സന്തോഷമില്ലാത്തവരുടെ രാജ്യമായി ഇന്ത്യ ; ലോക കണക്കില്‍ ഏറെ പിന്നില്‍

ലോകത്ത് ഏറ്റവും സന്തോഷമുള്ള രാജ്യങ്ങളില്‍ ഇന്ത്യ ഏറെ പിന്നില്‍. വേള്‍ഡ് ഹാപ്പിനസ് റിപ്പോര്‍ട്ട് 2022 അനുസരിച്ച് ലോകത്ത് ഏറ്റവും സന്തോഷമുള്ള രാജ്യം ഫിന്‍ലന്റ് ആണ്. ഉയര്‍ന്ന ജീവിത നിലവാരമാണ് ഫിന്‍ലന്റിനെ പട്ടികയില്‍ ഒന്നാമതെത്തിച്ചത്. ഫിന്‍ലന്‍ഡിന് പിന്നാലെ ഡെന്മാര്‍ക്ക് രണ്ടാം റാങ്കും ഐസ്ലന്‍ഡും സ്വിറ്റ്സര്‍ലന്‍ഡും മൂന്നും നാലും റാങ്കുകളില്‍ എത്തി. നെതര്‍ലന്‍ഡ്സ് പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ്. ലക്‌സംബര്‍ഗ്, നോര്‍വേ, ഇസ്രായേല്‍, ന്യൂസിലാന്‍ഡ് എന്നീ രാജ്യങ്ങളാണ് ആദ്യ പത്തിലുള്ളത്.ലോകമെമ്പാടുമുള്ള 150-ലധികം രാജ്യങ്ങളിലെ ആളുകള്‍ സ്വന്തം ജീവിതത്തെ എങ്ങനെ വിലയിരുത്തുന്നു എന്ന് റിപ്പോര്‍ട്ടുചെയ്യുന്നതിനുള്ള ആഗോള സര്‍വേ ഡാറ്റയാണ് വേള്‍ഡ് ഹാപ്പിനസ് റിപ്പോര്‍ട്ട്.

യുഎന്നിന്റെ നേതൃത്വത്തില്‍ നടത്തുന്ന വാര്‍ഷിക സൂചികയില്‍ സന്തോഷമുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഏറ്റവും അവസാനമുള്ളത് അഫ്ഗാനിസ്ഥാനാണ്. ലെബനന്‍, സെര്‍ബിയ, ബള്‍ഗേറിയ, റൊമാനിയ എന്നീ രാജ്യങ്ങളാണ് അഫ്ഗാനിസ്ഥാന് തൊട്ടുമുകളിലായുള്ളത്. യുക്രെയ്‌നെതിരെ യുദ്ധം തുടരുന്ന റഷ്യയിലും ജനങ്ങള്‍ സന്തോഷവാന്മാരല്ല. പട്ടികയില്‍ എണ്‍പതാം സ്ഥാനത്താണ് റഷ്യയുള്ളത്. യുക്രെയ്ന്‍ 98ാം സ്ഥാനത്തും. യുക്രെയ്‌നെതിരെ റഷ്യന്‍ അധിനിവേശം ആരംഭിക്കുന്നതിനും ഏറെ നാള്‍ മുന്‍പാണ് പഠനം നടന്നത്. പട്ടികയില്‍ ഇന്ത്യയുടെ സ്ഥാനം ഓരോ വര്‍ഷവും പിന്നിലോട്ട് പോകുന്നതായാണ് കാണുന്നത്. ഈ വര്‍ഷം 146 രാജ്യങ്ങള്‍ ഉള്‍പ്പെട്ട പട്ടികയില്‍ ഇന്ത്യയുടെ സ്ഥാനം 136 ാമതാണ്. കഴിഞ്ഞ വര്‍ഷം 149 രാജ്യങ്ങളില്‍ ഇന്ത്യയുടെ റാങ്ക് 139 ാമതും.