കളമശ്ശേരിയില്‍ മണ്ണിടിഞ്ഞു വീണ് നാല് അഥിതി തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം

കൊച്ചി കളമശ്ശേരിയില്‍ നെസ്റ്റ് ഗ്രൂപ്പിന്റെ ഇലക്ട്രാണിക് സിറ്റി നിര്‍മ്മാണം നടക്കുന്ന സ്ഥലത്ത് മണ്ണിടിഞ്ഞുണ്ടായ അപകടത്തില്‍ നാല് അതിഥി തൊഴിലാളികള്‍ മരിച്ചു. ഫൈജുല്‍ മണ്ഡല്‍, കൂടൂസ് മണ്ഡല്‍, നൗജേഷ് മണ്ഡല്‍, നൂറാമിന്‍ മണ്ഡല്‍ എന്നിവരാണ് മരിച്ചത്. ഇവര്‍ പശ്ചിമ ബംഗാള്‍ സ്വദേശികളാണെന്നാണ് വിവരം. മണ്ണിനുള്ളില്‍ നിന്നും ആദ്യം രക്ഷപ്പെടുത്തിയ രണ്ട് പേരുടെ നില തൃപ്തികരമാണ്. അവര്‍ കളമശ്ശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. 7 തൊഴിലാളികളാണ് ഇടിഞ്ഞുവീണ മണ്ണിനുള്ളില്‍ കുടുങ്ങിയതെന്നാണ് വിവരം. രക്ഷപ്പെടുത്തി ആദ്യം ആശുപത്രിയിലെത്തിച്ച രണ്ട് പേരുടെ ആരോഗ്യ നില തൃപ്തികരമാണെന്നും എന്നാല്‍ അവസാനം എത്തിച്ചവരുടെ പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണെന്നും നേരത്തെ ആശുപത്രി അഥികൃതര്‍ സ്ഥിരീകരിച്ചിരുന്നു. കൂടുതല്‍ സമയം മണ്ണിനുള്ളിലായിപ്പോയതിനാലാണ് ഇവരെ രക്ഷിക്കാന്‍ കഴിയാതെ പോയത്. നെസ്റ്റ് ഗ്രൂപ്പിന്റെ ഇലക്ട്രാണിക് സിറ്റിയില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി കുഴിയെടുക്കുന്നതിനിടെ മണ്ണ് ഇടിഞ്ഞ് കുഴിയിലുണ്ടായിരുന്ന തൊഴിലാളികളുടെ ദേഹത്തേക്ക് വീണാണ് അപകടമുണ്ടായത്.

അതിഥി തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ട എല്ലാവരും. അഞ്ച് പേര്‍ കുഴിക്കുള്ളില്‍ കുടുങ്ങിയെന്നായിരുന്നു പ്രാഥമിക വിവരം. ഫയര്‍ഫോഴ്‌സ് രക്ഷാപ്രവര്‍ത്തനം തുടരുന്നതിനിടെ കൂടുതല്‍ പേര്‍ കുടുങ്ങിയതായി അഭ്യൂഹം ഉയര്‍ന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ 25 തൊഴിലാളികളായിരുന്നു സ്ഥലത്ത് ഇന്നുണ്ടായിരുന്നതെന്നും 7 പേരെ കാണാനില്ലെന്നും സ്ഥിരീകരിച്ചു. വീണ്ടും മണ്ണ് ഇടിയാനുള്ള സാധ്യത കണക്കിലെടുത്ത് വളരെ ശ്രമകരമായാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെയാണോ സ്ഥലത്ത് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടന്നുവന്നതെന്ന് അന്വേഷിക്കുമെന്ന് സ്ഥലത്തെത്തിയ ജില്ലാ കളക്ടര്‍ ജാഫര്‍ മാലിക്ക് അറിയിച്ചു.