ഫോണിലെ തെളിവുകള്‍ നശിപ്പിച്ചിട്ടില്ല ; കള്ളകേസില്‍ പ്രതിയാക്കാന്‍ ശ്രമമെന്ന് സൈബര്‍ വിദഗ്ധന്‍
ദിലീപിന്റെ ഫോണിലെ തെളിവുകള്‍ നശിപ്പിച്ചിട്ടില്ലെന്ന് സൈബര്‍ വിദഗ്ധന്‍ സായ് ശങ്കര്‍. ദിലീപിന്റെ രണ്ട് ഫോണിലെ വിവരങ്ങള്‍ കോപ്പി ചെയ്തിട്ടുണ്ട്. സ്വകാര്യ വിവരങ്ങളാണ് കോപ്പി ചെയ്ത്. ഫോണിലെ ഒരു വിവരവും മായ്ച്ച് കളഞ്ഞിട്ടില്ല. മറ്റാരെങ്കിലും തെളിവ് നശിപ്പിച്ചിട്ടുണ്ടോ എന്ന് തനിക്ക് അറിയില്ല. അന്വേഷണ ഉദ്യോഗസ്ഥന്‍ ബൈജു പൗലോസിന് തന്നോട് വ്യക്തിവിരോധമുണ്ട്. അതിനാല്‍ കള്ളകേസില്‍ പ്രതിയാക്കാന്‍ ശ്രമിക്കുകയാണെന്നും സായ് ശങ്കര്‍ ആരോപിച്ചു. അഭിഭാഷകര്‍ക്കെതിരെ മൊഴി നല്‍കാന്‍ ഉദ്യോഗസ്ഥന്‍ നിര്‍ബന്ധിച്ചു. സത്യം തെളിയാന്‍ നുണ പരിശോധനയ്ക്ക് തയ്യാറാണെന്നും സായ് ശങ്കര്‍ കൂട്ടിച്ചേര്‍ത്തു.
അതിനിടെ, സായ് ശങ്കറിന്റെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ മൊബൈല്‍ ഫോണുകളും ഐപാഡും ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തു. സായ് ശങ്കറിന്റെ കോഴിക്കോട്ടെ വീട്ടിലാണ് ക്രൈംബ്രാഞ്ച് ഇന്ന് പരിശോധന നടത്തിയത്. രാവിലെ തുടങ്ങിയ പരിശോധന ഉച്ചവരെ നീണ്ടുനിന്നു. രണ്ട് മൗബൈല്‍ ഫോണ്‍, ഒരു ഐപാഡ് അടക്കം കസ്റ്റഡിയിലെടുത്തു. കേസില്‍ ചോദ്യം ചെയ്യലിനായി നാളെ ഹാജരാകണമെന്നാവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് എസ് പി സായ് ശങ്കറിന് നോട്ടീസ് നല്‍കിയിട്ടുണ്ട്. അതേസമയം ദിലീപിനെ വിളിച്ചവരില്‍ ഡിഐജിക്കും പങ്കെന്ന് വിവരം. ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. ഡിഐജി സഞ്ജയ് കുമാര്‍ ഗുരുദിന്‍ ദിലീപുമായി സംസാരിച്ചതിന്റെ രേഖകള്‍ ലഭിച്ചു.
ഡിഐജി സഞ്ജയ് കുമാര്‍ ഗുരുദിന്‍ ദിലീപുമായി സംസാരിച്ചത് 4 മിനിറ്റ് 12 സെക്കന്‍ഡ്. ജനുവരി 8 ന് വാട്‌സ് ആപ് കാള്‍ വഴിയാണ് സംസാരിച്ചത്. ഡിഐജി സഞ്ജയ് കുമാര്‍ ഗുരുദിന്‍ വിളിച്ചതിന് ശേഷമാണ് ദിലീപ് ഫോണ്‍ കൈമാറിയത്. അഭിഭാഷകനുമായി ഫോണില്‍ ബന്ധപ്പെട്ടതിന് പിന്നാലെയായിരുന്നു ഡിഐജി സഞ്ജയ് കുമാര്‍ ഗുരുദിനുമായി ദിലീപ് സംസാരിച്ചത്. സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ പരാതിക്ക് പിന്നാലെയാണ് ഫോണ്‍ വിളിച്ചത്. കൂടുതല്‍ വിവരങ്ങള്‍ ഡിഐജി സഞ്ജയ് കുമാര്‍ ഗുരുദിന്‍ ദിലീപിന് ചോര്‍ത്തി നല്‍കിയിരുന്നോ എന്നതുള്‍പ്പെടെയുള്ള വിവരങ്ങള്‍ ക്രൈംബ്രാഞ്ച് ശേഖരിച്ചു.
കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണം സ്റ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി തള്ളി. ക്രൈംബ്രാഞ്ചിന് അന്വേഷണം തുടരാം എന്ന് വിധിച്ച കോടതി, കേസില്‍ വിശദമായ വാദം കേള്‍ക്കാമെന്നും അറിയിച്ചു. അതേസമയം, ഗൂഢാലോചന നടത്തിയെന്ന കേസ് റദ്ദാക്കണമെന്ന ദിലീപിന്റെ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് ജഡ്ജി പിന്മാറി. ജസ്റ്റിസ് കെ ഹരിപാലാണ് കേസ് പരിഗണിക്കുന്നതില്‍ നിന്ന് പിന്മാറിയത്. കേസ് അടുത്ത ആഴ്ചത്തേക്ക് മാറ്റി. മറ്റൊരു ബെഞ്ച് കേസ് പരിഗണിക്കും.
നടിയെ ആക്രമിച്ച കേസില്‍ ഉദ്യോഗസ്ഥരെ കൊലപ്പെടുത്താന്‍ ഗൂഡാലോചന നടത്തിയെന്നത് കെട്ടിച്ചമച്ച ആരോപണമാണെന്നും എഫ്‌ഐആര്‍ റദ്ദാക്കണമെന്നുമായിരുന്നു ദിലീപിന്റെ ആവശ്യം. തന്റെ വീട്ടിലെ സഹായി ആയിരുന്ന ദാസനെ അന്വേഷണ ഉദ്യോഗസ്ഥര്‍ ഭീഷണിപ്പെടുത്തിയാണ് തനിക്കെതിരായ മൊഴി നല്‍കിപ്പിച്ചത്. കേസില്‍ വിശശദമായ വാദം കേള്‍ക്കുന്നത് വെരെ അന്വേഷണം സ്റ്റേ ചെയ്യണമെന്നും ദിലീപ് അഭിഭാഷകന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ക്രൈംബ്രാഞ്ച് അന്വേഷഷണം തടയാനാകില്ലെന്ന് വ്യക്തമാക്കിയ കോടതി കേസില്‍ ഈമാസം 28 ന് വിശദമായ വാദം കേള്‍ക്കാമെന്ന് അറിയിച്ചു.