മനുഷ്യന് എങ്ങനെ ഇത്രയും ക്രൂരനാകാന്‍ കഴിയുന്നു ; ഇടുക്കിയില്‍ പിതാവ് മകനെയും കുടുംബത്തെയും തീ വെച്ച് കൊന്നു
ഇന്നലെ അര്‍ദ്ധരാത്രിയോടെ ഇടുക്കി തൊടുപുഴ ചീനിക്കുഴിയിലാണ് മനുഷ്യ മനസാക്ഷിയെ നടുക്കിയ സംഭവം ഉണ്ടായത്. ചീനിക്കുഴി ആലിയേക്കുന്നേല്‍ മുഹമ്മദ് ഫൈസല്‍, ഭാര്യ ഷീബ, മക്കളായ മെഹ്‌റ, അസ്‌ന എന്നിവരാണ് കൊല്ലപ്പെട്ടത്. മുഹമ്മദ് ഫൈസലിന്റെ പിതാവ് ഹമീദാണ് (79) നാലംഗ കുടുംബത്തെ തീവെച്ച് കൊലപ്പെടുത്തിയത്. മകനെയും കുടുംബത്തെയും പെട്രോളൊഴിച്ച് തീകൊളുത്തുകയായിരുന്നുവെന്ന് ഹമീദ് പൊലീസിനോട് സമ്മതിച്ചു. ആസൂത്രിതമായ കൊലപാതകമായിരുന്നു എന്നാണ് പോലീസ് പറയുന്നത്. മകനെയും കുടുംബത്തെയും വകവരുത്താന്‍ ഇയാള്‍ ഏറെ നാളായി പ്ലാന്‍ ചെയ്തു വരികയായിരുന്നു എന്നും പോലീസ് പറയുന്നു. ഏറെക്കാലമായി സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് ഹമീദും മുഹമ്മദ് ഫൈസലും തമ്മില്‍ തര്‍ക്കത്തിലായിരുന്നു. ഇതേച്ചൊല്ലി ഇരുവരും ഇടയ്ക്കിടെ വഴക്കുണ്ടാകാറുണ്ടായിരുന്നു. കൊലപാതകത്തിന് കാരണം കുടുംബവഴക്കാണെന്ന് പൊലീസും സൂചിപ്പിച്ചു. മരിച്ച നാലുപേരുടെയും മൃതദേഹം ഇന്‍ക്വസ്റ്റ് തയ്യാറാക്കിയശേഷം പോസ്റ്റുമോര്‍ട്ടം നടത്തും.
അവസരം വരുമ്പോള്‍ കത്തിക്കാനായി ഇയാള്‍ രഹസ്യമായി വീട്ടില്‍ പെട്രോള്‍ കരുതിയിരുന്നു. കഴിഞ്ഞ ദിവസം എല്ലാവരും ഉറങ്ങിക്കിടക്കുമ്പോള്‍, വാതില്‍ പുറത്തുനിന്ന് പൂട്ടുകയും ജനലിലൂടെ പെട്രോള്‍ കിടപ്പുമുറിയിലേക്ക് ഒഴിച്ച് തീകൊളുത്തുകയുമായിരുന്നു. തീ ആളികത്തുന്നത് കണ്ട് സമീപവാസികള്‍ തൊടുപുഴ ഫയര്‍ഫോഴ്‌സിലും പൊലീസിലും വിവരം അറിയിച്ചു. ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തിയാണ് തീയണച്ചത്. മകനും കുടുംബവും മരിക്കണമെന്ന് ഉറപ്പിച്ച് രക്ഷാപ്പെടാനുള്ള എല്ലാ മാര്‍ഗങ്ങളും അടച്ചാണ് ഹമീദ് ഈ കൂട്ടക്കൊല നടത്തിയത്. ഉറങ്ങുകയായിരുന്ന മുഹമ്മദ് ഫൈസലും കുടുംബവും മുറിക്കുള്ളില്‍ തീ പടരുന്നത് കണ്ടാണ് ഞെട്ടിയുണര്‍ന്നത്. വാതില്‍ പുറത്തുനിന്ന് പൂട്ടിയിരുന്നതിനാല്‍ രക്ഷപ്പെടാനായില്ല. കുട്ടികളില്‍ ഒരാള്‍ അയല്‍വാസിയായ രാഹുലിനെ ഫോണില്‍ വിളിച്ച് രക്ഷിക്കണമെന്ന് അപേക്ഷിച്ചു. രക്ഷ തേടി കുടുംബം ശുചിമുറിക്കുള്ളില്‍ കയറി കതകടച്ചു. അപ്പോഴും മുറിക്കുള്ളില്‍ പെട്രാള്‍ ഒഴിച്ച് തീ കത്തിച്ച ഹമീദ് പെട്രോള്‍ നിറച്ച കുപ്പികള്‍ മുറിക്കുള്ളിലേക്ക് എറിയുന്നുണ്ടായിരുന്നു.
ഓടിയെത്തിയ രാഹുല്‍ പുറത്തുനിന്ന് പൂട്ടിയ മുന്‍വാതില്‍ ചവിട്ടിത്തുറന്ന് അകത്തുകയറി. കിടപ്പുമുറിയുടെ വാതിലും ചവിട്ടിത്തുറന്നു. ശുചിമുറിക്കുള്ളിലായ കുടുംബം രാഹുലെത്തിയിട്ടും പേടിച്ച് പുറത്തേക്ക് വന്നില്ല. അവിടെതന്നെ കത്തിയമര്‍ന്നു. കൊലപാതകശേഷം ബന്ധു വീട്ടിലേക്ക് പോയ ഹമീദിനെ പൊലീസ് പിടികൂടി. കൂട്ടക്കൊല ആസൂത്രിതമാണെന്ന് പൊലീസും സ്ഥിരീകരിച്ചു. വീട്ടില്‍ പെട്രോള്‍ കരുതിയിരുന്ന ഹമീദ് തീ കെടുത്താതിരിക്കാന്‍ വീട്ടിലെയും അലയല്‍വീട്ടിലെയും ടാങ്കുകളിലെ വെള്ളം തുറന്നുവിട്ടിരുന്നു. അതിനാലാണ് ശുചിമുറിയില്‍ കയറിയ കുടുംബത്തിന് വെള്ളം ഒഴിച്ച് തീ അണയ്ക്കാന്‍ സാധിക്കാത്തത്. ഭാര്യ മരിച്ച ശേഷം കടുംബത്തെ ഉപേക്ഷിച്ചുപോയ ഹമീദ് കുറച്ചുനാള്‍ മുന്‍പാണ് തിരിച്ചെത്തിയത്. അന്നുമുതല്‍ വസ്തുവിനെചൊല്ലി വീട്ടില്‍ എന്നും വഴക്കായിരുന്നു. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ മൃതദേഹങ്ങള്‍ പോസ്റ്റ് മോര്‍ട്ടത്തിനായി കോട്ടയം മെഡിക്കല്‍ കോളേജിലേയ്ക്ക് കൊണ്ട് പോയി.