ഹിന്ദു യുവതിയുടെ വിവാഹത്തിന് സദ്യയൊരുക്കിയത് മഹല്ല് കമ്മിറ്റി ; അധികാര വര്‍ഗ്ഗങ്ങള്‍ എത്ര വിഷം കുത്തി വെച്ചിട്ടും മായാത്ത മലയാള മതേത്വരം
വര്‍ഗ്ഗീയമായി പിരിച്ചു വോട്ടു നേടി അധികാരം നിലനിര്‍ത്തുക എന്നതാണ് ഇപ്പോള്‍ രാജ്യത്തിന്റെ പല ഭാഗങ്ങളിലും കണ്ടു വരുന്നത്. ജാതിക്കാര്‍ഡ് ഇറക്കി കളിച്ചു ജനങ്ങളെ ഭിന്നിപ്പിച്ചു ഭരണം തുടരുന്ന സര്‍ക്കാരുകളാണ് ഇപ്പോള്‍ എല്ലായിടത്തും. എന്നാല്‍ എത്രയൊക്കെ വിഷം കുത്തി വെച്ചാലും ഇപ്പോഴും നന്മ നമ്മളില്‍ നിലനില്‍ക്കുന്നു എന്നതിന്റെ തെളിവാണ് ഇങ്ങനെയുള്ള വാര്‍ത്തകള്‍. കോഴിക്കോട് ചെരണ്ടത്തൂരിലെ ഒറ്റപ്പിലാക്കുല്‍ ഗോപാലന്റെ മകളുടെ വിവാഹത്തിന് സദ്യയൊരുക്കിയത് പ്രദേശത്തെ മഹല്ല് കമ്മിറ്റി . പള്ളിയുടെ സമീപത്ത് താമസിക്കുന്ന ഗോപാലനും മഹല്ല് കമ്മിറ്റിയുമായുള്ള ബന്ധം അത്രയ്ക്ക് സുദൃഡമാണ്. ഏറ്റവും ഉചിതമായ സമയത്തെ സഹായം കൂലിപ്പണിക്കാരനായ ഗോപാലന്‍ നെഞ്ചോട് ചേര്‍ക്കുകയാണ്.
പള്ളിയുടെ സമീപത്ത് തന്നെയാണ് ഗോപാലന്റെ വീട്. ജുമാ നമസ്‌ക്കാരത്തിന് ശേഷം മഹല്ല് കമ്മറ്റി പ്രതിനിധികള്‍ വീട്ടിലേക്ക് സദ്യവട്ടത്തിനുള്ള തിരക്കില്‍ പങ്കു ചേര്‍ന്നു. പന്തലില്‍ ഭക്ഷണം കഴിച്ചിറങ്ങുമ്പോള്‍ സ്‌നേഹം തുളുമ്പുന്ന ഭാഷയില്‍ വധൂവരന്മാര്‍ക്ക് ആശംസകള്‍ നേര്‍ന്നു. ഗോപാലേട്ടന്റെ സന്തോഷം അവര്‍ നേരിട്ടറിഞ്ഞു. മഹല്ല് കമ്മറ്റി മാതൃകയായപ്പോള്‍ പ്രദേശത്തെ ചെറുപ്പക്കാരുടെ വാട്‌സ് അപ്പ് കൂട്ടായ്മ വാടക സാധനങ്ങളുടെ ചിലവും ഏറ്റെടുത്തിരുന്നു. ഈ തുകയും മഹല്ല് കമ്മറ്റി മുഖേനയാണ് കുടുംബത്തിന് കൈമാറിയത്.
വാങ്ക് വിളി കേള്‍ക്കുമ്പോള്‍ ഗോപാലേട്ടന്‍ റോഡിയോയുടെ ശബ്ദം കുറച്ച് വെക്കും. മതപ്രഭാഷണത്തിന് ആദ്യത്തെ ചെറിയ തുക അദ്ദേഹത്തിന്റേതാവും. അച്ഛന്റെ കാലം മുതലുള്ളതാണ് ചെരണ്ടത്തൂരിലെ ഒറ്റപ്പിലാക്കൂല്‍ ഗോപാലന്റെ വീടും നുസ്രുത്തുല്‍ ഇസ്ലാം മഹല്ല് കമ്മറ്റിയും തമ്മിലുള്ള ബന്ധം. ഗോപാലന് ഒരാവശ്യം വന്നപ്പോള്‍ തിരിച്ച് ഹൃദയം തുറന്ന് സഹായിക്കുകയാണ് മഹല്ല് കമ്മറ്റി .ഗോപാലന്റെയും ശാന്തയുടെയും മകള്‍ രമ്യയുടെ വിവാഹത്തിന് മഹല്ല് കമ്മറ്റി വകയാണ് സദ്യയൊരുക്കിയത്. മതത്തിനപ്പുറമുള്ള സൗഹൃദത്തിന്റെ വേരുകള്‍ പടര്‍ന്ന ചെരണ്ടത്തൂരിലെ കല്യാണവിശേഷം നാടാകെ പരക്കുകയാണ്. പലവിധ പ്രയാസങ്ങളാല്‍ ഗോപാലനും ശാന്തയ്ക്കും കൃത്യമായി പലപ്പോഴും തൊഴിലിന് പോകാന്‍ കഴിഞ്ഞിരുന്നില്ല. വിവാഹ ചിലവിന്റെ ഒരു പങ്ക് മഹല്ല് കമ്മറ്റിയെടുക്കാമെന്ന് പറഞ്ഞപ്പോള്‍ ഗോപാലന് ആകാശം മുട്ടെ സന്തോഷം.