അമേരിക്ക വ്യാജവിവരം പ്രചരിപ്പിക്കുന്നു ; ആയുധ വിഷയത്തില്‍ വിശദീകരണവുമായി റഷ്യയും ചൈനയും

ചൈനയോട് ആയുധ സഹായം തേടിയെന്ന വാര്‍ത്ത തള്ളി റഷ്യ. യുദ്ധത്തിനായി ചൈനയില്‍ നിന്ന് ആയുധ, സാമ്പത്തിക സഹായം റഷ്യ തേടിയെന്ന വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് വിശദീകണവുമായി ക്രെംലിന്‍ രംഗത്തെത്തിയത്. യുക്രൈനില്‍ റഷ്യയുടെ ലക്ഷ്യം പൂര്‍ത്തിയാക്കാന്‍ മതിയായ ആയുധവും ആള്‍ബലവും റഷ്യക്കുണ്ടെന്ന് സര്‍ക്കാര്‍ വക്താവ് ദിമിത്രി പെസ്‌കോവ് പറഞ്ഞു. റഷ്യ ചൈനയില്‍ നിന്ന് സഹായം തേടിയെന്ന് യുഎസ് ഉദ്യോഗസ്ഥരാണ് ആരോപിച്ചത്.

ചൈന സഹായം നല്‍കിയാല്‍ ഗുരുതര പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് അമേരിക്ക മുന്നറിയിപ്പ് നല്‍കി. അമേരിക്ക വ്യാജ വിവരങ്ങള്‍ പ്രചരിപ്പിക്കുകയാണെന്നും യുക്രൈന്‍ വിഷയത്തില്‍ ചൈനയെ ലക്ഷ്യം വെക്കുകയാണെന്നും ചൈനീസ് വിദേശ കാര്യ വക്താവ് പറഞ്ഞു. റഷ്യയുടെ യുക്രൈന്‍ അധിനിവേശത്തെ അപലപിക്കുന്നതോടൊപ്പം നാറ്റായോ വിമര്‍ശിക്കുന്നതുകൂടിയാണ് ചൈനയുടെ നിലപാട്. അതിനിടെ റഷ്യ (Russia) വൈകാതെ നാറ്റോ രാജ്യങ്ങളെയും ആക്രമിക്കുമെന്ന് മുന്നറിയിപ്പ് നല്‍കി യുക്രൈന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ സെലന്‍സ്‌കി. റഷ്യക്ക് എതിരെ പ്രതിരോധം ശക്തമാക്കണമെന്നും ആക്രമണം ഉണ്ടാകാതിരിക്കാനുള്ള ഏക വഴി യുക്രൈനുമേല്‍ വ്യോമനിരോധന മേഖല പ്രഖ്യാപിക്കുകയാണെന്നും സെലന്‍സ്‌കി പറഞ്ഞു. അതേസമയം പോളണ്ട് അതിര്‍ത്തിയോട് ചേര്‍ന്ന സൈനിക താവളം റഷ്യ ആക്രമിച്ചതില്‍ കടുത്ത പ്രതിഷേധവുമായി അമേരിക്ക രംഗത്തെത്തി.

ആക്രമണത്തെ ശക്തമായി അപലപിച്ച യുഎസ് റഷ്യ ആക്രമണം അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടു. പോളണ്ട്-യുക്രൈന്‍ അതിര്‍ത്തിക്ക് സമീപമുള്ള യവോരിവ് നഗരത്തിലാണ് റഷ്യ ആക്രമണം നടത്തിയത്. ഇവിടെ 35 പേര്‍ കൊല്ലപ്പെടുകയും 134 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. 30 ലധികം ക്രൂയിസ് മിസൈലുകള്‍ പ്രയോഗിച്ചതായാണ് യുക്രൈന്റെ ആരോപണം. യുക്രൈനില്‍ റഷ്യയ്ക്കെതിരെ യുദ്ധം ചെയ്യില്ലെന്ന് യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍ ആവര്‍ത്തിച്ച് വ്യക്തമാക്കിയിരുന്നു. അമേരിക്ക റഷ്യയ്ക്കുമേല്‍ ഏകപക്ഷീയമായി ഉപരോധം ഏര്‍പ്പടുത്തുന്നതിനെതിരെ ചൈന ശക്തമായി പ്രതിഷേധിച്ചിരുന്നു. ഉപരോധങ്ങള്‍ ജനജീവിതം ദുരിതം നിറഞ്ഞതാക്കുമെന്നും ഒഴിവാക്കാന്‍ നടപടി വേണമെന്നുമായിരുന്നു ചൈനയുടെ ആവശ്യം.