സില്‍വര്‍ ലൈന്‍ ; സഹായം തേടി പിണറായി നാളെ മോദിയെ കാണും

സില്‍വര്‍ ലൈന്‍ പദ്ധതിയെപ്പറ്റിയുള്ള വിവാദങ്ങള്‍ക്കിടെ സഹായം തേടി മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ചര്‍ച്ച നടത്താനായി നാളെ ഡല്‍ഹിയിലേക്ക് പോവും. കെ റെയില്‍ യാഥാര്‍ത്ഥ്യമാക്കാന്‍ കേന്ദ്ര പിന്തുണ തേടുകയാണ് കൂടിക്കാഴ്ച്ചയുടെ ലക്ഷ്യം. വായ്പാ വിഷയത്തിലെ പ്രശ്‌നങ്ങള്‍ ഉള്‍പ്പടെ പ്രധാനമന്ത്രിയുമായി ചര്‍ച്ച ചെയ്യും. സില്‍വര്‍ ലൈന്‍ വിഷയത്തില്‍ സ്വകാര്യ അന്യായവുമായി നാട്ടുകാര്‍ കോടതിയിയെ സമീപിക്കാനൊരുങ്ങുകയാണ്. സര്‍വേ നടത്താനെത്തിയ ഉദ്യോ?ഗസ്ഥരെ എതിര്‍ കക്ഷിയാക്കി കേസ് നല്‍കും. കോഴിക്കോട് കോടതിയില്‍ വീട്ടുകാര്‍ പ്രത്യേകമായി പരാതി നല്‍കും. ഉദ്യോഗസ്ഥരുടെ പേരുകള്‍ സഹിതം കേസ് നല്‍കുമെന്നാണ് സമര സമിതി നേതാക്കള്‍ വ്യക്തമാക്കുന്നത്.

സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ ബഫര്‍ സോണുണ്ടാകുമെന്നും ഈ വിഷയത്തില്‍ കെ റെയില്‍ എം.ഡി പറഞ്ഞതാണ് വസ്തുതയെന്നും ചൂണ്ടിക്കാട്ടി സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ രംഗത്തെത്തിയിരുന്നു. ബഫര്‍ സോണുണ്ടാകില്ലെന്ന പ്രതികരണവുമായി മന്ത്രി സജി ചെറിയാന്‍ എത്തിയതിന് പിന്നാലെയാണ് കോടിയേരി ഇതില്‍ വ്യക്തത വരുത്തിയത്. സില്‍വര്‍ ലൈനുവേണ്ടി ബലം പ്രയോഗിച്ച് ആരുടെയും ഭൂമി ഏറ്റെടുക്കില്ല. ഭൂമി ഏറ്റെടുക്കുന്നതിന് മുമ്പ് ജനങ്ങളുമായി ചര്‍ച്ച നടത്താന്‍ തയ്യാറാണ്. ബി.ജെ.പി-കോണ്‍ഗ്രസ് സമാന്തര സമരത്തെ രാഷ്ട്രീയമായി നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി. പ്രതിഷേധത്തെ പ്രതിരോധിക്കാന്‍ വ്യാപകമായ പ്രചാരണം നടത്താന്‍ നേരത്തെ സിപിഐഎം തീരുമാനിച്ചിരുന്നു. പദ്ധതിയില്‍ നിന്ന് പിന്നോട്ടില്ലെന്ന് സര്‍ക്കാര്‍ ഇതിനോടകം നിലപാടെടുത്തിട്ടുണ്ട്. എന്നാല്‍ സില്‍വര്‍ലൈന്‍ പദ്ധതിക്കെതിരായ ജനരോഷത്തിന് മുന്നില്‍ മുഖ്യമന്ത്രി പിണറായി വിജയന് അടിയറവ് പറയേണ്ടിവരുമെന്നാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ പ്രതികരണം. ജനകീയ പ്രതിഷേധങ്ങളെ പ്രധാനമന്ത്രി നരേന്ദ്രമോദി നേരിടുന്ന ശൈലിയില്‍ തന്നെയാണ് മുഖ്യമന്ത്രി പിണറായി വിജയനും നേരിടുന്നതെന്ന് പ്രതിപക്ഷ നേതാവ് ആക്ഷേപിച്ചു.