ബാറില്‍ സ്ത്രീകള്‍ മദ്യം വിളമ്പിയതിനു കേസ് ; എക്‌സൈസ് നടപടി ഹൈ കോടതി വിധിയുടെ ലംഘനം
കൊച്ചിയില്‍ ബാറില്‍ സ്ത്രീകള്‍ മദ്യം വിളമ്പിയതിനു കേസ് എടുത്ത എക്‌സൈസ് നടപടി ഹൈ കോടതി വിധിയുടെ ലംഘനം എന്ന് ആരോപണം. കൊച്ചി തേവരയില്‍ ഷിപ്പ് യാര്‍ഡിനടുത്ത് പ്രവര്‍ത്തിക്കുന്ന ഹാര്‍ബര്‍ വ്യൂ ഹോട്ടല്‍ കഴിഞ്ഞ ദിവസമാണ് നവീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ചത്. കേരളത്തിലെ ആദ്യത്തെ പബ്ബ് എന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ വന്‍ പ്രചാരണം നടന്നിരുന്നു. സമൂഹമാധ്യമങ്ങളിലൂടെയുള്ള പ്രചാരണം ശ്രദ്ധയില്‍പ്പെട്ടതോടെ ഇന്നലെ രാത്രി എക്സൈസ് ഉദ്യോഗസ്ഥര്‍ ബാറില്‍ പരിശോധന നടത്തി. മദ്യ വിതരണത്തിന് യുവതികളെ അടക്കം നിയോഗിക്കുന്നത് നേരില്‍ കണ്ട് ബോധ്യപ്പെട്ടതിനെ തുടര്‍ന്നാണ് ഹോട്ടലിനെതിരെ കേസെടുത്ത് മാനേജരെ അറസ്റ്റ് ചെയ്തതെന്നാണ് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറയുന്നത്. സ്ത്രീകളെ മദ്യം വിളമ്പാന്‍ നിയോഗിക്കുന്നത് അബ്കാരി ചട്ടലംഘനമാണെന്നാണ് എക്‌സൈഡ് ഡെപ്യൂട്ടി കമ്മീഷണര്‍ അറിയിച്ചത്.
എന്നാല്‍ എക്‌സൈസ് നടപടി ഭരണഘടനാ വിരുദ്ധം എന്നാണ് വരുന്ന റിപ്പോര്‍ട്ടുകള്‍. സ്ത്രീകളെ ബാറിലെ ജോലിയില്‍നിന്നു വിലക്കുന്നത് ഭരണഘടനാ വിരുദ്ധമെന്നാണ് 2015ല്‍ ഹൈക്കോടതി വിധിച്ചത്. വിദേശമദ്യ ചട്ടം 27 എ പ്രകാരമാണു കൊച്ചിയിലെ ഹാര്‍ബര്‍വ്യൂ ഹോട്ടലിനെതിരെ എക്‌സൈസ് കേസെടുത്തത്. എന്നാല്‍ സ്ത്രീകള്‍ക്ക് ബാറില്‍ ജോലി ചെയ്യാമെന്നാണ് ഹൈക്കോടതി വിധി. കോടതി വിധിയുടെ ലംഘനമാണ് കൊച്ചിയില്‍ എക്‌സൈസ് എടുത്ത കേസെന്ന് വ്യക്തമാകുകയാണ്. ബിവറേജസ് കോര്‍പറേഷന്റെ മദ്യവില്‍പന ശാലകളില്‍ അന്‍പതോളം സ്ത്രീകള്‍ ജോലി ചെയ്യുന്നുണ്ടെന്നിരിക്കെയാണ് ബാറിനെതിരെ എക്‌സൈസിന്റെ നടപടിയെന്നാണ് ആരോപണം ഉയരുന്നത്. ഹോട്ടലുകള്‍ക്ക് ബാര്‍ ലൈസന്‍സ് (എഫ്എല്‍ 3) നല്‍കുന്നതിനുള്ള വ്യവസ്ഥകളിലാണ് സ്ത്രീകളെ വിലക്കിയിരിക്കുന്നത്.
1953ലെ വിദേശ മദ്യചട്ടത്തില്‍ 2013 ഡിസംബറില്‍ കൊണ്ടുവന്ന ഭേദഗതിയിലാണ് സ്ത്രീകളെ വിലക്കുന്ന വകുപ്പ് കൂട്ടിച്ചേര്‍ത്തത്. ബാറില്‍ ഒരിടത്തും മദ്യം വിളമ്പുന്ന ജോലിക്കു സ്ത്രീകളെ നിയോഗിക്കാന്‍ പാടില്ല. ബാറില്‍ സ്ത്രീകള്‍ ജോലി ചെയ്യുന്നതിനെക്കുറിച്ചു പരാതികള്‍ ലഭിച്ച സാഹചര്യത്തിലാണ് ഭേദഗതിയെന്നായിരുന്നു സര്‍ക്കാരിന്റെ വാദം. പക്ഷെ ഭരണഘടന ഉറപ്പു നല്‍കുന്ന അവസര സമത്വത്തിന് എതിരായാണ് വിദേശമദ്യ ചട്ടത്തില്‍ സര്‍ക്കാര്‍ വരുത്തിയ ഭേദഗതിയെന്നാണ് സി ജെ ധന്യാമോള്‍ vs സംസ്ഥാന സര്‍ക്കാര്‍ കേസില്‍ സിംഗിള്‍ ബെഞ്ച് ഉത്തരവില്‍ പറഞ്ഞത്. തന്നെയുമല്ല, ഈ ചട്ടത്തിന്റെ മൂല നിയമമായ അബ്കാരി നിയമത്തിലോ, 1953ലെ വിദേശമദ്യ ചട്ടത്തിലോ സ്ത്രീകളെ ബാര്‍ ജോലികളില്‍നിന്നു വിലക്കുന്ന വ്യവസ്ഥകളിലെന്നും കോടതി കണ്ടെത്തി. 1953ലെ ചട്ടത്തില്‍ കുഷ്ഠം രോഗം പോലെയുള്ള സാംക്രമിക രോഗമുള്ളവരെ ബാറിലെ ജോലിക്ക് നിയോഗിക്കരുതെന്നാണു പറഞ്ഞിരിക്കുന്നത്. ഇതില്‍ ഭേദഗതി വരുത്തിയാണു സ്ത്രീകള്‍ക്കു വേര്‍തിരിവ് കൊണ്ടുവന്നതെന്ന് കോടതി കണ്ടെത്തി.
ഭരണഘടന ഉറപ്പു നല്‍കുന്ന തുല്യത ചൂണ്ടിക്കാട്ടിയാണു തിരുവനന്തപുരത്തെ ബാര്‍ ഹോട്ടലിലെ വെയിറ്റര്‍ ധന്യാമോളും സഹപ്രവര്‍ത്തക സോണിയാ ദാസും കോടതിയെ സമീപിച്ചത്. ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 14, 15 (1), (3), 16 (1), 19 (1) എന്നിവ ലംഘിക്കപ്പെട്ടതായാണ് ഇവര്‍ പരാതിപ്പെട്ടത്. ചട്ടത്തില്‍ ഭേദഗതി വന്നതോടെ തങ്ങളെ ജോലിയില്‍നിന്നു പിരിച്ചുവിടുകയാണെന്നും കുടുംബത്തിലെ വരുമാനദായകര്‍ തങ്ങള്‍ മാത്രമാണെന്നും റിട്ട് ഹര്‍ജിയില്‍ ഇവര്‍ ചൂണ്ടിക്കാട്ടി. ബാറില്‍ വരാനും മദ്യം കഴിക്കാനും ഭക്ഷണം കഴിക്കാനും സ്ത്രീകള്‍ക്ക് അനുവാദമുള്ളപ്പോള്‍ അവിടെ ജോലി ചെയ്യുന്നതില്‍നിന്നു സ്ത്രീകളെ വിലക്കുന്നതിലെ ഇരട്ടത്താപ്പും ഇവര്‍ ഉന്നയിച്ചു. വിദേശ രാജ്യങ്ങളിലെ കോടതി വിധികള്‍ പോലും ഉദ്ധരിച്ചാണ് ഈ കേസില്‍ ഹൈക്കോടതി തീര്‍പ്പുണ്ടാക്കിയത്.
സംസ്ഥാനത്ത് ബാറുകളില്‍ മുന്നൂറിലേറെ സ്ത്രീ ജീവനക്കാര്‍ ജോലി ചെയ്യുന്നുണ്ട്. ഇവരില്‍ അധികം പേരും വടക്കുകീഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ്. ബെവ്‌കോയില്‍ പി.എസ്.സി വഴി നിയമിക്കപ്പെട്ട അന്‍പതോളം പേര്‍ ഔട്ട്‌ലറ്റുകളില്‍ ജോലി ചെയ്യുന്നുണ്ട്. ബാറുകള്‍ക്കു ബാധകമായ എഫ്എല്‍ 3 ലൈസന്‍സിനു മാത്രമാണു സ്ത്രീകളെ ജോലി ചെയ്യിക്കാന്‍ ചട്ടപ്രകാരം തടസ്സമുള്ളതെന്നും, ബെവ്‌കോയ്ക്ക് ഇതു ബാധകമല്ലെന്നും എക്‌സൈസ് വകുപ്പ് പറയുന്നു. അബ്കാരി ചട്ടം ലംഘിച്ച് സ്ത്രീകള്‍ മദ്യം വിളമ്പിയെന്ന് ചൂണ്ടിക്കാട്ടിയാണ് കൊച്ചി ഹാര്‍ബര്‍ വ്യൂ ഹോട്ടലിനെതിരെ എക്‌സൈസ് കേസെടുത്തിരിക്കുന്നത്. വിദേശത്ത് നിന്നുള്ള വനിതകളെ എത്തിച്ച് മദ്യം വിതരണം നടത്തിയത് ചട്ട ലംഘനമാണെന്നാണ് എക്‌സൈസ് വാദം. ഹോട്ടല്‍ മാനേജരെ അറസ്റ്റ് ചെയ്ത ശേഷം ജാമ്യത്തില്‍ വിട്ടയച്ചു.