ചൈനയില്‍ യാത്രാ വിമാനം തകര്‍ന്നുവീണു
ചൈനയില്‍ വിമാനം തകര്‍ന്നു വീണു. 133 യാത്രക്കാരുമായി പറന്ന ഈസ്റ്റേണ്‍ യാത്രാവിമാനമാണ് തകര്‍ന്നു വീണതെന്നാണ് ചൈനീസ് മാധ്യമമായ സിസിടിവിയുടെ റിപ്പോര്‍ട്ട്. അപകടത്തില്‍ എത്ര പേര്‍ മരിച്ചെന്ന കാര്യത്തില്‍ വ്യക്തതയില്ല. കുന്മിങില്‍ നിന്ന് ഗുവാങ്സുവിലേക്ക് പോയ വിമാനമാണ് അപകടത്തില്‍പ്പെട്ടത്. വുഷൗ നഗരത്തിനു സമീപത്തുള്ള ഗ്രാമീണ മേഖലയിലാണ് വിമാനം തകര്‍ന്നു വീണത്. ബോയിങ് 737 വിമാനമാണ് അപകടത്തില്‍പ്പെട്ടത്. വിമാനം തകര്‍ന്നുവീണത് ഗുവാങ്സിയിലെ പര്‍വതത്തില്‍ തീപിടിത്തത്തിന് കാരണമായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. വിമാനം തകരാനിടയായ കാരണം വ്യക്തമല്ല. രക്ഷാപ്രവര്‍ത്തകര്‍ സംഭവ സ്ഥലത്തേക്കെത്തിയിട്ടുണ്ടെന്ന് ചൈനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
കുന്മിങ് ചാങ്ഷൂയ് വിമാനത്താവളത്തില്‍ നിന്ന് ചൈനീസ് സമയം ഉച്ചയ്ക്ക് 1.15 ഓടെ പുറപ്പെട്ടതാണ് വിമാനം. ഗുവാങ്സുവില്‍ 3.07ന് എത്തേണ്ടതായിരുന്നു. 2010ലാണ് ഇതിനുമുന്‍പ് ചൈനയില്‍ വിമാനം തകര്‍ന്ന് വലിയ ദുരന്തമുണ്ടായത്. 96 യാത്രക്കാരുണ്ടായ വിമാനത്തിലെ 44 പേരും അന്ന് കൊല്ലപ്പെട്ടിരുന്നു.വിമാനം തകര്‍ന്നുവീണതോടെ പ്രദേശത്തെ പര്‍വ്വതത്തില്‍ തീപിടുത്തവും ഉണ്ടായിട്ടുണ്ട്. ആളപായം സംബന്ധിച്ച് വിവരങ്ങള്‍ ലഭ്യമല്ല. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോകളില്‍ പര്‍വ്വത പ്രദശത്ത് നിന്ന് പുക ഉയരുന്നത് വ്യക്തമാണ്.