മുല്ലപ്പെരിയാര്‍ ഡാമില്‍ ഗുരുതര സുരക്ഷാ വീഴ്ച
മുല്ലപ്പെരിയാര്‍ ഡാമില്‍ ഗുരുതര സുരക്ഷാവീഴ്ച. തമിഴ്‌നാട് ജലവിഭവ വകുപ്പ് ഉദ്യോഗസ്ഥനൊപ്പം നാലുപേര്‍ അനധികൃതമായി ഡാമില്‍ എത്തി. ഇവരെ പരിശോധിക്കാതെ കേരള പൊലീസ് കടത്തിവിട്ടു. ഇക്കഴിഞ്ഞ ഞായറാഴ്ച്ചയാണ് സംഭവം. തമിഴ്‌നാട് ജലവിഭവ വകുപ്പ് ഉദ്യോഗസ്ഥനൊപ്പമാണ് കുമളി സ്വദേശികളായ നാലുപേര്‍ ഡാമിലെത്തിയത്. കേരള പൊലീസിലുണ്ടായിരുന്ന രണ്ട് പേരും ഡല്‍ഹി പൊലീസിലെ രണ്ട് പേരുമാണ് സംഘത്തിലുണ്ടായിരുന്നത്. തമിഴ്‌നാടിന്റെ ബോട്ടിലായിരുന്നു യാത്ര. കേരള പൊലീസിലെ റിട്ട. എസ്‌ഐമാരായ റഹീം, അബ്ദുള്‍ സലാം, ദില്ലി പൊലീസില്‍ ഉദ്യോഗസ്ഥനായ ജോണ്‍ വര്‍ഗീസ്, മകന്‍ വര്‍ഗീസ് ജോണ്‍ എന്നിവരാണ് അനധികൃതമായി ഡാമിലെത്തിയത്.
ഡാമിലേക്ക് പൊതുജനങ്ങള്‍ക്ക് പ്രവേശനമില്ല. ഉദ്യോഗസ്ഥര്‍ തന്നെ പോകുമ്പോള്‍ മുല്ലപ്പെരിയാര്‍ സ്റ്റേഷനില്‍ വിവരമറിയിക്കണമെന്നാണ് നിയമം. ഒരു പരിശോധനയും കൂടാതെ ഇവരെ കടത്തി വിട്ടു എന്നതാണ് മുല്ലപ്പെരിയാര്‍ പൊലീസിന്റെ ഗുരുതര വീഴ്ച്ച. തമിഴ്‌നാട് സംഘമെന്ന് തെറ്റിധരിച്ചാണെന്ന വാദം ഉയര്‍ത്തിയാലും എന്തുകൊണ്ട് ജിഡി രജിസ്റ്ററില്‍ പേര് രേഖപ്പെടുത്തിയില്ല എന്ന ചോദ്യമുണ്ട്. സംഭവം വിവാദമായതോടെ ഈ നാല് പേര്‍ക്കെതിരെ മുല്ലപ്പെരിയാര്‍ പൊലീസ് കേസെടുത്തു. വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടി ഉണ്ടാകും.