കോടതി ഇടപ്പെട്ട് നൃത്തപരിപാടി തടസ്സപ്പെടുത്തിയതിനെ കുറിച്ച് നര്‍ത്തകി ഡോ. നീന പ്രസാദ്

കോടതി നൃത്തപരിപാടി തടസ്സപ്പെടുത്തിയ നടപടിയില്‍ പ്രതിഷേധവുമായി നര്‍ത്തകി ഡോ. നീനാ പ്രസാദ് . നടപടി ഏറെ അപമാനമുണ്ടാക്കി. ഇത്തരത്തിലുള്ള അനുഭവം ഒരു കാലാകാരനോ കാലാകാരിക്കോ ഉണ്ടാകാന്‍ പാടില്ലെന്ന് നീനാ പ്രസാദ് പറഞ്ഞു. കഴിഞ്ഞ ശനിയാഴ്ചയായിരുന്നു പാലക്കാട് സര്‍ക്കാര്‍ മോയന്‍ സ്‌കൂളില്‍ നീനാ പ്രസാദിന്റെ നൃത്തപരിപാടി നിര്‍ത്തിവയ്ക്കാന്‍ ആവശ്യപ്പെട്ടത്. ശബ്ദമലിനീകരണമാണെന്ന് ചൂണ്ടിക്കാട്ടി ജില്ലാ ജഡ്ജി പരിപാടി നിര്‍ത്തിവെക്കാന്‍ ശ്രമിച്ചതാണ് വിവാദമായത്. ഇതിനിടെ നാളെ മോയന്‍ സ്‌കൂളില്‍ അധ്യാപകര്‍ക്ക് നല്‍കാനിരുന്ന യാത്രയയപ്പ് പരിപാടിയ്ക്കും ശബ്ദ നിയന്ത്രണം ഏര്‍പ്പെടുത്തി. ജില്ലാ ജഡ്ജിയുടെ നിലപാടിനെതിരെ അഭിഭാഷകര്‍ പാലക്കാട് ജില്ലാ കോടതിയില്‍ പ്രതിഷേധ സമരം നടത്തി.

കഴിഞ്ഞ ശനിയാഴ്ച മോയന്‍ LP സ്‌കൂളില്‍ നടന്ന പുസ്തക പ്രകാശന ചടങ്ങിനോടനുബന്ധിച്ച് നര്‍ത്തകി നീനാ പ്രസാദിന്റെ മോഹിനിയാട്ടം നിശ്ചയിച്ചിരുന്നു. രാത്രി എട്ടുമണിയ്ക്ക് ആരംഭിച്ച നൃത്ത പരിപാടിയ്ക്ക് മുന്‍പ് ശബ്ദം കുറച്ച് വെച്ച് നടത്തിയാല്‍ മതിയെന്ന് പൊലീസ് പറയുകയും നൃത്തം തുടങ്ങിയ ശേഷം ശബ്ദമലിനീകരണമാണെന്നും നിര്‍ത്തിവെക്കണമെന്നും ആവശ്യപ്പെട്ടതാണ് വിവാദമായത്. ജില്ലാ ജഡ്ജി കലാം പാഷയുടെ നിര്‍ദ്ദേശപ്രകാരമാണ് പൊലീസ്. ഇടപെട്ടതെന്നാണ് ആരോപണം. ജില്ലാ ജഡ്ജി ആവിഷ്‌ക്കാര സ്വാതന്ത്ര്യം തടഞ്ഞുവെന്നാരോപിച്ച് പാലക്കാട് ജില്ലാ കോടതിയില്‍ അഭിഭാഷകര്‍ പ്രതിഷേധ ധര്‍ണ നടത്തി. ഓള്‍ ഇന്ത്യ ലോയേഴ്‌സ് യൂണിയന്റെ നേതൃത്വത്തിലാണ് സമരം സംഘടിപ്പിച്ചത്.