ലോറി സമരം ; കേരളത്തില്‍ ഇന്ധനം കിട്ടാതായേക്കും

സംസ്ഥാനത്തെ ഇന്ധന വിതരണം തിങ്കളാഴ്ച മുതല്‍ തടസ്സപ്പെടുവാന്‍ സാധ്യത. തിങ്കളാഴ്ച മുതല്‍ എണ്ണക്കമ്പനികളായ ബിപിസിഎല്‍, എച്ച്പിസിഎല്‍ കമ്പനികളിലെ സര്‍വീസ് നിര്‍ത്തിവക്കാന്‍ ലോറി ഉടമകള്‍ തീരുമാനിച്ചു. സര്‍ക്കാര്‍ ഇടപെട്ട് പ്രശ്‌നം പരിഹരിക്കണമെന്നും ലോറി ഉടമകള്‍ ആവശ്യപ്പെട്ടു. അറുനൂറോളം ലോറികളാണ് തിങ്കളാഴ്ച മുതല്‍ സര്‍വീസ് പണിമുടക്കുകയെന്ന് പെട്രോളിയം പ്രൊഡക്ട് വെല്‍ഫെയര്‍ അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു. 13 ശതമാനം സര്‍വീസ് ടാക്‌സ് നല്‍കാന്‍ നിര്‍ബന്ധിതരായതിനാലാണ് നടപടിയെന്നാണ് വിശദീകരണം. നികുതി തുക കെട്ടിവെക്കാന്‍ ലോറി ഉടമകള്‍ പ്രാപ്തരല്ലെന്നും അസോസിയേഷന്‍ പറയുന്നു.

കരാര്‍ പ്രകാരം സര്‍വീസ് ടാക്‌സ് എണ്ണക്കമ്പനികളാണ് നല്‍കേണ്ടതെന്നാണ് സംഘടനയുടെ നിലപാട്. സര്‍ക്കാര്‍ ഉടന്‍ ഇടപെടണമെന്നാണ് ആവശ്യം. കമ്പനി ഉടമകളുമായി നേരത്തെ ചര്‍ച്ച നടത്തിയെങ്കിലും പ്രശ്ന പരിഹാരം ഉണ്ടായിട്ടില്ല. ഇതിന്റെ അടിസ്ഥാനത്തിലാണ് ലോറി ഉടമകള്‍ സമരത്തിലേക്ക് കടക്കുന്നത്. അതേസമയം രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില മാറ്റമില്ലാതെ തുടരുന്നു. ന്യൂഡല്‍ഹി, കൊല്‍ക്കത്ത, മുംബൈ, ചെന്നൈ, ബാംഗ്ലൂര്‍ തുടങ്ങിയ നഗരങ്ങളിലെ പെട്രോള്‍ വില 2022 മാര്‍ച്ച് 19-ന് ഉയര്‍ന്ന നിലയില്‍ തന്നെയാണ്. റഷ്യ-യുക്രെയ്ന്‍ സംഘര്‍ഷത്തിന്റെ ഫലമായി, ക്രൂഡ് ഓയില്‍, ഗ്യാസ് വില ഉയര്‍ന്ന നിലയില്‍ തുടരുമെന്ന് പ്രതീക്ഷിക്കുന്നു, ഇത് പണപ്പെരുപ്പ സമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കും. തല്‍ഫലമായി, എണ്ണ-വിപണി കോര്‍പ്പറേഷനുകള്‍ ഇന്ധനവില ഉയര്‍ത്തുമെന്ന പ്രതീക്ഷയിലാണ് ഈ രംഗത്തെ വിദഗ്ധര്‍.