സില്‍വര്‍ ലൈന്‍ ഒരു കല്ലിന് ആയിരം രൂപ ; മൊത്തമായി കല്ലിന് മാത്രം രണ്ടരക്കോടി ചിലവ്

സില്‍വര്‍ ലൈന്‍ എന്ന പേര് ആയത് കൊണ്ടാകും ഇപ്പോള്‍ കേരളം മുഴുവന്‍ സര്‍ക്കാര്‍ ഓടി നടന്നു സ്ഥാപിക്കുന്ന കല്ല് ഒന്നിന് ആയിരം രൂപയാണ് നിര്‍മ്മാണ ചിലവ്. ഒരു കല്ലിന് കരാറുകാര്‍ക്ക് കെ-റെയില്‍ കോര്‍പ്പറേഷന്‍ നല്‍കുന്നതാണ് 1000 രൂപ. ഒരു പ്രദേശത്ത് കല്ലിടാന്‍ 10,000 രൂപ ചെലവു വരും. പ്രതിഷേധം കണക്കിലെടുത്ത് കല്ലിടുന്ന സ്ഥലങ്ങളില്‍ സുരക്ഷ ഒരുക്കാന്‍ 6000 മുതല്‍ 7000 രൂപ വരെ പൊലീസിന് നല്‍കണം. മേല്‍നോട്ട ചെലവ് 1000 രൂപയും ഗതാഗത ചെലവ് 1700 രൂപയും വരും. അങ്ങനെ ആകെ കൂടി ഇപ്പോള്‍ സര്‍ക്കാരിന് ഓരോ പ്രദേശത്തും ചെലവഴിക്കേണ്ടി വരിക 20,000ലേറെ രൂപയാണ്. ഏറ്റെടുക്കാന്‍ പോകുന്ന സ്ഥലത്തിന്റെ അതിരു നിശ്ചയിച്ചാണ് കല്ലിടുന്നത്. സാമൂഹികാഘാത പഠനത്തിന് കല്ലിട്ടേ മതിയാവൂ എന്നാണ് കെ-റെയിലിന്റെ നിലപാട്.

അതിരടയാള കല്ലുകള്‍ കോണ്‍ക്രീറ്റില്‍ നിര്‍മിച്ചതാണ്. ഓരോ കല്ലിനും നീളം 90 സെന്റിമീറ്റര്‍ വരും. സംസ്ഥാനത്തുടനീളം സ്ഥാപിക്കേണ്ടത് 24,000 കല്ലുകളാണ്.അങ്ങനെ നോക്കിയാല്‍ ഏകദേശം കല്ലിനു മാത്രം ചിലവ് രണ്ടരക്കോടി രൂപ. ഇതു വരെ 6100 കല്ലുകളേ സ്ഥാപിക്കാനായിട്ടുള്ളൂ. കുഴിച്ചിട്ട കല്ലുകള്‍ പലേടത്തും പിഴുതു മാറ്റിയിട്ടുണ്ട്. കല്ലുകള്‍ പിഴുതു മാറ്റുന്നവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് കെ-റെയില്‍ കോര്‍പ്പറേഷന്‍ മുന്നറിയിപ്പു നല്‍കി എങ്കിലും പിഴുതു മാറ്റല്‍ തുടരുകയാണ്. എന്തൊക്കെ പ്രതിഷേധം ഉണ്ടായാലും കല്ലിടല്‍ തുടരുമെന്ന നിലപാടാണ് കോര്‍പ്പറേഷന്റെത്. ചെന്നൈ ആസ്ഥാനമായ കമ്പനിയാണ് കല്ലിടാന്‍ കരാര്‍ എടുത്തിട്ടുള്ളത്. രണ്ടു മാസം കൊണ്ട് കല്ലിടല്‍ പൂര്‍ത്തിയാക്കുമെന്ന് കെ റെയില്‍ എംഡി അറിയിച്ചു. പദ്ധതിക്ക് താമസം നേരിട്ടാല്‍ ഓരോ വര്‍ഷവും 3500 കോടി രൂപ അധിക ചെലവു വരുമെന്നും എംഡി വി അജിത് കുമാര്‍ പറഞ്ഞു.