അധികാരത്തിന്റെയും ധാര്‍ഷ്ട്യത്തിന്റെയും അന്ധത ; സമരം മുഖ്യമന്ത്രി കാണാതെ പോകുന്നു എന്ന് വി.ഡി സതീശന്‍

അധികാരത്തിന്റെയും ധാര്‍ഷ്ട്യത്തിന്റെയും അന്ധത ബാധിച്ച മുഖ്യമന്ത്രി സമരങ്ങള്‍ കാണാതെ പോകുന്നു എന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. കല്ലിടാന്‍ പോയ എല്ലാ സ്ഥലങ്ങളിലും ജനങ്ങള്‍ ചെറുത്ത് നില്‍ക്കുകയാണ്. കാസര്‍കോട് മുതല്‍ സില്‍വര്‍ ലൈന്‍ തുടങ്ങുമെന്ന് പറയുന്ന എല്ലാ സ്ഥലങ്ങളിലും സ്ത്രീകളും കുട്ടികളും വൃദ്ധരും ഉള്‍പ്പെടെയുള്ളവര്‍ സമരത്തില്‍ പങ്കെടുത്തു. രാഷ്ട്രീയ അന്ധതകൊണ്ടും അധികാരത്തിന്റെ ധാര്‍ഷ്ട്യം കൊണ്ടും മുഖ്യമന്ത്രി ഈ സമരത്തെ കാണാതെ പോകുകയോ കണ്ടില്ലെന്നു നടിക്കുകയോ ചെയ്യുകയാണെന്ന് അദ്ദേഹം പറഞ്ഞു.

ചങ്ങനാശേരി മാടപ്പള്ളിയില്‍ സില്‍വര്‍ ലൈന്‍ വിരുദ്ധ സമരത്തിനെതിരെ നടന്ന പോലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ച് നിയമസഭ ബഹിഷ്‌ക്കരിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനാധിപത്യപരമായ രീതിയില്‍ പ്രതിഷേധിച്ച ജനങ്ങളോട് ക്രൂരമായ അതിക്രമമാണ് പൊലീസ് നടത്തിയത്. സ്ത്രീകളെയും കുട്ടികളെയും പോലും വെറുതെ വിട്ടില്ല. സില്‍വര്‍ ലൈന്‍ വിരുദ്ധ സമരങ്ങളെ പൊലീസിനെക്കൊണ്ട് അടിച്ചമര്‍ത്താന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നത് കഴിഞ്ഞ ദിവസം പ്രതിപക്ഷം നിയമസഭയില്‍ ഉന്നയിച്ചിരുന്നു. പൊലീസ് അതിക്രമം ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി ഉറപ്പു നല്‍കിയതുമാണ്.

എന്നാല്‍ ഇന്ന് സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവരെ വനിതാ പൊലീസുകാരില്ലാതെ നിലത്തുകൂടി വലിച്ചിഴച്ചും സമര സമിതി നേതാക്കളെ ക്രൂരമായി മര്‍ദ്ദിച്ചും അറസ്റ്റു ചെയ്തിരിക്കുകയാണ്. അറസ്റ്റിലായവരെ റിമാന്‍ഡ് ചെയ്യണമെന്ന വാശിയിലാണ് പൊലീസെന്നും സതീശന്‍ പറഞ്ഞു. ശനിയാഴ്ച നടക്കുന്ന ജനകീയ സദസോടു കൂടി യു.ഡി.എഫും സില്‍വര്‍ ലൈന്‍ വിരുദ്ധ സമരത്തില്‍ ശക്തമായി രംഗത്തിറങ്ങും. സമരം ചെയ്യുന്നവരോടൊപ്പം യു.ഡി.എഫ് ഉണ്ടാകും. അവരെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം ഏറ്റെടുത്തുകൊണ്ടാണ് പ്രതിപക്ഷം നിയമസഭയില്‍ പ്രതിഷേധിച്ചത്.

രാഷ്ട്രീയ പാര്‍ട്ടിയെന്ന നിലയിലും രാഷ്ട്രീയ പ്രസ്ഥാനം എന്ന നിലയിലും യു.ഡി.എഫ് ഈ സമരത്തിന് പൂര്‍ണപിന്തുണ നല്‍കുകയാണ്. ജനങ്ങള്‍ സമരം ചെയ്യുമ്പോള്‍ യു.ഡി.എഫ് ജനങ്ങള്‍ക്കൊപ്പമാണ് നിലകൊള്ളുന്നത്. അത് രാഷ്ട്രീയമാണെന്നാണ് ആക്ഷേപമെങ്കില്‍ അത് സമ്മതിക്കുന്നു. അതില്‍ രാഷ്ട്രീയമുണ്ട്. ഇത് കേരളം മുഴുവന്‍ ഇരകളാകാന്‍ പോകുന്ന ഒരു പദ്ധതിയില്‍ നിന്നും രക്ഷിക്കാനുള്ള ജനകീയ സമരമാണ്. അതിനൊപ്പമാണ് യു.ഡി.എഫെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.