‘ദി കശ്മീര്‍ ഫയല്‍സ്’ ന്യൂസിലന്‍ഡില്‍ റിലീസിംഗ് തടഞ്ഞു സര്‍ക്കാര്‍
‘ദി കശ്മീര്‍ ഫയല്‍സ്’ എന്ന സിനിമയുടെ റിലീസിംഗ് ന്യൂസിലന്‍ഡ് സര്‍ക്കാര്‍ തടഞ്ഞു. നേരത്തെ സെന്‍സര്‍ ബോര്‍ഡ് സിനിമയ്ക്ക് നേരത്തെ പ്രദര്‍ശന അനുമതി നല്‍കിയിരുന്നു എങ്കിലും ചിത്രത്തിന്റെ ഉള്ളടക്കത്തെക്കുറിച്ച് ചില സമുദായ സംഘടനാ നേതാക്കള്‍ പരാതി അറിയിച്ചതോടെ തീരുമാനം പുനഃപരിശോധിക്കാനും പ്രദര്‍ശനം നിര്‍ത്തിവയ്ക്കാനും സെന്‍സര്‍ ബോര്‍ഡ് തീരുമാനിക്കുകയായിരുന്നു. 1990-കളില്‍ കശ്മീര്‍ താഴ്വരയില് നിന്നുള്ള പണ്ഡിറ്റുകളുടെ പലായനത്തെ കേന്ദ്രീകരിച്ചുള്ള ചിത്രം മാര്‍ച്ച് 11 ന് റിലീസ് ചെയ്തതു മുതല്‍ വിവാദങ്ങളില്‍ നിറഞ്ഞുനില്‍ക്കുകയാണ്. സിനിമയുടെ ഉള്ളടക്കത്തെക്കുറിച്ച് മുസ്ലീം സമുദായാംഗങ്ങള്‍ ആശങ്ക ഉന്നയിച്ചതിനെ തുടര്‍ന്ന് ചീഫ് സെന്‍സര്‍ സിനിമ അവലോകനം ചെയ്യുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
വിവേക് അഗ്നിഹോത്രി സംവിധാനം ചെയ്ത ചിത്രത്തില്‍ അനുപം ഖേര്‍, ദര്ശന് കുമാര്‍, മിഥുന് ചക്രവര്‍ത്തി, പല്ലവി ജോഷി തുടങ്ങിയവരാണ് പ്രധാന അഭിനേതാക്കള്‍.സിനിമയ്ക്ക് പ്രദര്‍ശന അനുമതി നിഷേധിച്ച സിനിമാ ബോര്‍ഡിനെതിരെ ന്യൂസിലന്‍ഡ് മുന്‍ ഉപപ്രധാനമന്ത്രി വിന്‍സ്റ്റണ്‍ പീറ്റേഴ്സ് ആഞ്ഞടിച്ചു. ചിത്രം സെന്‍സര്‍ ചെയ്യുന്നത് ന്യൂസിലന്‍ഡുകാരുടെ സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നാക്രമണമാണെന്നുമാണ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. അമേരിക്കയിലും ഓസ്ട്രേലിയയിലും ഇന്ത്യയിലും ലോകമെമ്പാടുമുള്ള മറ്റനേകം സ്ഥലങ്ങളിലും ‘കാശ്മീര്‍ ഫയല്‍സ്’ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ഇതുവരെ 1.1 ബില്യണിലധികം ആളുകളാണ് ചിത്രം കണ്ടുകഴിഞ്ഞു. 1990-ല്‍ കാശ്മീരിലെ ഹിന്ദുക്കളുടെ വംശീയ ഉന്മൂലനത്തെ ചുറ്റിപ്പറ്റിയുള്ള സത്യവും യഥാര്‍ത്ഥവുമായ സംഭവങ്ങളെക്കുറിച്ചുള്ളതാണ് ഈ ചിത്രം. അതേസമയം ചിത്രം ഇസ്ലാം മത വിശ്വാസികള്‍ എല്ലാം തീവ്രവാദികള്‍ ആണ് എന്ന തരത്തിലുള്ള സന്ദേശമാണ് മുന്നോട്ട് വെയ്ക്കുന്നത് എന്ന ആശയമാണ് മുന്നോട്ട് വെക്കുന്നത് എന്നാണ് പൊതുവെയുള്ള ആരോപണം.