രാജ്യസഭാ സീറ്റ് ; സിപിഐക്കെതിരെ ശ്രേയാംസ് കുമാര്‍

രാജ്യസഭാ സീറ്റിനെ പേരില്‍ എല്‍ഡിഎഫിലും തമ്മിലടി. സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപ്പെട്ട് സിപിഐക്കെതിരെ ഇന്ന് എല്‍ജെഡി സംസ്ഥാന അധ്യക്ഷന്‍ എംവി ശ്രേയാംസ് കുമാര്‍ രംഗത്ത് വന്നു. രാജ്യസഭാ സീറ്റ് സിപിഐ വിലപേശി വാങ്ങിയതാണെന്നായിരുന്നു അദ്ദേഹത്തിന്റെ ആക്ഷേപം.മന്ത്രി സ്ഥാനവും രാജ്യസഭ സീറ്റും കിട്ടാത്തതില്‍ അതാത് സമയത്ത് മുന്നണിയില്‍ അതൃപ്തി അറിയിച്ചിട്ടുണ്ടെന്ന് ശ്രേയാംസ്‌കുമാര്‍ പറഞ്ഞു. വിലപേശലിന്റെ ഭാഗമായാണ് സിപിഐക്ക് രാജ്യസഭാ സീറ്റ് കിട്ടിയത്. സില്‍വര്‍ ലൈന്‍, ലോകായുക്ത, മദ്യനയം തുടങ്ങിയ വിഷയങ്ങളില്‍ സിപിഐയുടെ നിലപാട് എന്തെന്ന് നിരീക്ഷിക്കും. ഇപ്പോള്‍ മുന്നണിയുടെ ഭാഗമാണ്. മുന്നണിയെ ശക്തിപ്പെടുത്താനും പാര്‍ട്ടിയെ ശക്തിപ്പെടുത്താനും വേണ്ടി പ്രവര്‍ത്തിക്കുമെന്നും കോഴിക്കോട് മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്ന വേളയില്‍ അദ്ദേഹം വ്യക്തമാക്കി.

അതേസമയം രാജ്യസഭയിലേക്ക് സിപിഐ സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിക്കാനുള്ള തീരുമാനം എല്‍ഡിഎഫിന്റേതാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ തിരിച്ചടിച്ചു. എംവി ശ്രേയാംസ് കുമാറിന് മറുപടി നല്‍കാനില്ലെന്ന് പറഞ്ഞ അദ്ദേഹം രാജ്യസഭാ സീറ്റുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ അടഞ്ഞ അധ്യായമാണെന്നും പറഞ്ഞു. ഇനി ഇക്കാര്യത്തില്‍ പ്രതികരിക്കാനില്ല. സില്‍വര്‍ ലൈന്‍ നിയമത്തിന്റെ വഴിക്ക് പോകും. പ്രതിപക്ഷം ബിജെപിയുമായി അടുക്കാന്‍ വേണ്ടി സില്‍വര്‍ ലൈനിനെ ഉപയോഗിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.