ബസ്സുകളിലെ കണ്‍സഷന്‍ നിരക്ക് വിദ്യാര്‍ഥികള്‍ക്ക് തന്നെ നാണക്കേട്’; നിരക്ക് കൂട്ടുമെന്ന് മന്ത്രി

സംസ്ഥാനത്തെ ബസ്സുകളിലെ കണ്‍സഷന്‍ നിരക്ക് വിദ്യാര്‍ഥികള്‍ക്ക് തന്നെ നാണക്കേട് ആണ് എന്ന് ഗതാഗത മന്ത്രി ആന്റണി രാജു. രണ്ട് രൂപയാണ് നിലവിലെ നിരക്ക്. കഴിഞ്ഞ 10 വര്‍ഷമായി വിദ്യാര്‍ഥികളുടെ കണ്‍സഷന്‍ നിരക്ക് വര്‍ധിപ്പിച്ചിട്ടില്ലെന്നും മന്ത്രി.ചാര്‍ജ് വര്‍ധിപ്പിക്കണമെന്ന ബസ് ഉടമകളുടെ ആവശ്യം ന്യായമാണെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. പല വിദ്യാര്‍ഥികളും അഞ്ചു രൂപ കൊടുത്തിട്ട് ബാക്കി വാങ്ങാതെ പോകുന്ന സാഹചര്യമാണ്. അതിനാല്‍ വിദ്യാര്‍ഥികളുടെ കണ്‍സഷന്‍ നിരക്കും വര്‍ദ്ധിപ്പിക്കും. എന്നാല്‍ എത്രത്തോളം വര്‍ദ്ധന വേണമെന്ന കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ല. അത് തീരുമാനിക്കാനുള്ള ചര്‍ച്ചകളാണ് പുരോഗമിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

ബസ് ചാര്‍ജ്ജ് വര്‍ധനവ് നടപ്പിലാക്കാത്തതിനെതിരെ ശക്തമായ പ്രതിഷേധവുമായി സ്വകാര്യ ബസ് ഉടമകള്‍ രംഗത്ത് എത്തിയിരുന്നു. മിനിമം നിരക്ക് 12 രൂപയാക്കണം എന്നും വിദ്യാര്‍ഥികളുടെ കണ്‍സഷന്‍ നിരക്ക് വര്‍ധിപ്പിക്കണമെന്നും അടക്കമുള്ള ആവശ്യങ്ങളാണ് സ്വകാര്യ ബസ് ഉടമകള്‍ മുന്നോട്ടു വെച്ചത്. ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉടന്‍ അനുകൂല തീരുമാനം ഉണ്ടായില്ലെങ്കില്‍ സമരം ആരംഭിക്കുമെന്നും സ്വകാര്യ ബസ് ഉടമകള്‍ വ്യക്തമാക്കിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ പ്രതികരണം. ബസ് ചാര്‍ജ് വര്‍ദ്ധിപ്പിക്കണമെന്ന സ്വകാര്യ ബസ് ഉടമകളുടെ ആവശ്യം ന്യായമാണെന്ന് മന്ത്രി പറഞ്ഞു. ബസ് ചാര്‍ജ് വര്‍ധിപ്പിക്കേണ്ടത് സ്വകാര്യബസ്സുകളുടെ മാത്രമല്ല കെഎസ്ആര്‍ടിസിയുടെ നിലനില്‍പ്പിനും ആവശ്യമാണ്. എന്നാല്‍ ഇത് പൊതുജനങ്ങളെ ആകെ ബാധിക്കുന്ന വിഷയമായതിനാല്‍ ഒറ്റദിവസംകൊണ്ട് തീരുമാനം എടുക്കാന്‍ കഴിയില്ല. ഇത് സംബന്ധിച്ച് ഗൗരവതരമായ ചര്‍ച്ചകള്‍ നടക്കുകയാണ്. വരും ദിവസങ്ങളിലും ചര്‍ച്ചകള്‍ തുടരുമെന്നും മന്ത്രി വ്യക്തമാക്കി.

അതേസമയം മന്ത്രിയുടെ പ്രസ്താവനക്ക് എതിരെ വിദ്യാര്‍ത്ഥി സംഘടനകള്‍ രംഗത്ത് വന്നു. ആന്റണി രാജുവിന്റെ പ്രസ്താവന വിദ്യാര്‍ത്ഥി വിരുദ്ധമാണെന്ന് സി.പി.ഐയുടെ വിദ്യാര്‍ത്ഥി സംഘടനയായ എ.ഐ.എസ്.എഫ്. ആരോപിക്കുന്നു. കേരളത്തിന് നാണക്കേടായ മന്ത്രി നിരുപാധികം മാപ്പ് പറയണമെന്ന് എ.ഐ.എസ്.എഫ് സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. നിരവധി പോരാട്ടങ്ങളിലൂടെ നേടിയെടുത്ത യാത്രാവകാശത്തെ പരിഹസിച്ച മന്ത്രിയുടെ പ്രസ്താവന വിദ്യാര്‍ത്ഥി സമൂഹത്തെ അപമാനിക്കലാണ്. വിദ്യാര്‍ത്ഥി വിരുദ്ധമായ സമീപനത്തില്‍ നിന്നും മന്ത്രി പിന്നോട്ട് പോണമെന്നും പ്രസ്താവന പിന്‍വലിച്ച് നിരുപാധികം മാപ്പ് പറയണമെന്നും AISF സംസ്ഥാന പ്രസിഡന്റ് പി. കബീറും സെക്രട്ടറി ജെ.അരുണ്‍ ബാബുവും ആവശ്യപ്പെട്ടു.

അതുപോലെ ആന്റണി രാജു നടത്തിയ പ്രസ്താവന അപഹാസ്യമാണെന്ന് ഫ്രറ്റേണിറ്റി മൂവ്‌മെന്റ് ആക്ടിങ്ങ് പ്രസിഡന്റ് ഷെഫ്രിന്‍ കെ.എം. ബസുടമകളുടെ പ്രതിസന്ധി വിദ്യാര്‍ഥികളുടെ തലയില്‍ കെട്ടിവക്കാനാണ് സര്‍ക്കാരിന്റെ തീരുമാനം എങ്കില്‍ അതിനെ തെരുവില്‍ ചോദ്യം ചെയ്യാനും സര്‍ക്കാരിനെ തിരുത്തിക്കാനും വിദ്യാര്‍ഥി സമൂഹത്തിന് അറിയാമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിരവധി അവകാശ സമരങ്ങളിലൂടെ നേടിയെടുത്ത വിദ്യാര്‍ഥികളുടെ അവകാശമാണ് ബസ് കണ്‍സഷന്‍. അത് വര്‍ദ്ധിപ്പിക്കുന്നത് ആലോചിക്കുമെന്നും നിലവിലെ കണ്‍സഷന്‍ തുക കുട്ടികള്‍ക്ക് തന്നെ നാണക്കേടാണെന്നും അഭിപ്രായം പ്രകടിപ്പിച്ച ഗതാഗത വകുപ്പ് മന്ത്രിയുടെ വാക്കുകള്‍ പ്രതിഷേധാര്‍ഹമാണെന്നും എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് വി എ വിനീഷ്, എം.എല്‍.എ കൂടിയായ സെക്രട്ടറി അഡ്വ:കെ.എം സച്ചിന്‍ ദേവ് എന്നിവര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.