കേരളത്തിന് അനുഗ്രഹമായി തമിഴ് നാട് ബജറ്റ്

കേരളത്തിന് അനുഗ്രഹമായി തമിഴ് നാട് ബജറ്റ്. കേരളവുമായി അതിര്‍ത്തി പങ്കിടുന്ന കന്യാകുമാരി, തേനി, കോയമ്പത്തൂര്‍ ജില്ലകളില്‍ പൊതു, സ്വകാര്യ പങ്കാളിത്തത്തോടെ പച്ചക്കറി മൊത്തവ്യാപാര കമ്പോള സമുച്ചയങ്ങള്‍ സ്ഥാപിക്കുമെന്ന് തമിഴ്നാട് ബജറ്റില്‍ വന്ന പ്രഖ്യാപനമാണ് നമുക്ക് ഗുണകരമാകുന്നത്. കേരളം ഉള്‍പ്പെടെയുള്ള തമിഴ്‌നാടിന്റെ അതിര്‍ത്തി സംസ്ഥാനങ്ങള്‍ അവിടെ കൃഷി ചെയ്യുന്ന പച്ചക്കറികളും പഴങ്ങളും വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. കേരള സ്റ്റേറ്റ് ഹോര്‍ട്ടികള്‍ച്ചര്‍ കോര്‍പ്പറേഷനും വ്യാപാരികള്‍ക്കും തമിഴ്നാട്ടിലെ കര്‍ഷകരില്‍ നിന്ന് നേരിട്ട് പഴങ്ങളും പച്ചക്കറികളും വാങ്ങുന്നതിന് സൗകര്യമൊരുക്കുന്നതിനായാണ് പൊതു സ്വകാര്യ പങ്കാളിത്തത്തിലൂടെ മൊത്തവ്യാപാര കമ്പോള സമുച്ചയങ്ങള്‍ ആരംഭിക്കുന്നതെന്ന് ബജറ്റില്‍ പ്രത്യേകം പരാമര്‍ശിക്കുന്നുണ്ട്. ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി പളനിവേല്‍ ത്യാഗരാജനാണ് ഇക്കാര്യം വിശദീകരിച്ചത്. കര്‍ഷകര്‍ക്ക് അനുകൂലമായ മികച്ച പദ്ധതികളാണ് തമിഴ്നാട് ബജറ്റില്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

സര്‍ക്കാര്‍ സ്‌കൂളുകളിലെ ആറുമുതല്‍ പ്ലസ്ടുവരെയുള്ള വിദ്യാര്‍ഥിനികള്‍ക്ക് പ്രതിമാസം 1000 രൂപ സഹായം നല്‍കുമെന്ന പ്രധാനപ്രഖ്യാപനവും ബജറ്റില്‍ ഇടംപിടിച്ചിട്ടുണ്ട്. ബിരുദം, ഡിപ്ലോമ, ഐടിഐ എന്നിവയില്‍ പഠനം പൂര്‍ത്തിയാക്കുന്നതുവരെ സഹായം തുടരും. ആറുലക്ഷം വിദ്യാര്‍ഥിനികള്‍ക്ക് പ്രയോജനം ലഭിക്കുന്ന പദ്ധതിക്കായി 698 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. സര്‍ക്കാര്‍ സ്‌കൂളില്‍ പഠിച്ച വിദ്യാര്‍ഥികള്‍ ഐഐടി, ഐഐഎസ്സി, എയിംസ് എന്നീ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രവേശനം നേടിയാല്‍ അവരുടെ ബിരുദ പഠനത്തിനുള്ള മുഴുവന്‍ ചെലവും സര്‍ക്കാര്‍ വഹിക്കും. വ്യാജവാര്‍ത്തകള്‍ തടയുന്നതിനായി സാമൂഹികമാധ്യമങ്ങളെ നിരീക്ഷിക്കുന്നതിനും നടപടിയെടുക്കുന്നതിനുമായി സോഷ്യല്‍ മീഡിയ സെന്റര്‍ ആരംഭിക്കും. പെരമ്പല്ലൂര്‍, തിരുവള്ളൂര്‍, കോയമ്പത്തൂര്‍, മധുര, വെല്ലൂര്‍ ജില്ലകളില്‍ പുതിയ വ്യവസായപാര്‍ക്കുകളും ആരംഭിക്കുമെന്ന സുപ്രധാന പ്രഖ്യാപനവും ബജറ്റിലുണ്ട്.