പരാതിയില്‍ പിഴവുകള്‍ ; അതിജീവതയുടെ പരാതി പരിഗണിക്കില്ലെന്ന് ബാര്‍ കൗണ്‍സില്‍
നടന്‍ ദിലീപിന്റെ അഭിഭാഷകര്‍ക്കെതിരെ അതിജീവിത നല്‍കിയ പരാതി ബാര്‍ കൗണ്‍സില്‍ സ്വീകരിച്ചില്ല. ഇ മെയില്‍ വഴി പരാതി അംഗീകരിക്കാനാവില്ലെന്നാണ് ബാര്‍ കൗണ്‍സില്‍ വ്യക്തമാക്കിയത്. ബാര്‍ കൗണ്‍സിലിന്റെ ഓഫീസില്‍ പരാതി എഴുതി നല്‍കണം. മുപ്പത് കോപ്പികളും ഉണ്ടാവണം. ഫീസ് അടക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ബാര്‍ കൗണ്‍സില്‍ നിര്‍ദ്ദേശിക്കുന്ന രീതിയില്‍ പരാതി നല്‍കിയാല്‍ അന്വേഷണം നടത്താമെന്ന് അതിജീവിതയെ അറിയിച്ചതായി ബാര്‍ കൗണ്‍സില്‍ ഓണററി സെക്രട്ടറി അഡ്വക്കറ്റ് ജോസഫ് ജോണ്‍ പറഞ്ഞു.അഭിഭാഷക വൃത്തിയുടെ പവിത്രത കളങ്കപ്പെടുത്തുന്ന നടപടികളാണ് രാമന്‍പിള്ളയുടെ ഭാഗത്തുനിന്നും ഉണ്ടാവുന്നതെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. 20 സാക്ഷികള്‍ കൂറുമാറിയതിലും ഫോണ്‍ രേഖകള്‍ നശിപ്പിച്ചതിലും രാമന്‍പിള്ളയുടെ കരങ്ങളുണ്ടെന്ന് അതിജീവിത ആരോപിക്കുന്നു. നേരത്തെ തെളിവു നശിപ്പിക്കലുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് രാമന്‍പിള്ളയ്ക്ക് നോട്ടീസ് നല്‍കിയത് വിവാദമായിരുന്നു.
കോഴിക്കോട്ടെ സൈബര്‍ വിദഗ്ധന്‍ സായി ശങ്കറിനെ ഉപയോഗിച്ചും മുംബൈയിലെ ലാബിലെത്തിച്ചും ദിലീപ് അടക്കമുള്ള പ്രതികളുടെ മൊബൈല്‍ ഫോണ്‍ രേഖകള്‍ നശിപ്പിച്ചതായി അന്വേഷണസംഘം കണ്ടെത്തിയിരുന്നു. ഐ.ടി വിദഗ്ധനായ സായിശങ്കര്‍, അഡ്വ.ബി. രാമന്‍പിള്ളയുടെ കൊച്ചിയിലെ ഓഫീസിലെ വൈഫൈ ഉപയോഗിച്ചാണ് ഫയലുകള്‍ ഡിലീറ്റ് ചെയ്തതെന്ന് ഫോറന്‍സിക് പരിശോധനയില്‍ വ്യക്തമായി. ബി. രാമന്‍പിള്ളയോടൊപ്പമുള്ള അഭിഭാഷകര്‍ മുബൈയിലെ ലാബിലെത്തിയതായും ലാബുടമ ക്രൈംബ്രാഞ്ചിനോട് വ്യക്തമാക്കിയിരുന്നു. ഈ വിവരങ്ങള്‍ പുറത്തുവന്ന സാഹചര്യത്തിലാണ് ആക്രമിക്കപ്പെട്ട നടി, രാമന്‍പിള്ളയ്ക്കും ഒപ്പമുള്ള അഭിഭാഷകര്‍ക്കും എതിരെ നടപടി ആവശ്യപ്പെട്ട് കേരള ബാര്‍ കൗണ്‍സിലിനെ സമീപിച്ചത്.
അതേസമയം മൊബൈല്‍ ഫോണുകളിലെ തെളിവുകള്‍ നശിപ്പിച്ചില്ലെന്ന് ദിലീപ് ഹൈക്കോടതിയെ അറിയിച്ചു.കേസുമായി ബന്ധമില്ലാത്ത സ്വകാര്യ സന്ദേശങ്ങളാണ് ഫോണില്‍ നിന്ന് നീക്കം ചെയ്തത്. ഫോറന്‍സിക് റിപ്പോര്‍ട്ടും അന്വേഷണ ഉദ്യോഗസ്ഥരുടെ വിശദീകരണവും തമ്മില്‍ വൈരുദ്ധ്യമുണ്ടെന്നും ദിലീപ് നല്‍കിയ സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടുന്നു. തന്റെ വീട്ടില്‍ മുമ്പ് ജോലി ചെയ്തിരുന്ന ദാസന്റെ മൊഴി വാസ്തവവിരുദ്ധമാണ്. മൊഴി മാറ്റുന്നതിനായി പ്രേരണ ചൊലുത്തിയതായി ആരോപിക്കുന്ന ദിവസം അഭിഭാഷകന്‍ ഓഫീസിലുണ്ടായിരുന്നില്ല. ഈ ദിവസം അഭിഭാഷകന് കോവിഡ് ആയിരുന്നുവെന്ന് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റും ദിലീപ് കോടതിയില്‍ ഹാജരാക്കി.