ചെമ്പൂച്ചിറ സ്‌കൂള്‍ നിര്‍മ്മാണത്തിലെ വീഴ്ച ; എല്ലാം കരാറുകാരന്റെ മുകളില്‍ കെട്ടിവെച്ചു കിഫ്ബി

തൃശൂര്‍ ചെമ്പൂച്ചിറയിലെ സ്‌കൂള്‍ കെട്ടിടത്തിന്റെ നിര്‍മാണവീഴ്ചയില്‍ വിശദീകരണവുമായി കിഫ്ബി. എല്ലാം കരാറുകാരന്റെ മുകളില്‍ കെട്ടിവെച്ച കിഫ്ബി വിഷയത്തില്‍ കരാറുകാരന് പണം നല്‍കിയിട്ടില്ലെന്ന് അറിയിച്ചു. ‘കെട്ടിടം പൊളിക്കാനുള്ള ചെലവ് കരാറുകാന്റെ ബാധ്യതയാണ്. പ്രാഥമിക പരിശോധനയില്‍ തന്നെ ഗുണനിലവാരത്തില്‍ ചില പ്രശ്നങ്ങള്‍ കണ്ടെത്തിയിരുന്നു. ഗുണനിലവാരം ഉറപ്പുവരുത്തി മാത്രമേ കരാറുകാരന് പണം നല്‍കൂ എന്നാണ് കിഫ്ബി പറയുന്നത്.

ബലക്ഷയത്തെ തുടര്‍ന്നാണ് കെട്ടിടത്തിന്റെ രണ്ടാം നില പൂര്‍ണ്ണമായി പൊളിച്ചു നീക്കുന്നത്. നിര്‍മ്മാണത്തിലെ ക്രമക്കേട് ഏഷ്യാനെറ്റ് ന്യൂസാണ് പുറത്തുകൊണ്ടു വന്നത്. മുന്‍ വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥിന്റെ പുതുക്കാട് മണ്ഡലത്തില്‍ കിഫ്ബിയുടെ മൂന്ന് കോടി രൂപയും എംഎല്‍എ ഫണ്ടില്‍ നിന്നും 75 ലക്ഷം രൂപയും ചെലവഴിച്ച് നിര്‍മ്മിച്ച് ഉദ്ഘാടനത്തിന് തയ്യാറായിരുന്ന സ്‌കൂള്‍ കെട്ടിടമാണിത്. 2020 ല്‍ കിഫ്ബിയുടെ മൂന്ന് കോടി രൂപയും എംഎല്‍എ ഫണ്ടില്‍ നിന്നും 87 ലക്ഷം രൂപയും ചെലവഴിച്ച് സ്‌കൂളിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അവസാന ഘട്ടത്തിലെത്തിയിരുന്നു. എന്നാല്‍ കെട്ടിടത്തിന്റെ പല ഭാഗത്തും ചുമരിലെയും മേല്‍ക്കൂരയിലെയും സിമന്റ് അടര്‍ന്നുവീഴുന്ന സ്ഥിതിയിലായിരുന്നു.

നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ ഗുണനിലവാരമില്ലെന്നും ക്രമക്കേട് ഉണ്ടെന്നും അന്ന് പ്രതിപക്ഷ നേതാവായിരുന്ന രമേശ് ചെന്നിത്തല ആരോപണമുയര്‍ത്തി. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തി വച്ച് അന്വേഷണം നടത്തണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ആരോപങ്ങളെ തുടര്‍ന്ന് കരാറുകാരോട് നിര്‍മ്മാണം നിര്‍ത്തിവെക്കാന്‍ സ്‌കൂള്‍ അധികൃതര്‍ ആവശ്യപ്പെട്ടിരുന്നു. അതേസമയം വാര്‍ത്ത പുറത്തു വന്നതോടെ സര്‍ക്കാര്‍ പ്രാഥമിക പരിശോധന നടത്തി. ബലക്ഷയമില്ലെന്നും പ്ലാസ്റ്ററിംഗില്‍ മാത്രമാണ് പോരായ്മയെന്നുമായിരുന്നു അന്ന് വിദഗ്ധസമിതിയുടെ റിപ്പോര്‍ട്ട്. ഇടയ്ക്ക് പെയ്ത മഴയില്‍ പുത്തന്‍ കെട്ടിടത്തിലെ ക്ലാസ് മുറികള്‍ ചോര്‍ന്നൊലിക്കാന്‍ തുടങ്ങിയതോടെ രക്ഷിതാക്കള്‍ വിജിലന്‍സിനെ സമീപിച്ചു. തുടര്‍ന്നാണ് കെട്ടിടം പൊളിച്ചു പണിയാന്‍ തീരുമാനമായത്.

രണ്ടാം നിലയുടെ മേല്‍ക്കൂര പൂര്‍ണ്ണമായി പൊളിച്ചു നീക്കി. ഏറെ കൊട്ടിഘോഷിച്ച് കൊണ്ടുവന്ന കിഫ്ബി പദ്ധതിയില്‍ സ്‌കൂള്‍ കെട്ടിടങ്ങളുടെ നവീകരണത്തിനാണ് സര്‍ക്കാര്‍ പ്രാധാന്യം നല്‍കുന്നത്. നിര്‍മ്മാണത്തിലെ ക്രമക്കേട് മൂലം സംഭവിച്ചിരിക്കുന്നത് കോടികളുടെ നഷ്ടമാണ്. കുട്ടികളുടെ ജീവന് തന്നെ ഭീഷണിയാകുന്ന തരത്തിലുളള ക്രമക്കേട് നടത്തുന്ന കരാറുകാരെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം. മുഖ്യമന്ത്രി പിണറായി വിജയന്‍ സംസ്ഥാന തല പ്രവേശനോത്സവം ഉദ്ഘാടനം നിര്‍വഹിച്ച വിദ്യാലയമാണ് ചെമ്പൂച്ചിറ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍. കിഫ്ബിയുടെ 3 കോടി രൂപയും എംഎല്‍എ ഫണ്ടില്‍ നിന്നും 87 ലക്ഷം രൂപയും ചെലവഴിച്ച് നിര്‍മ്മിച്ച, ഉദ്ഘാടനത്തിന് തയ്യാറായ സ്‌കൂള്‍ കെട്ടിടമാണ് പൊളിക്കേണ്ടി വന്നത്. പുതിയ കെട്ടിടം കാണാനെത്തിയ നാട്ടുകാരുടെ ശ്രദ്ധയിലാണ് നിര്‍മ്മാണത്തിന്റെ അപാകത ആദ്യം പെട്ടത്.