വ്യാജ തെളിവുകള്‍ സൃഷ്ടിക്കാന്‍ പോലീസ് ശ്രമം എന്നാരോപിച്ച് ദിലീപിനെ സഹായിച്ച ഐ.ടി. വിദഗ്ധന്‍ ഹൈക്കോടതിയില്‍

നടന്‍ ദിലീപിന്റെ ഫോണിലെ വിവരങ്ങള്‍ നശിപ്പിക്കാന്‍ സഹായം ചെയ്തുവെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയ കോഴിക്കോട് സ്വദേശിയായ ഐ.ടി. വിദഗ്ധന്‍ സായ് ശങ്കര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയില്‍. കേസുമായി ബന്ധപ്പെട്ട് നടന്‍ ദിലീപിനെതിരെ വ്യാജ തെളിവുകള്‍ സൃഷ്ടിക്കാനാണ് തന്നെ ചോദ്യംചെയ്യുന്നതെന്നാണ് സായ് ശങ്കര്‍ ഹര്‍ജിയില്‍ ആരോപിക്കുന്നത്. കേസില്‍ പൊലീസ് പീഡനം ആരോപിച്ച് സായ് ശങ്കര്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുന്നത് ഹൈക്കോടതി നാളത്തേക്ക് മാറ്റിയിരുന്നു. ഇതിനുപിന്നാലെയാണ് മുന്‍കൂര്‍ ജാമ്യഹര്‍ജിയുമായി സായ് വീണ്ടും കോടതിയെ സമീപിച്ചത്.

ഫോണ്‍ വിവരങ്ങള്‍ നശിപ്പിക്കാന്‍ എത്രതുക പ്രതിഫലം കിട്ടിയെന്ന് കണ്ടെത്താന്‍ സായ് ശങ്കറിന്റെ അക്കൗണ്ടുകള്‍ കേന്ദ്രീകരിച്ച് ക്രൈംബ്രാഞ്ച് പരിശോധന ആരംഭിച്ചിരുന്നു. കൊച്ചിയിലെ മൂന്ന് ആഡംബര ഹോട്ടലുകളില്‍ കഴിഞ്ഞ സായ് ശങ്കറിന്റെ ഹോട്ടല്‍ ബില്ലുകള്‍ ക്രൈംബ്രാഞ്ച് ശേഖരിച്ചു. 12,500 രൂപ ദിവസവാടകയുള്ള മുറിയിലാണ് സായ് കഴിഞ്ഞത്. ഭക്ഷണത്തിനും വന്‍തുക ചിലവഴിച്ചതായി കണ്ടെത്തിയിരുന്നു. അതിനിടെ സായ് ശങ്കറിനെതിരെ പുതിയ കേസ്. തോക്ക് ഉപയോഗിച്ച് വ്യവസായിയെ ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ കോഴിക്കോട് ചേവായൂര്‍ പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

കോഴിക്കോട്ടെ വ്യവസായിയെയാണ് തോക്ക് കാണിച്ച് ഭീഷണിപ്പെടുത്തിയത്. കടം നല്‍കിയ 45 ലക്ഷം രൂപ തിരികെ ചോദിച്ചതിനാണ് ഭീഷണിയെന്നും ഹണി ട്രാപ്പില്‍ കുടുക്കാന്‍ സായ് ശങ്കര്‍ ശ്രമിച്ചതായും പരാതിയില്‍ പറയുന്നു. പരാതിയും സായ് ശങ്കറിന്റെ അക്കൗണ്ടുകളും ക്രൈം ബ്രാഞ്ചും പരിശോധിച്ചു വരികയാണ്. ദിലീപിന്റെ ഫോണ്‍ വിവരങ്ങള്‍ നീക്കിയതിന് എത്ര രൂപ ലഭിച്ചെന്ന് കണ്ടെത്തുന്നതിനാണ് അന്വേഷണം. വധശ്രമ ഗൂഡാലോചനയുമായി ബന്ധപ്പെട്ട കേസില്‍ അന്വേഷണം തുടരുന്നതിനിടെ സായ് ശങ്കര്‍ തോക്കുകാട്ടി ഭീഷണിപ്പെടുത്തിയെന്ന കോഴിക്കോട്ടെ വ്യവസായിയുടെ പരാതിയില്‍ പൊലീസ് അന്വേഷണം തുടങ്ങി. ഇലക്ട്രോണിക്സ് ഉപകരണങ്ങള്‍ കുറഞ്ഞ വിലയില്‍ നല്‍കാമെന്ന് വാഗ്ദാനം നടത്തി സായ് ശങ്കര്‍ കോഴിക്കോട് സ്വദേശി മിന്‍ഹാജില്‍ നിന്ന് 45 ലക്ഷം രൂപ കൈപ്പറ്റിയിരുന്നു. എന്നാല്‍ മാസങ്ങള്‍ കഴിഞ്ഞിട്ടും സാധനം കിട്ടാതായതോടെ മിന്‍ഹാജ് പണം തിരികെ ചോദിച്ചു. ഇതിന് പിന്നാലെയാണ് സായ് ശങ്കര്‍ വീഡിയോ കോള്‍ വഴി തോക്ക് കാണിച്ച് ഭീഷണിപ്പെടുത്തിയത് എന്നാണ് ആരോപണം.