന്നതെന്ന് പൊലീസ് പറഞ്ഞു. നിരവധി സീരിയലുകളിലും ടെലിവിഷന്‍ ഷോകളിലും അഭിനയിച്ചിട്ടുള്ള നടിയാണ് രൂപ. പുസ്തകമേളയ്ക്കിടെ ഒരു സ്ത്രീ പഴ്‌സ് ചവറ്റുകൂനയിലേക്ക് വലിച്ചെറിയുന്നതു കണ്ട പൊലീസുകാര്‍ ചോദ്യംചെയ്യുകയായിരുന്നുവെന്ന് ബിധാന്‍ നഗര്‍ പൊലീസ് അറിയിച്ചു. ചോദ്യംചെയ്തപ്പോള്‍ നടിയാണെന്ന് മനസ്സിലായി. പരസ്പരവിരുദ്ധമായ മറുപടിയാണ് ഇവര്‍ നല്‍കിയത്. ബാഗ് പരിശോധിച്ചപ്പോള്‍ നിരവധി പഴ്‌സുകളും 75000 രൂപയും കണ്ടെടുത്തെന്ന് പൊലീസ് പറഞ്ഞു.
തിരക്കുള്ള സ്ഥലങ്ങളില്‍ പോയി മോഷണം നടത്തുകയാണ് നടിയുടെ രീതിയെന്ന് പൊലീസ് പറഞ്ഞു. സെലിബ്രറ്റി ആയത് കൊണ്ട് ആരും സംശയിക്കില്ല എന്നതും മോഷണത്തിന് സഹായകമാകാറുണ്ട്. നടിയെ നാളെ കോടതിയില്‍ ഹാജരാക്കും. കൂടുതല്‍ പേര്‍ക്ക് കുറ്റകൃത്യത്തില്‍ പങ്കുണ്ടോയെന്ന് അന്വേഷിക്കുന്നുണ്ടെന്നും പൊലീസ് പറഞ്ഞു. നേരത്തെ ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപിനെതിരെ തെറ്റായ ലൈംഗികാരോപണം ഉന്നയിച്ച് രൂപ ദത്ത വാര്‍ത്തകളില്‍ ഇടംനേടിയിരുന്നു. അനുരാഗ് തനിക്ക് മോശം മെസേജുകള്‍ അയച്ചെന്നാരോപിച്ച് നടി ചാറ്റിന്റെ സ്‌ക്രീന്‍ ഷോട്ടുകള്‍ പുറത്തു വിട്ടിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ അനുരാഗ് എന്ന് പേരുള്ള മറ്റൊരാള്‍ അയച്ച മെസേജുകളുടെ സ്‌ക്രീന്‍ ഷോട്ടാണെന്ന് കണ്ടെത്തി.