ഹിജാബ് വിധിക്ക് എതിരെ സുപ്രീം കോടതിയെ സമീപിക്കാന്‍ യൂത്ത് ലീഗ്
കര്‍ണാടക ഹൈക്കോടതിയുടെ വിശാല ബഞ്ചിന്റെ ഹിജാബ് വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുവാന്‍ മുസ്ലിം യൂത്ത് ലീഗ് ദേശിയ കമ്മിറ്റിയുടെ തീരുമാനം. ഇന്ത്യയിലെ പ്രമുഖ നിയമവിദഗ്ധരുമായി ഇതിനകം കൂടിയാലോചന നടത്തിയിട്ടുണ്ടെന്ന് യൂത്ത് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി ഫൈസല്‍ ബാബു പറഞ്ഞു. വസ്ത്രസ്വാതന്ത്ര്യം പൗരന്റെ മൗലികാവകാശമാണ്. ഈ വിവാദം സംഘ് പരിവാര്‍ സൃഷ്ടിക്കുന്ന നാടകമാണ്. മുസ്ലിംകളുടെ പൗരാവകാശങ്ങള്‍ നിഷേധിച്ച് അവരെ അപരവല്‍ക്കരിക്കുക, മുസ്ലിം പെണ്‍കുട്ടികള്‍ നേടിയ വിദ്യാഭ്യാസ പുരോഗതി പുറകോട്ട് വലിക്കുക, വര്‍ഗീയ ധ്രുവീകരണം ശക്തമാക്കുക തുടങ്ങിയ ബഹുമുഖ ലക്ഷ്യങ്ങള്‍ ഇതിനുണ്ട്.
നീതി തേടി കോടതിയെ സമീപിച്ച പെണ്‍കുട്ടികളോടൊപ്പം നില്‍ക്കേണ്ട ബാധ്യത കോടതിക്കുണ്ടെന്നും ഫൈസല്‍ ബാബു പറഞ്ഞു. ഹിജാബ് ഇസ്ലാമിക വിശ്വാസത്തിന്റെ അവിഭാജ്യ ഘടകമല്ല എന്ന് പറയാന്‍ കോടതിക്ക് അധികാരമില്ല. പൗരാവകാശം സംരക്ഷിക്കേണ്ട കോടതി, മതവിധി പുറപ്പെടുവിക്കുന്നത് ഇന്ത്യ പോലൊരിടത്ത് ആശാസ്യമല്ല. നീതിന്യായക്കോടതിയിലുള്ള വിശ്വാസം കൈമോശം വന്നിട്ടില്ലെന്നും മൗലികാവകാശ സംരക്ഷണത്തിനായുള്ള പോരാട്ടത്തില്‍ മുസ്ലിം യൂത്ത് ലീഗ് ദേശീയ കമ്മിറ്റി മുന്‍നിരയില്‍ നില്‍ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നാല് മാസത്തിലേറെ നീണ്ട പ്രതിഷേധങ്ങള്‍ക്കും സംഘര്‍ഷങ്ങള്‍ക്കുമൊടുവിലാണ് ഹിജാബ് കേസില്‍ കര്‍ണാടക ഹൈക്കോടതി ഇന്ന് വിധി പറഞ്ഞത്. ഹിജാബ് മതാചാരങ്ങളില്‍ നിര്‍ബന്ധമായ ഒന്നല്ലെന്നാണ് കര്‍ണാടക ഹൈക്കോടതി ഉത്തരവില്‍ നിരീക്ഷിച്ചത്. ഇസ്ലാം മതത്തില്‍ അവിഭാജ്യഘടകമല്ല ഹിജാബ് എന്നും ഹൈക്കോടതി ഉത്തരവില്‍ പറയുന്നു.
ഹിജാബ് മൗലികാവാകാശങ്ങളുടെ ഭാഗമാണെന്ന് ചൂണ്ടികാട്ടി കര്‍ണാടകയിലെ ഒരു സംഘം വിദ്യാര്‍ത്ഥിനികളാണ് ഹര്‍ജി നല്‍കിയിരുന്നത്. വിവിധ സംഘടനകളും കേസില്‍ കക്ഷി ചേര്‍ന്നിരുന്നു. ഹിജാബ് മതാചാരങ്ങളുടെയും മൗലികാവകാശങ്ങളുടെയും ഭാഗമല്ലെന്നാണ് സര്‍ക്കാര്‍ നിലപാട്. ഹിജാബ് മതാചാരത്തിന്റെ ഭാഗമെന്ന് തെളിയിക്കാന്‍ നിലവില്‍ വസ്തുതകളില്ലെന്ന് സര്‍ക്കാര്‍ ചൂണ്ടികാട്ടിയിരുന്നു. ഭരണഘടനയുടെ 25-ാം അനുച്ഛേദം ഹിജാബിന്റെ കാര്യത്തില്‍ ബാധകമല്ലെന്നാണ് സര്‍ക്കാര്‍ വാദം. പതിനൊന്ന് ദിവസം കേസില്‍ വാദം കേട്ടിരുന്നു. അതേസമയം ഹിജാബ് ഉത്തരവ് വരുന്ന പശ്ചാത്തലത്തില്‍ കര്‍ണാടകയില്‍ വിവിധയിടങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ബെംഗ്ലൂരു, കലബുര്‍ഗി, ഹാസ്സന്‍, ദാവന്‍കരെ എന്നിവടങ്ങളിലാണ് നിരോധനാജ്ഞ. ഉഡുപ്പിയും ദക്ഷിണകന്നഡിയിലും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി നല്‍കിയിരിക്കുകയാണ്.
വിധിക്ക് മുമ്പ് കര്‍ണാടക ആഭ്യന്തരമന്ത്രി അരഗ ജ്ഞാനേന്ദ്ര മുഖ്യമന്ത്രി ബസവരാജ ബൊമ്മയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. നാല് മാസത്തിലേറെ നീണ്ട പ്രതിഷേധങ്ങള്‍ക്കും സംഘര്‍ഷങ്ങള്‍ക്കുമൊടുവിലാണ് ഹിജാബ് കേസില്‍ കര്‍ണാടക ഹൈക്കോടതി ഇന്ന് വിധി പറയുന്നത്. ഉഡുപ്പിയിലെ സര്‍ക്കാര്‍ കോളേജില്‍ തുടങ്ങിയ എതിര്‍പ്പാണ് രാജ്യവ്യാപക പ്രതിഷേധങ്ങള്‍ക്ക് വഴിമാറിയത്. ഹിജാബ് അനുവദിക്കാത്തതിന്റെ പേരില്‍ ഇരുന്നൂറ്റിയമ്പതോളം വിദ്യാര്‍ത്ഥിനികളാണ് ഇതുവരെ പരീക്ഷ ബിഹിഷ്‌കരിച്ചത്. ഒരു കാരണവശാലും വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മതാചാര വസ്ത്രങ്ങള്‍ അനുവദിക്കില്ലെന്ന ഉറച്ച നിലപാടിലാണ് സര്‍ക്കാര്‍. കര്‍ണാടക ഹൈക്കോടതി ഉത്തരവ് കൂടി വന്നതോടെ സര്‍ക്കാരിന് ഉറച്ച നിലപാട് തുടരാം.