പ്രഭാതസവാരിക്ക് ഇറങ്ങിയവരെ ലോറി ഇടിച്ച സംഭവം ; നാലാമത്തെയാളും മരണത്തിന് കീഴടങ്ങി
പ്രഭാത സവാരിക്കിറങ്ങിയവര്‍ ലോറിയിടിച്ചു അപകടത്തില്‍പ്പെട്ട സംഭവത്തില്‍ നാലാമത്തെയാളും മരിച്ചു. ആലപ്പുഴ നൂറനാട് എരുമക്കുഴി സ്വദേശി രാജശേഖരന്‍ നായരാണ് ഒടുവില്‍ മരിച്ചത്. പരിക്കേറ്റു ചികിത്സയിലിരിക്കെയാണ് രാജശേഖരന്‍ നായര്‍ മരിച്ചത്. അപകടത്തില്‍ രാമചന്ദ്രന്‍ നായര്‍ (72), രാജു മാത്യൂ(66), വിക്രമന്‍ നായര്‍(65) എന്നിവര്‍ നേരത്തെ മരിച്ചിരുന്നു. കായംകുളം-പുനലൂര്‍ പാതയില്‍ നൂറനാട്ട് നിന്ന് ഭരണക്കാവിലേക്ക് പോകുന്ന റോഡില്‍ ഇന്ന് രാവിലെ ആറേകാലോടെയാണ് അപകടം ഉണ്ടായത്. ഇടിച്ച വാഹനം നിര്‍ത്താതെ പോയി. പിന്നില്‍നിന്ന് അമിത വേഗത്തില്‍ എത്തിയ ലോറി ഇവരെ ഇടിച്ചിടുകയായിരുന്നു. താരതമ്യേന വീതി കുറഞ്ഞ റോഡിലാണ് അപകടം ഉണ്ടായത്.
വളവും ഇറക്കവുമുള്ള സ്ഥലത്താണ് അമിതവേഗത്തിലെത്തിയ ലോറി പ്രഭാത സവാരിക്ക് ഇറങ്ങിയ നാലുപേരെയും ഇടിച്ചുതെറിപ്പിച്ചത്. അപകടത്തിന് ശേഷം ലോറി നിര്‍ത്താതെ പോയെങ്കിലും പിന്നീട് ഡ്രൈവര്‍ പൊലീസില്‍ കീഴടങ്ങി. ലോറി ഡ്രൈവര്‍ പള്ളിക്കല്‍ സ്വദേശി അനീഷാണ് കീഴടങ്ങിയത്. പൊലീസ് അന്വേഷണം നടക്കുന്നതിനിടെയാണ് ഇയാള്‍ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്. സ്ഥിരം അപകടമേഖലയായ ഇവിടെ കഴിഞ്ഞ ദിവസങ്ങളില്‍ നാലുപേര്‍ അപകടത്തില്‍ മരണപ്പെട്ടിരുന്നതായി നാട്ടുകാര്‍ പറയുന്നു. കോന്നിയില്‍ ലോഡെടുക്കുന്നതിനായി പോകുകയായിരുന്നുവെന്നാണ് അനീഷ് കുമാര്‍ പൊലീസിന് നല്‍കിയ മൊഴി.