ബ്ലാസ്റ്റേഴ്‌സിന് തോല്‍വി ; പെനാല്‍റ്റി ഷൂട്ട് ഔട്ടില്‍ കപ്പെടുത്ത് ഹൈദരാബാദ്

മലയാളികള്‍ക്ക് നിരാശ സമ്മാനിച്ച് ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫൈനല്‍ മത്സരത്തില്‍ കേരളാ ബ്ലാസ്റ്റേഴ്‌സിനെ തോല്‍പ്പിച്ച് ഹൈദരാബാദ് എഫ്‌സി കപ്പുയര്‍ത്തി.എക്‌സ്ട്രാ ടൈമും കടന്ന് പെനാല്‍റ്റി ഷൂട്ട് ഔട്ടിലാണ് ഹൈദരാബാദിന്റെ ജയം.ആദ്യ പകുതിയില്‍ ഗോളുകളൊന്നും പിറക്കാതിരുന്ന മത്സരത്തില്‍ രണ്ടാ പകുതിയില്‍ കെപി രാഹുലാണ് ഹൈദരാബാദിന്റെ വല കുലുക്കിയത്. തുടര്‍ന്ന് ഹൈരദാബാദിന് കിട്ടിയ ഫ്രീ കിക്കിലും കാര്യമുണ്ടായില്ല . പിന്നീട് 88ാം മിനിട്ടില്‍ സഹില്‍ തവോറ ഗോള്‍ മടക്കി നല്‍കിയതോടെ മത്സരം സമ നിലയില്‍ നിന്നും എക്ട്രാ ടൈമിലേക്കും പിന്നീട് പെനാല്‍റ്റി ഷൂട്ട് ഔട്ടിലേക്കും എത്തി. അഞ്ച് പെനാല്‍റ്റി കിക്കുകളില്‍ 3-ഉം ഗോള്‍വല കടത്തിയാണ് ഹൈദരാബാദ് തങ്ങളുടെ വിജയം ആധികാരികമാക്കിയത്.

വന്‍ വിജയ പ്രതീക്ഷയോട മത്സരത്തിന് എത്തിയ ബ്ലാസ്റ്റേഴ്‌സിന്റെ തോല്‍വി ആരാധകര്‍ക്കും നിരാശയാണ് ഉണ്ടാക്കുന്നത്. ആറു വര്‍ഷത്തിന് ശേഷമാണു ബ്ലാസ്റ്റേഴ്സ് ഫൈനല്‍ കളിച്ചത്. 2014-ലും 16ലുമായിരുന്നു ഇതിന് മുന്‍പ് ബ്ലാസ്റ്റേഴ്‌സ് ഫൈനില്‍ എത്തിയത്. 120 മിനുറ്റുകളും വിയര്‍ത്ത് കളിച്ച ശേഷം ഷൂട്ടൗട്ടില്‍ 3-1നാണ് ബ്ലാസ്റ്റേഴ്സ് തോല്‍വി സമ്മതിച്ചത്. വിസ്മയ സീസണിനൊടുവില്‍ കിരീടത്തോളം പോന്ന റണ്ണറപ്പുമായാണ് മഞ്ഞപ്പടയുടെ (KBFC) മടക്കം. ഹൈദരാബാദിന്റെ കന്നി ഐഎസ്എല്‍ കിരീടമാണിത്. ബ്ലാസ്റ്റേഴ്സ് താരം ലെസ്‌കോവിച്ചിന്റെ ആദ്യ കിക്ക് കട്ടിമണി സേവ് ചെയ്തു. എന്നാല്‍ ജാവോ വിക്ടര്‍ ഹൈദരാബാദിനായി ലക്ഷ്യം കണ്ടു. അതേസമയം നിഷുകുമാറിന്റെ ഷോട്ടും കട്ടിമണി തടുത്തിട്ടു. പിന്നാലെ സിവേറിയോയുടെ കിക്ക് ക്രോസ് ബാറിന് മുകളിലൂടെ പറന്നു. ആയുഷ് അധികാരി ലക്ഷ്യം കണ്ടതോടെ മഞ്ഞപ്പട ശ്വാസം വീണ്ടെടുത്തു. ഹൈദരാബാദ് താരം ഖമാറയുടെ കിക്ക് വലയിലെത്തിയപ്പോള്‍ മഞ്ഞപ്പടയുടെ ജീക്സണ്‍ സിംഗ് പാഴാക്കി. നാലാം കിക്ക് ലക്ഷ്യത്തിലെത്തിച്ച് ഹാളി ചരണ്‍ നര്‍സാരി ഹൈദരാബാദിന് കിരീടം സമ്മാനിച്ചു.