എം പിമാര്‍ക്ക് എതിരെ നടന്ന പോലീസ് നടപടി ; സി പി എം-ബി ജെ പി ഒത്തുകളി ; വി.ഡി സതീശന്‍
ഡല്‍ഹിയില്‍ പാര്‍ലമെന്റിന് മുന്നില്‍ എം.പിമാര്‍ക്ക് എതിരെ നടന്ന ആക്രമണം ക്രൂരവും ദൗര്‍ഭാഗ്യകരവുമാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍ . ജനാധിപത്യം പാര്‍ലമെന്റിന് മുന്നില്‍ കൊല ചെയ്യപ്പെട്ടിരിക്കുകയാണ്. ഈ ആക്രമണത്തിന് പിന്നില്‍ ഗൂഡാലോചനയുണ്ട്. അതേക്കുറിച്ച് അന്വേഷിക്കണമെന്നും കൊല്ലത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു. ഒരു പ്രകോപനവുമില്ലാതെ ക്രൂരമായ ആക്രമണമാണ് എം.പിമാര്‍ക്കെതിരെ ഉണ്ടായത്. പൊലീസിനുണ്ടായ ചേതോവികാരം എന്താണെന്ന് അറിയാനുള്ള അവകാശം രാജ്യത്തിനുണ്ട്. സില്‍വര്‍ ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും തമ്മില്‍ കൂടിക്കാഴ്ച നടത്തുന്ന ദിവസമാണ് എം.പിമാര്‍ക്കെതിരെ ആക്രമണമുണ്ടായത് എന്നതും ശ്രദ്ദേയം.
കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ തമ്മില്‍ സില്‍വര്‍ ലൈനില്‍ ഒരു ഒത്തുതീര്‍പ്പുണ്ടാക്കാന്‍ കഴിഞ്ഞ ഒരാഴ്ചയായി ചിലര്‍ ഡല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുകയാണ്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് സ്വര്‍ണക്കടത്ത് കേസില്‍ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം ഒരു സുപ്രഭാതത്തില്‍ അവസാനിപ്പിക്കാന്‍ കാരണക്കാരായ അതേ ഇടനിലക്കാര്‍ തന്നെയാണ് ഈ രണ്ടു സര്‍ക്കാരുകളെയും രണ്ടു പ്രസ്ഥാനങ്ങളെയും തമ്മില്‍ സില്‍വര്‍ ലൈനിന്റെ കാര്യത്തിലും ഒത്തുതീര്‍പ്പിലെത്തിക്കാന്‍ ശ്രമിക്കുന്നത്. പൊലീസ് നടത്തിയ ക്രൂര ആക്രമണത്തിന് പിന്നില്‍ ഇതേ ഇടനിലക്കാരുണ്ടോയെന്ന് അന്വേഷിക്കണമെന്നും വി ഡി സതീശന്‍ ആവശ്യപ്പെട്ടു.
മുഖ്യമന്ത്രി പ്രധാനമന്ത്രിയെ കണ്ട ശേഷം നടത്തിയ പ്രതികരണത്തില്‍ പുതിയതായി ഒന്നുമില്ലെന്ന് പ്രതിപക്ഷനേതാവ് പറഞ്ഞു. സില്‍വര്‍ ലൈന്‍ വന്ന കാലത്തുള്ള അതേ കാര്യങ്ങള്‍ ആവര്‍ത്തിച്ചു കൊണ്ടിരിക്കുകയാണ്. കേന്ദ്രവും റെയില്‍വെയും അഞ്ച് പൈസ തരില്ലെന്ന് രേഖാമൂലം അറിയിച്ചിട്ടുണ്ട്. എന്നിട്ടും പഴയ കടലാസുകളാണ് മുഖ്യമന്ത്രി വായിക്കുന്നത്. പൗരപ്രമുഖരുമായി നടത്തിയ ചര്‍ച്ചയിലും നിയമസഭയിലും ഒരേ കാര്യങ്ങള്‍ തന്നെയാണ് പറഞ്ഞത്. പാരിസ്ഥിതി ലോലമായ കേരളത്തെ തകര്‍ക്കുന്ന പദ്ധതിയെ കുറിച്ചാണ് പ്രതിപക്ഷം ചോദിക്കുന്നത്. ഡി. പി. ആര്‍ അബദ്ധ പഞ്ചാംഗമാണ്. കെ- റെയില്‍ തുടങ്ങാനോ സ്ഥലം ഏറ്റെടുക്കാനോ അനുമതി നല്‍കിയിട്ടില്ലെന്ന് റെയില്‍വെ മന്ത്രി പാര്‍ലമെന്റില്‍ വ്യക്തമാക്കിയിട്ടുണ്ട്. സ്ഥലം ഏറ്റെടുപ്പുമായി മുന്നോട്ടു പോകില്ലെന്ന സര്‍ക്കാരിന്റെ ഉറപ്പിലാണ് പരിസ്ഥിതി ആഘാത പഠനത്തിന് കല്ലിടാന്‍ ഹൈക്കോടതി അനുമതി നല്‍കിയത്. 64000 കോടി രൂപയാണ് പദ്ധതി ചെലവെന്നാണ് പറയുന്നത്. മുഖ്യമന്ത്രിക്ക് എവിടെ നിന്നാണ് ഈ കണക്ക് കിട്ടിയത്? സര്‍വെയോ ജിയോളജിക്കല്‍ പഠനമോ നടത്തിയിട്ടില്ലെന്ന് പ്രതിപക്ഷനേതാവ് ചോദിച്ചു.
ഇന്ന് രാവിലെയാണ് സില്‍വര്‍ ലൈന്‍ പദ്ധതി തടയണമെന്നാവശ്യപ്പെട്ട് യുഡിഎഫ് എംപിമാര്‍ പാര്‍ലമെന്റിലേക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ചില്‍ സംഘര്‍ഷം ഉണ്ടായത്. മാര്‍ച്ച് നടത്തിയ എംപിമാരെ ഡല്‍ഹി പോലീസ് കയ്യേറ്റം ചെയ്തു. സംഘര്‍ഷത്തില്‍ ഹൈബി ഈഡനും ടി.എന്‍. പ്രതാപനും മര്‍ദനമേറ്റു. പോലീസുകാര്‍ ഹൈബി ഈഡന്റെ മുഖത്തടിച്ചെന്നും യുഡിഎഫ് എംപിമാര്‍ ആരോപിച്ചു. രമ്യ ഹരിദാസ്, കെ.മുരളീധരന്‍ എന്നിവര്‍ക്ക് നേരെയും കയ്യേറ്റശ്രമം ഉണ്ടായി. പാര്‍ലമെന്റിലേക്കുള്ള പ്രവേശന കവാടത്തില്‍ പോലീസ് ബാരിക്കേഡ് വെച്ച് എംപിമാരെ തടഞ്ഞിരുന്നു. മുന്നോട്ടുപോകാന്‍ ശ്രമിച്ച എംപിമാരും സുരക്ഷാ ഉദ്യോഗസ്ഥരും തമ്മില്‍ വാക്കേറ്റമുണ്ടായി. ഇതിന് പിന്നാലെയായിരുന്നു പോലീസ് മര്‍ദ്ദനം. രമ്യാ ഹരിദാസ്, ഇ.ടി. മുഹമ്മദ് ബഷീര്‍, ആന്റോ ആന്റണി, കെ. മുരളീധരന്‍, ബെന്നി ബഹനാന്‍ തുടങ്ങിയവര്‍ക്ക് നേരേയും കൈയേറ്റമുണ്ടായി.സമാധാനപരമായി സമരം ചെയ്ത് പാര്‍ലമെന്റിലേക്ക് മടങ്ങുന്ന യുഡിഎഫ് എംപിമാരെ പോലീസ് ബലം പ്രയോഗിച്ച തടയുകയായിരുന്നുവെന്ന് രാജ്മോഹന്‍ ഉണ്ണിത്താന്‍ എംപി ആരോപിച്ചു. സ്ത്രീയെന്ന പരിഗണന പോലും നല്‍കാതെ പുരുഷ പോലീസ് കൈയ്യേറ്റം ചെയ്തെന്ന് രമ്യ ഹരിദാസ് എംപിയും ആരോപിച്ചു. സംഭവത്തില്‍ സ്പീക്കര്‍ക്ക് പരാതി നല്‍കുമെന്ന് ഹൈബി ഈഡനും വ്യക്തമാക്കി.