മൂന്നു വയസുകാരന്‍ മകന്റെ വെടിയേറ്റ് 22-കാരിയായ മാതാവിന് ദാരുണാന്ത്യം

പി.പി. ചെറിയാന്‍

ഷിക്കാഗോ: ഡോള്‍ട്ടണിലുള്ള സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്നും സാധനങ്ങള്‍ വാങ്ങി തിരിച്ചുവന്ന് ഡ്രൈവര്‍ സീറ്റില്‍ കയറിയിരുന്ന ഇരുപത്തിരണ്ടുകാരി ഡീജാ ബെന്നറ്റ് പിന്‍സീറ്റില്‍ ഇരുന്നിരുന്ന മൂന്നു വയസുകാരന്‍ മകന്റെ വെടിയേറ്റ് മരിച്ചു.

മാര്‍ച്ച് 12-നു ശനിയാഴ്ച വൈകിട്ടായിരുന്നു സംഭവം. മാതാവും പിതാവും മകനും കൂടിയാണ് സൂപ്പര്‍ മാര്‍ക്കറ്റില്‍ എത്തിയത്. കാറില്‍ പുറകിലിരുന്ന തോക്കെടുത്ത് കളിക്കുന്നതിനിടയിലാണ് വെടിപൊട്ടിയത്. വെടിയേറ്റ മാതാവിനെ ഉടന്‍ ഷിക്കാഗോ യൂണിവേഴ്സിറ്റി മെഡിക്കല്‍ സെന്ററില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

അലക്ഷ്യമായി കാറില്‍ ഇട്ടിരുന്ന പിതാവിന്റെ തോക്കാണ് കുട്ടി എടുത്ത് കളിച്ചത്. ഇയാളുടെ പേരില്‍ കേസെടുക്കുമെന്ന് ഡോള്‍ട്ടണ്‍ പോലീസ് അറിയിച്ചു. തോക്കിന് ലൈസന്‍സ് ഉണ്ടായിരുന്നുവെന്നും എന്നാല്‍ കാറില്‍ സൂക്ഷിക്കുന്നതിനാവശ്യമായ കണ്‍സീല്‍ഡ് ക്യാരി പെര്‍മിറ്റ് ഇല്ലായിരുന്നുവെന്നും പോലീസ് പറഞ്ഞു.

2020-ല്‍ പതിനെട്ട് വയസിനു താഴെയുള്ള കുട്ടികള്‍ മനപൂര്‍വമല്ലാതെ വെടിയുതിര്‍ത്തതിനെ തുടര്‍ന്നു 142 മരണവും, 242 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. 2021-ല്‍ കൊല്ലപ്പെട്ടത് 154 പേരും, പരിക്കേറ്റത് 244 പേരുമാണ്.