ഡ്രൈവര്‍ ഉറങ്ങിപ്പോയി ; കര്‍ണ്ണാടകയില്‍ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു എട്ടു മരണം

കര്‍ണാടകയില്‍ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു എട്ടു പേര്‍ മരിച്ചു. ഇരുപതോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. തുംകൂരു ജില്ലയിലെ പാവഗഡയിലാണ് സംഭവം. ഡ്രൈവര്‍ ഉറങ്ങി പോയതിനെ തുടര്‍ന്നാണ് അപകടം ഉണ്ടായത് എന്നാണ് പ്രാഥമിക വിവരം. ബസില്‍ ആകെ അറുപതോളം യാത്രക്കാര്‍ ഉണ്ടായിരുന്നു. യാത്രക്കാരില്‍ കൂടുതലും വിദ്യാര്‍ഥികളായിരുന്നു. അപകടത്തില്‍ പരിക്കേറ്റവരെ സമീപത്തുള്ള ആശുപത്രയില്‍ പ്രവേശിപ്പിച്ചു. ദൃക്സാക്ഷികള്‍ നല്‍കുന്ന വിവരങ്ങള്‍ അനുസരിച്ച് ബസില്‍ അനുവദനീയമായതില്‍ അധികം യാത്രക്കാര്‍ ഉണ്ടായിരുന്നു. അപകടത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു സംഭവത്തില്‍ ദുഃഖം രേഖപ്പെടുത്തി. ട്വിറ്ററിലൂടെയാണ് അദ്ദേഹം സംഭവത്തില്‍ തനിക്ക് അതിയായ സങ്കടം ഉണ്ടെന്ന് അറിയിച്ചത്. അപകടത്തില്‍ മരണപ്പെട്ടവരുടെ കുടുംബത്തിന് അനുശോചനമറിയിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. പരിക്കേറ്റവര്‍ പെട്ടെന്ന് തന്നെ സുഖം പ്രാപിക്കാന്‍ പ്രാര്‍ഥിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. പരിക്കേറ്റവരില്‍ ചിലരുടെ നില ഗുരുതരമാണ് എന്നാണ് വിവരം.