ലക്ഷദ്വീപില്‍ ഇന്ന് രാത്രി മുതല്‍ നിരോധനാജ്ഞ

ലക്ഷദ്വീപില്‍ ഇന്ന് രാത്രി 10 മുതല്‍ നിരോധനാജ്ഞ. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെയാണ് നിരോധനാജ്ഞ. ദ്വീപില്‍ നാളെ എന്‍സിപി പ്രതിഷേധം ദിനം പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നടപടി. പ്രതിഷേധങ്ങള്‍ക്ക് തടയിടാനാണ് നടപടിയെന്ന് ലക്ഷദ്വീപ് എംപി പി.പി.മുഹമ്മദ് ഫൈസല്‍ വിമര്‍ശിച്ചു. ലക്ഷദ്വീപില്‍ ജനജീവിതത്തെ ബാധിക്കുന്ന നടപടികള്‍ നേരത്തെയും ഭരണകൂടം കൊണ്ടുവന്നിരുന്നു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 5-10 ശതമാനത്തിനു മുകളില്‍ വരികയും കൂടുതല്‍ കൊവിഡ് രോഗികള്‍ക്ക് ചികിത്സ ഉറപ്പു വരുത്താനുള്ള സൗകര്യം ഇല്ലാതെ വരികയും ചെയ്യാതെ തന്നെ കടുത്ത നിയന്ത്രണങ്ങള്‍ കൊണ്ടു വന്നിരുന്നു.

ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷന്‍ ദ്വീപില്‍ നേരത്തെ നിരോധനാജ്ഞ പ്രഖ്യാപിക്കുകയും ആരാധനാലയങ്ങളില്‍ പോകുന്നതിന് വിലക്കേര്‍പ്പെടുത്തുകയും ചെയ്തിരുന്നു. ജുമുഅ നിസ്‌കാരമടക്കം അനുവദിച്ചിരുന്നില്ല. ടിപിആര്‍ നിരക്ക് പൂജ്യമായിട്ടും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത് ഭരണകൂട നടപടികള്‍ക്കെതിരായ പ്രതിഷേധം തടയാനാണെന്ന് ദ്വീപ് നിവാസികള്‍ കുറ്റപ്പെടുത്തിയിരുന്നു. കൂട്ടപ്പിരിച്ചുവിടല്‍ ഉള്‍പ്പെടെയുള്ള നടപടികളും ദ്വീപ് ഭരണകൂടം നടത്തിയിരുന്നു. വിദ്യാഭ്യാസ വകുപ്പില്‍ കരാറടിസ്ഥാനത്തില്‍ നിയമിച്ചിരുന്ന 21ഓളം ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടിരുന്നു. ഇതടക്കമുള്ള നടപടികള്‍ക്കെതിരെ വന്‍ പ്രതിഷേധ പരിപാടികള്‍ നടന്നിരുന്നു. പ്രതിഷേധം കടുക്കുന്ന സാഹചര്യത്തിലാണ് വീണ്ടും നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നതെന്ന ആക്ഷേപമാണ് ദ്വീപ് നിവാസികള്‍ ഉന്നയിച്ചിരുന്നത്.കേന്ദ്രം മനഃപൂര്‍വം പ്രശ്‌നങ്ങള്‍ ഉണ്ടാക്കുവാനുള്ള ശ്രമമാണ് എന്നാണ് ദ്വീപ് നിവാസികള്‍ ആരോപിക്കുന്നത്.