ഗോവയില്‍ സീരിയല്‍ നടി ഉള്‍പ്പെടെയുള്ള പെണ്‍വാണിഭ സംഘം പിടിയില്‍
ഗോവയില്‍ സീരിയല്‍ നടി ഉള്‍പ്പെടെയുള്ള പെണ്‍വാണിഭ സംഘം പിടിയിലായി. ഗോവയില്‍ പനജിക്ക് സമീപമുള്ള സങ്കോള്‍ഡ ഗ്രാമത്തില്‍ നിന്നുമാണ് പെണ്‍വാണിഭ സംഘത്തെ പോലീസ് പിടികൂടിയതു. സംഭവത്തില്‍ ഹൈദരാബാദ് സ്വദേശിയായ ഒരാളെ ഗോവ പോലീസിന്റെ ക്രൈംബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്തു. ക്രൈംബ്രാഞ്ച് നടത്തിയ രഹസ്യ നീക്കത്തിനൊടുവിലാണ് ഹാഫിസ് സയിദ് ബിലാല്‍ എന്ന 26-കാരനായ യുവാവ് അറസ്റ്റിലായത്. അന്വേഷണ സംഘം രക്ഷപ്പെടുത്തിയ സീരിയല്‍ നടിയും മറ്റൊരു യുവതിയും മുംബൈക്ക് സമീപമുള്ള വിരാര്‍ സ്വദേശിനികളും മറ്റൊരാള്‍ ഹൈദരാബാദ് സ്വദേശിനിയാണെന്നും ക്രൈംബ്രാഞ്ചിന്റെ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. ഇവര്‍ മൂവരും 30-37 വയസിന് ഇടയില്‍ പ്രായമുള്ളവരാണെന്നും പറയുന്നു. പെണ്‍വാണിഭം സംബന്ധിച്ച് രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണ സംഘം ഒരുക്കിയ കെണിയിലാണ് പ്രതി പിടിയിലായത്. ഇടപാടുകാരനാണെന്ന വ്യാജേന ഫോണിലൂടെ ബന്ധപ്പെട്ട് 50,000 രൂപയ്ക്ക് കരാര്‍ ഉറപ്പിച്ചതിന് പിന്നാലെ മൂന്ന് യുവതികളുമായി എത്തിയപ്പോഴാണ് പ്രതിയെ പിടികൂടിയതെന്നും ക്രൈംബ്രാഞ്ച് അറിയിച്ചു.