അമ്മയ്ക്ക് മരുന്ന് വാങ്ങാനിറങ്ങിയ യുക്രെയ്ന്‍ വനിതയെ റഷ്യന്‍ സൈന്യം വെടിവെച്ചുകൊന്നു
യുദ്ധബാധിത യുക്രെയ്‌നിലെ ജനങ്ങളെ സേവിക്കാനായി രാജ്യത്ത് തന്നെ തുടരാന്‍ തീരുമാനമെടുത്ത വലേരിയ മക്‌സെറ്റ്‌സ്‌ക (31) എന്ന സാമൂഹ്യപ്രവര്‍ത്തകയാണ് കൊല്ലപ്പെട്ടത്. രോഗിയായ അമ്മയ്ക്ക് മരുന്ന് വാങ്ങാനായി യുക്രെയ്ന്റെ പടിഞ്ഞാറന്‍ അതിര്‍ത്തിയിലേക്ക് സഞ്ചരിക്കവേ റഷ്യന്‍ ടാങ്ക് ഇവര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വലേരിയയ്ക്കൊപ്പം കാറിലുണ്ടായിരുന്ന അമ്മ ഇറിനയും ഡ്രൈവറും ആക്രമണത്തില്‍ കൊല്ലപ്പെട്ടു. ‘സ്വതന്ത്ര റിപ്പബ്ലിക്ക്’ ആയി റഷ്യ പ്രഖ്യാപിച്ച യുക്രെയ്നിലെ ഡൊനെറ്റ്സ്‌കില്‍ ജനിച്ചു വളര്‍ന്ന വലേരിയ അടുത്തകാലത്താണ് കീവിലേക്ക് താമസം മാറ്റിയത്.
യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഏജന്‍സി ഫോര്‍ ഇന്റര്‍നാഷണല്‍ ഡവലപ്മെന്റ് (US AID) എന്ന രാജ്യാന്തര ഏജന്‍സിയുമായി കൈകോര്‍ത്ത് കീമോണിക്‌സ് എന്ന സംഘടനയ്ക്ക് വേണ്ടി യുദ്ധക്കെടുതി അനുഭവിക്കുന്നവര്‍ക്കിടയില്‍ സജീവമായി പ്രവര്‍ത്തിച്ചു വരികയായിരുന്നു വലേരിയ. കീവില്‍ പോരാട്ടം രൂക്ഷമായ വേളയിലും രാജ്യം വിടാന്‍ അവര്‍ ഒരുക്കമായിരുന്നില്ല. വലേരിയയുടെ മരണവാര്‍ത്ത കീമോണിക്സിന്റെ സിഇഒ ജാമി ബുച്ചറാണ് ലോകത്തെ അറിയിച്ചത്. അമ്മയ്ക്ക് മരുന്ന് വാങ്ങാന്‍ പോകവേ റഷ്യന്‍ സൈന്യം വെടിവെച്ചു കൊല്ലുകയായിരുന്നുവെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.
അതേസമയം യുക്രെയ്ന്‍ തലസ്ഥാന നഗരമായ കീവ് റഷ്യന്‍ സേന വളഞ്ഞു. റഷ്യയുടെ യുക്രെയ്ന്‍ അധിനിവേശം പതിനേഴ് ദിവസം പിന്നിടുമ്പോള്‍ കീവ് തകര്‍ക്കാന്‍ റഷ്യ വന്‍ ആക്രമണം ആസൂത്രണംചെയ്യാന്‍ സാധ്യതയുള്ളതായി ബ്രിട്ടന്‍ മുന്നറിയിപ്പു നല്‍കി. നഗരത്തിന് 25 കിലോമീറ്റര്‍ അടുത്ത് സൈന്യം എത്തിയതായി ബ്രിട്ടീഷ് രഹസ്യാന്വേഷണ വിഭാഗം അറിയിച്ചു. ശനിയാഴ്ച്ച റഷ്യന്‍ സൈന്യം ഏഴ് സിവിലിയന്മാരെ കൊലപ്പെടുത്തിയെന്ന് യുക്രെയ്ന്‍ ആരോപിച്ചു. പെരെമോഹ ഗ്രാമത്തില്‍ നിന്ന് പലായനം ചെയ്യുന്നതിനിടെ ഒരു കുട്ടി ഉള്‍പ്പെടെ ഏഴ് പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. യുക്രെയ്ന്‍ നഗരങ്ങളായ ലിവിവ്, കെര്‍സണ്‍ എന്നിവിടങ്ങളില്‍ ഒന്നിലധികം സ്‌ഫോടനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ലിവിവില്‍ റഷ്യ മിസൈല്‍ ആക്രമണം നടത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം, ഉമാന്‍, ഖാര്‍കിവ്, ക്രാമാറ്റോര്‍സ്‌ക്, സ്ലോവിയന്‍സ്‌ക്, വിന്നിറ്റ്‌സിയ, കീവ്, പോള്‍ട്ടാവ എന്നിവയുള്‍പ്പെടെ മിക്ക യുക്രെയ്ന്‍ നഗരങ്ങളിലും എയര്‍ സൈറണുകള്‍ സജീവമാക്കി.