സില്‍വര്‍ ലൈന്‍ ; കോട്ടയം മാടപ്പള്ളിയില്‍ ഇല്ലതാകുന്നത് വീടുകള്‍ മാത്രമല്ല ഒരു ഗ്രാമവും

സില്‍വര്‍ലൈന്‍ പദ്ധതിക്ക് വേണ്ടി കല്ലിടുന്ന പ്രക്രിയയില്‍ ഏറ്റവും ശക്തമായ എതിര്‍പ്പ് കേരളം കണ്ടത് കോട്ടയം മാടപ്പള്ളിയില്‍ ആണ്. എതിര്‍പ്പ് അത്രയും ശക്തമാകുവാന്‍ കാരണം ഉണ്ട്. പദ്ധതി നടപ്പായാല്‍ പഞ്ചായത്തിലെ മൂന്നിലൊന്നു പ്രദേശങ്ങള്‍ തന്നെ ഇല്ലാതാകും. കല്ല് ഇടാനുള്ള ശ്രമം മാടപ്പള്ളിക്കാര്‍ സര്‍വശക്തിയുമെടുത്ത് തടഞ്ഞതിന് കാരണവും ഇതുതന്നെ. ചങ്ങനാശേരിക്ക് കിഴക്ക് കറുകച്ചാല്‍ റോഡില്‍ 5 കിലോമീറ്റര്‍ പിന്നിട്ടാല്‍ മാടപ്പള്ളി പഞ്ചായത്ത് അതിര്‍ത്തിയായി. പത്തനംതിട്ട ജില്ലയിലെ കുന്നന്താനം പഞ്ചായത്തില്‍ നിന്ന് സില്‍വര്‍ലൈന്‍ പാത പ്രവേശിക്കുന്നത് മാടപ്പള്ളി പഞ്ചായത്തിലേക്കാണ്.

മാടപ്പള്ളി പഞ്ചായത്തിലെ 20 വാര്‍ഡുകളില്‍ 7 വാര്‍ഡുകളിലൂടെയാണ് ഏഴര കിലോമീറ്റര്‍ പാത കടന്നു പോകുന്നത്. മാടപ്പള്ളി വില്ലേജില്‍ മാത്രം 50 സര്‍വേ നമ്പറുകളിലെ ഭൂമിയില്‍ സര്‍വേയുണ്ട്. 400 വീടുകള്‍ ഏറ്റെടുക്കേണ്ടി വരുമെന്ന് സില്‍വര്‍ലൈന്‍ വിരുദ്ധ ജനകീയ സമിതി രക്ഷാധികാരി വി ജെ ലാലിയും ചെയര്‍മാന്‍ ബാബു കുട്ടന്‍ചിറയും പറഞ്ഞു. പദ്ധതി വരുന്നതോടെ ഗ്രാമ പ്രദേശത്തെ മൂന്നു പ്രധാന ജംഗ്ഷനുകള്‍ ഇല്ലാതാകും. വീടുകളും കടകളും ഒഴിപ്പിക്കുന്നത് ചുരുങ്ങിയത് 2500 പേരെയെങ്കിലും ബാധിക്കും. രണ്ട് പള്ളികളും ഒരു കുടുംബ ക്ഷേത്രവും വിദ്യാഭ്യാസ സ്ഥാപനവും ഏറ്റെടുക്കേണ്ടി വരുമെന്നാണ് ആശങ്ക. 10,000 കുടുംബങ്ങളിലായി 40,000 പേരാണ് മാടപ്പള്ളിയില്‍ താമസിക്കുന്നത്. ഇവരില്‍ ഏറെയും ഇടത്തരം കര്‍ഷകരാണ്.

പഞ്ചായത്തിലെ രണ്ട് പ്രധാന കോളനികളും കുടിയൊഴിപ്പിക്കേണ്ടിവരും. കോളനികളിലൊന്നിന്റെ നടുവിലൂടെയാണ് പാത കടന്നു പോകുന്നത്. മറ്റേതിന്റെ ഒരു ഭാഗത്തു കൂടിയും. ഓരോ കോളനിയിലും 100 പേര്‍ താമസിക്കുന്നുണ്ട്. രണ്ടു സെന്റ് മുതല്‍ രണ്ടേക്കര്‍ വരെ സ്ഥലം നഷ്ടപ്പെടുന്നവര്‍ ഗ്രാമത്തിലുണ്ട്. കൂടുതല്‍ ഭൂമിയുള്ളവരുടെ പുരയിടത്തിന്റെ മധ്യഭാഗത്തു കൂടിയാണ് പാത പോകുന്നത്. ഫലത്തില്‍ ഇവരുടെ ഭൂമിയുടെ വില ഇടിയും. കാര്യമായ നഷ്ടപരിഹാരവും ലഭിക്കുവാന്‍ സാധ്യതയില്ല. പദ്ധതി സത്യമായാല്‍ സര്‍ക്കാര്‍ നല്‍കുന്ന നഷ്ടപരിഹാരം കൊണ്ട് ജീവിതം തുടരുവാന്‍ ആര്‍ക്കും കഴിയില്ല എന്നാണ് പൊതുവെയുള്ള അഭിപ്രായം.