കക്കൂസ് കള്ളന്‍ പിടിയില്‍ ; സംഭവം തെലങ്കാനയില്‍

ടോയ്ലെറ്റ് ശൗചാലയം അതുമല്ല എങ്കില്‍ കക്കൂസ് ഇങ്ങനെ പല പേര് പറയാം എങ്കിലും ഒരു സ്റ്റാന്‍ഡേര്‍ഡ് നില നിര്‍ത്താന്‍ എല്ലാവരും ഇപ്പോള്‍ ശൗചാലയം എന്നാണ് പറയുന്നത്. എന്ത് പേരില്‍ വിളിച്ചാലും കാര്യം നടന്നാല്‍ മതി എന്നാണ് ചിലരുടെ അഭിപ്രായം. എന്നാല്‍ കാര്യം സാധിക്കാന്‍ ചെല്ലുമ്പോള്‍ ഈ പറഞ്ഞ സംഭവം അവിടെ ഇല്ലെങ്കിലോ. ഞെട്ടണ്ട അതും അടിച്ചു മാറ്റി വിറ്റ വിരുതന്മാര്‍ നമ്മുടെ നാട്ടില്‍ ഉണ്ട്. അങ്ങ് തെലുങ്കാനയിലാണ് സംഭവം. പണവും സ്വര്‍ണാഭരണങ്ങളുമൊക്കെ മോഷ്ടിക്കുന്ന കള്ളന്മാരെ നമ്മളൊരുപാട് കണ്ടിട്ടുണ്ട്. എന്നാല്‍ ടോയ്‌ലറ്റ് മോഷ്ടിച്ച് വില്‍ക്കുന്ന കള്ളന്റെ കഥയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്. ‘മൊബൈല്‍ സ്വച്ഛ് ശൗചാലയം ‘ മോഷ്ടിച്ച് 45000 രൂപയ്ക്ക് വിറ്റ യുവാവാണ് ഒടുവില്‍ പൊലീസിന്റെ പിടിയിലായത്.

തെലങ്കാനയിലെ മല്‍കാജ്ഗിരി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ സഫില്‍ഗുഡ ചൗരസ്തയില്‍ റോഡരികില്‍ സ്ഥാപിച്ചിരുന്ന സ്വച്ഛ് ടോയ്ലറ്റ് മോഷ്ടിച്ച മുപ്പറമ്പ് ജോഗയ്യയാണ് (36) പിടിയിലായത്. പ്രതിയില്‍ നിന്ന് പണവും മോഷണത്തിനായി ഉപയോഗിച്ച ഓട്ടോയും പൊലീസ് കണ്ടെടുത്തു. ഈ മാസം 16ാം തീയതി മുതല്‍ സഫില്‍ഗുഡ ചൗരസ്തയിലെ നടപ്പാതയ്ക്കരികില്‍ സ്ഥാപിച്ചിരുന്ന ടോയ്‌ലറ്റ് കാണാനില്ലെന്ന വിവരം ശുചീകരണ തൊഴിലാളികളാണ് പൊലീസിനെ അറിയിച്ചത്. അന്വേഷണം ആരംഭിച്ച പൊലീസ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതോടെയാണ് പ്രതിയെപ്പറ്റിയുള്ള നിര്‍ണായക വിവരങ്ങള്‍ ലഭിച്ചത്. ജെയിന്‍ കണ്‍സ്ട്രക്ഷനില്‍ സൂപ്പര്‍വൈസറായി ജോലിനോക്കുന്ന ബിക്ഷപതി, ജിഎച്ച്എംസിയില്‍ പരസ്യ വിഭാഗത്തില്‍ ജോലി ചെയ്യുന്ന അരുണ്‍കുമാര്‍ എന്നീ രണ്ട് കൂട്ടുകാരുടെ സഹായത്തോടെയാണ് മൊബൈല്‍ സ്വച്ഛ് ടോയ്ലറ്റ് മോഷ്ടിച്ചതെന്ന് പ്രതി പൊലീസിനോട് വെളിപ്പെടുത്തി. കൂട്ടുപ്രതികള്‍ക്കായുള്ള അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.