ജപ്പാനിലെ സ്‌കൂളുകളില്‍ പെണ്‍കുട്ടികള്‍ക്ക് ‘പോണിടെയിലിന്’ നിരോധനം ; കാരണം ആണ്‍കുട്ടികളെ ലൈംഗികമായി ഉത്തേജിപ്പിക്കുമെന്ന്

പെണ്‍കുട്ടികള്‍ പോണിടെയിലായി മുടി കെട്ടുന്നതിന് ജപ്പാനിലെ സ്‌കൂളുകളില്‍ നിരോധനം ഏര്‍പ്പെടുത്തിയതായി റിപ്പോര്‍ട്ട്. പെണ്‍കുട്ടികള്‍ മുടി പോണിടെയിലായി കെട്ടുമ്പോള്‍ അവരുടെ കഴുത്തിന്റെ പിന്‍ഭാഗം കാണുമെന്നും ഇത് ആണ്‍കുട്ടികളെ ലൈംഗികമായി ഉത്തേജിപ്പിക്കുന്നതിന് കാരണമാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് നിരോധനം. ഈ പുതിയ പരിഷ്‌കാരത്തിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നതോടെ ചില സ്‌കൂളുകള്‍ ഈ നിരോധനം ഏര്‍പ്പെടുത്തുന്നതില്‍ നിന്നും വിട്ടുനില്‍ക്കുകയാണെന്നും രാജ്യാന്തര്യ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

അതേസമയം, ജപ്പാനില്‍ ആദ്യമായല്ല ഇത്തരത്തില്‍ വിചിത്ര നിരോധനങ്ങള്‍ ഏര്‍പ്പെടുത്തുന്നത്. നേരത്തെ വെള്ള നിറത്തിലുള്ള അടിവസ്ത്രം മാത്രമേ വിദ്യാര്‍ഥികള്‍ ധരിക്കാന്‍ പാടുള്ളൂവെന്ന തരത്തില്‍ നിയമം ഇറക്കിയിരുന്നു. എന്നാല്‍ ഇത് വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവച്ചതിനെ തുടര്‍ന്ന് പിന്‍വലിക്കേണ്ടി വന്നിരുന്നു. സാമാന്യ ബുദ്ധിക്ക് നിരക്കാത്ത ഇത്തരം വിചിത്ര നിയമങ്ങള്‍ ഏകപക്ഷീയമായാണ് നടപ്പാകുന്നത്. ഈ നിയമങ്ങള്‍ വിദ്യാര്‍ഥികളില്‍ അടിച്ചേല്‍പ്പിക്കുന്നത് ജപ്പാനില്‍ പതിവാണെന്നും ഇവ അംഗീകരിക്കാന്‍ വിദ്യാര്‍ഥികള്‍ നിര്‍ബന്ധിതരാകുകയാണെന്നും അധ്യാപകരും പറയുന്നു. വിദ്യാര്‍ഥിനികളുടെ പാവാടയുടെ നീളം, പുരികത്തിന്റെ ആകൃതി, അടിവസ്ത്രം, സോക്സ്, മുടി തുടങ്ങിയവയുടെ നിറം തുടങ്ങിയ കാര്യങ്ങളില്‍ പ്രത്യേക മാനദണ്ഡങ്ങള്‍ രാജ്യത്തെ ഭൂരിഭാഗം സ്‌കൂളുകളും പിന്തുടരുന്നതായുള്ള പരാതികള്‍ നിലനില്‍ക്കുന്നുണ്ട്.

കായിക പരിശീലനം, സ്‌കൂളിലെ നീന്തല്‍ പരിശീലനം എന്നിവയ്ക്കായി വസ്ത്രം മാറുമ്പോള്‍ സ്‌കൂളുകളില്‍ പ്രത്യേകമായി നിയോഗിച്ച ജീവനക്കാര്‍ വിദ്യാര്‍ത്ഥിനികളുടെ അടിവസ്ത്രം പരിശോധിക്കുന്ന പതിവ് പോലും പല സ്‌കൂളിലും നടപ്പിലാക്കിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. സ്‌കൂളുകളിലും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പ്രാബല്യത്തിലുള്ള ഈ നിയമങ്ങള്‍ക്കെതിരെ ശക്തമായ പ്രതിഷേധ സ്വരങ്ങളും അടുത്തകാലത്തായി ഉയരുന്നുണ്ട്.