ദുല്‍ഖര്‍ സല്‍മാന് വിലക്കേര്‍പ്പെടുത്തി ഫിയോക്
സിനിമാ താരവും നിര്‍മ്മാതാവുമായ ദുല്‍ഖര്‍ സല്‍മാനും അദ്ദേഹത്തിന്റെ നിര്‍മാണ കമ്പനിക്കും വിലക്ക് ഏര്‍പ്പെടുത്തി കേരളത്തിലെ തിയറ്റര്‍ ഉടമകളുടെ സംയുക്ത സംഘടനയായ ഫിയോക്. ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മിച്ച ‘സല്യൂട്ട്’ ഒടിടി റിലീസ് ചെയ്യാനുള്ള തീരുമാനത്തെ തുടര്‍ന്നാണു നടപടി. ധാരണകളും വ്യവസ്ഥകളും ലംഘിച്ചാണ് സല്യൂട്ട് സിനിമ ഒടിടിക്ക് നല്‍കിയതെന്ന് ഫിയോക് ആരോപിക്കുന്നു. ജനുവരി 14 ന് സല്യൂട്ട് തിയറ്ററില്‍ റിലീസ് ചെയ്യുമെന്ന് എഗ്രിമെന്റ് ഉണ്ടായിരുന്നു. പോസ്റ്ററും അടിച്ചിരുന്നു. ഈ ധാരണ ലംഘിച്ചാണ് സിനിമ 18 ന് ഒടിടിയില്‍ എത്തുന്നതെന്നും സംഘടന. ദുല്‍ഖര്‍ സല്‍മാന്റെ നിര്‍മാണ കമ്പനിയായ വേ ഫെയറര്‍ ഫിലിംസാണ് സല്യൂട്ട് നിര്‍മിച്ചത്
കുറുപ്പ് റിലീസിന്റെ സമയത്തു തിയറ്റര്‍ ഉടമകള്‍ പരമാവധി പിന്തുണച്ചു. തിയറ്ററുകാരെ ആവശ്യമുള്ള സമയത്ത് ഉപയോഗിച്ചുവെന്നും ഫിയോക് പ്രസിഡന്റ് വിജയകുമാര്‍ പറഞ്ഞു. വിലക്ക് എത്രകാലത്തേക്ക് എന്ന് തീരുമാനിച്ചിട്ടില്ലെന്നും ഫിയോക് വ്യക്തമാക്കി. ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന ഇന്‍വെസ്റ്റിഗേറ്റീവ് ത്രില്ലര്‍ ചിത്രമാണ് ‘സല്യൂട്ട്’. അരവിന്ദ് കരുണാകരന്‍ എന്ന കഥാപാത്രത്തെയാണ് ദുല്‍ഖര്‍ സിനിമയില്‍ അവതരിപ്പിക്കുന്നത്. ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത് ബോബി – സഞ്ജയ് കൂട്ടുകെട്ടാണ്. തിരുവനന്തപുരത്തും കൊല്ലത്തുമായിട്ടാണ് സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായത്.