സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ ഉറച്ചു പിണറായി

സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ നിന്ന് പിന്മാറില്ലെന്ന് ആവര്‍ത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. പരിസ്ഥിതിയെ സംരക്ഷിക്കുന്ന പദ്ധതിയാണ് സില്‍വര്‍ ലൈന്‍ എന്നും സാമ്പത്തിക ബാധ്യത ഉണ്ടാക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. അടിയന്തിര പ്രമേയ ചര്‍ച്ചയ്ക്കുള്ള മറുപടിയിലാണ് മുഖ്യമന്ത്രിയുടെ വിശദീകരണം. കേരളത്തെയാകെ തകര്‍ക്കുന്ന പദ്ധതിയില്‍ മുഖ്യമന്ത്രിയുടെ മറുപടിയില്‍ വ്യക്തതയില്ലെന്ന് ആരോപിച്ച് പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി. സില്‍വര്‍ ലെയിനെതിരെയുള്ള സമരങ്ങളെ സര്‍ക്കാര്‍ അടിച്ചൊതുക്കുന്നു എന്നാരോപിച്ച് പി.സി.വിഷ്ണുനാഥ് അടിയന്തിര പ്രമേയ നോട്ടീസ് നല്‍കി. ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയതോടെ മൂന്നു മണിക്കൂറിലേറെ ചര്‍ച്ച നീണ്ടു. സില്‍വര്‍ ലൈനിന് എതിരേയുള്ള സമരങ്ങളെ സര്‍ക്കാര്‍ ക്രൂരമായി അടിച്ചമര്‍ത്തുകയാണെന്ന് പ്രതിപക്ഷം ആരോപിച്ചു. സില്‍വര്‍ ലൈന്‍ പദ്ധതി കേരളം അംഗീകരിച്ചതാണെന്നും വേഗം നടപ്പാക്കണമെന്നാണു പൊതുവികാരമെന്നും പിണറായി വിജയന്‍ പറഞ്ഞു.

പശ്ചിമഘട്ടത്തെ തകര്‍ക്കുമെന്ന വിമര്‍ശനം അടിസ്ഥാന്ന രഹിതമാണെന്നും കെ റെയില്‍ വനമേഖലയിലൂടെ കടന്നുപോകുന്നില്ലെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. കെ റെയില്‍ പദ്ധതി കേരളത്തെ രണ്ടായി മുറിക്കുമെന്ന വാദം തെറ്റാണെന്നും ഇരു വശത്തും മതില്‍ കെട്ടുമെന്ന ആരോപണം ഇല്ലാത്തതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കെ- റെയില്‍ കേരളത്തിന് സാമ്പത്തിക-പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന പ്രതിപക്ഷ ആരോപണങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി. സില്‍വര്‍ ലൈനിനെ ആത്മാര്‍ഥമായി എതിര്‍ക്കാന്‍ പ്രതിപക്ഷത്തിന് സാധിക്കുന്നില്ലെന്നും രാഷ്ട്രീയ ലക്ഷ്യം മുന്‍നിര്‍ത്തിയുള്ള പ്രതിഷേധം മാത്രമാണ് നടക്കുന്നതെന്നും പിണറായി പറഞ്ഞു. സില്‍വര്‍ലൈന്‍ രഹസ്യമായി കൊണ്ടുവന്ന പദ്ധതിയല്ല. ഇതിനെതിരെ യുഡിഎഫിനു സ്വന്തം അണികളെപ്പോലും വിശ്വസിപ്പിക്കാന്‍ കഴിയുന്നില്ല. ഏതുവിധേനയും പദ്ധതിയെ ഇല്ലാതാക്കണമെന്നാണു പ്രതിപക്ഷത്തിന്റെ ലക്ഷ്യം. ചര്‍ച്ചയിലൂടെ പ്രതിപക്ഷം തുറന്നുകാട്ടപ്പെട്ടു. പൗരപ്രമുഖരുമായി സര്‍ക്കാര്‍ സംവദിച്ചതു തെറ്റായി ചിത്രീകരിക്കുകയാണ്. ജനങ്ങളുമായി സംവദിക്കാന്‍ പല മാര്‍ഗങ്ങള്‍ സ്വീകരിക്കാറുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം ഡി പി ആറിലും മുഖ്യമന്ത്രി പറയുന്നതിലും വൈരുദ്ധ്യങ്ങളുണ്ടെന്നും പ്രതിപക്ഷം ആരോപിച്ചു. ഇരുപക്ഷത്തു നിന്നുമായി 14 പേരാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്.