കടക്കെണിയില്‍ വലയുന്ന ഒരു സര്‍ക്കാരിന് എങ്ങനെ ഇത്രയും മണ്ടന്മാര്‍ ആകുവാന്‍ കഴിയുന്നു…?
കടക്കെണി കാരണം വലയുന്ന ഒരു സര്‍ക്കാര്‍ തന്നെ സമരം നടത്തുക അതാണ് കഴിഞ്ഞ രണ്ടു ദിവസമായി കേരളം അനുഭവിച്ചു വരുന്നത്. ഏകദേശം മൂന്ന് ലക്ഷം കോടിയാണ് കേരളത്തിന്റെ ഇപ്പോഴത്തെ പൊതു കടം. കഴിഞ്ഞ പിണറായി സര്‍ക്കാര്‍ വാങ്ങി കൂട്ടിയത് മാത്രം ഒന്നര ലക്ഷം കോടിയാണ്. ഇപ്പോള്‍ സംസ്ഥാനത്തിന്റെ കാര്യങ്ങള്‍ നടന്നു പോകാന്‍ ആയിരക്കണക്കിന് കോടിയാണ് മാസാമാസം കടമായി വീണ്ടും വാങ്ങി കൂട്ടുന്നത്. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളം പെന്‍ഷന്‍ എന്നിവ കൊടുക്കണം എങ്കില്‍ കടം വാങ്ങിയാലേ സാധിക്കു എന്ന അവസ്ഥയാണ്. ksrtc , kseb എന്തിനു കോടിക്കണക്കിനു വരുമാനമുള്ള ബിവറേജ് കോര്‍പ്പറേഷന്‍ പോലും ഇപ്പോള്‍ കടക്കെണിയിലാണ്. കേരളാ പോലീസിന്റെ ജീപ്പുകള്‍ക്ക് ഇന്ധനം നിറയ്ക്കാന്‍ കടം പറയേണ്ട അവസ്ഥയാണ്. കെ റെയില്‍ സമരക്കാരെ അറസ്റ്റ് ചെയ്തു നീക്കിയ പോലീസ് ബസ് ഡീസല്‍ തീര്‍ന്നു വഴിയില്‍ കിടന്നതും അടുത്ത ദിവസങ്ങളിലാണ്.
ഈ കടക്കെണിക്ക് ഇടയിലാണ് കെ റെയില്‍ പ്രാവര്‍ത്തികമാക്കാന്‍ പിണറായി സര്‍ക്കാര്‍ അഹോരാത്രം പരിശ്രമിക്കുന്നത്. ഒരു ലക്ഷം കോടിക്ക് മുകളിലാണ് അതിന്റെ ചിലവ്. കടം വാങ്ങിയാല്‍ മാത്രമേ കെ റെയിലും സാധ്യമാവുകയുള്ളു. ഇത്രയും കടങ്ങള്‍ കുന്നു കൂടി കിടക്കുന്ന വേളയിലാണ് സ്ഥിതിഗതികള്‍ കൂടുതല്‍ മോശമാക്കി സര്‍ക്കാര്‍ തന്നെ പണിമുടക്ക് നടത്തുന്നത്. കേരളത്തില്‍ മാത്രമായി ഒതുങ്ങിയ ദേശിയ പണിമുടക്ക് കാരണം സംസ്ഥാനത്തിന് നഷ്ട്ടം 4380 കോടിക്ക് മുകളില്‍. സാമ്പത്തിക വര്‍ഷം അവസാനിക്കാന്‍ രണ്ടു ദിവസം മാത്രം ശേഷിക്കെ നടത്തിയ പണിമുടക്ക് വരും കാലങ്ങളില്‍ വലിയ തിരിച്ചടിയാകുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.
രണ്ടു വര്‍ഷത്തോളമായി തുടരുന്ന കോവിഡ് വ്യാപനത്തിന്റെ തിരിച്ചടിയില്‍ നിന്നും ഒന്ന് കരകയാറന്‍ ശ്രമിക്കുന്നതിനിടയിലാണ് തുടര്‍ച്ചയായ രണ്ട് ദിവസത്തെ പണിമുടക്കിലൂടെ ഭരണം നടത്തുന്ന പാര്‍ട്ടി തന്നെ കേരളത്തെ സ്തംഭിപിച്ചത്. 2021 ലെ സാമ്പത്തിക അവലോകന റിപ്പോര്‍ട്ടനുസരിച്ച് കേരളത്തിന്റെ മൊത്തത്തിലുള്ള ആഭ്യന്തര ഉത്പാദനം അഥവാ GSDP 7,99,591 കോടിയാണ്. അതായത് പ്രതിദിനം 2190 കോടി. അങ്ങനെ നോക്കുമ്പോള്‍ രണ്ട് ദിവസത്തെ പണിമുടക്ക് കേരളത്തില്‍ 4380 കോടിയുടെ നഷ്ടമുണ്ടാക്കും. സാമ്പത്തിക വര്‍ഷം അവസാനിക്കുന്നതിന് വെറും രണ്ട് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ്, തുടര്‍ച്ചയായി രണ്ട് ദിവസം കേരളം നിശ്ചലമായത്. ശനി, ഞായര്‍ അവധി കണക്കിലെടുക്കുമ്പോള്‍ ബാങ്കുകള്‍ തുടര്‍ച്ചയായി 4 ദിവസം മുടങ്ങി. ശനി, ഞായര്‍ അവധി ദിവസം കൂടി കണക്കിലെടുക്കുമ്പോള്‍ ബാങ്കുകള്‍ തുടര്‍ച്ചയായി നാലു ദിവസം മുടങ്ങിയിരിക്കുകയാണ്. വ്യവസായ സൗഹൃദ സംസ്ഥാനം എന്ന് പിണറായി ഇടയ്ക്കിടെ പറയുന്നുണ്ട് എങ്കിലും ഇങ്ങനെയാണ് അവസ്ഥ എങ്കില്‍ ഭാവിയില്‍ ആരും ഇങ്ങോട്ട് വരില്ല എന്നതാണ് സത്യം. ഒരു രാഷ്ട്രീയക്കാരന്‍ എന്നതിലുപരി ഒരു സംസ്ഥാനം ഭരിക്കുന്ന മുഖ്യമന്ത്രി എന്ന നിലയിലേയ്ക്ക് പിണറായി വിജയന്‍ എത്തിയിട്ടില്ല എന്നതിന്റെ തെളിവ് കൂടിയാണ് ഇപ്പോള്‍ ഉള്ള സംഭവ വികാസങ്ങള്‍.
അയല്‍ സംസ്ഥാനമായ തമിഴ് നാട്ടില്‍ പണിമുടക്കില്‍ പങ്കെടുക്കുന്ന സര്‍ക്കാര്‍ ജീവനക്കാരെ പിരിച്ചു വിടും എന്നാണ് മുഖ്യമന്ത്രി നേരിട്ട് ഉത്തരവ് ഇറക്കിയത്. പണിമുടക്ക് നടക്കാതിരിക്കാന്‍ വന്‍ പോലീസ് സംഘത്തിനെയും സംസ്ഥാനത്തെ മിക്ക സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് മുന്നില്‍ ഡ്യുട്ടിക്ക് ഇട്ടിരുന്നു. എന്നാല്‍ കേരളത്തില്‍ നേരെ തിരിച്ചായിരുന്നു സംഭവം. പണിമുടക്ക് വന്‍ വിജയമാക്കണം എന്നാണ് മുഖ്യമന്ത്രി അടക്കമുള്ള ഭരണകര്‍ത്താക്കള്‍ ആഹ്വനം ചെയ്തത്. അത് ലംഘിച്ചു ജോലിക്ക് വന്നവരെ കായികമായിട്ടാണ് സി പി എമ്മുകാര്‍ കൈകാര്യം ചെയ്തത് എന്ന് നാം കാണുകയും ചെയ്തു. നിലവില്‍ യാതൊരു വിധ വരുമാനവും ഇല്ലാത്ത സംസ്ഥാനമായ കേരളത്തിലെ ആകെ പ്രതീക്ഷ വിദേശ പണവും പിന്നെ ടൂറിസവുമാണ്. എന്നാല്‍ ശ്രീലങ്കന്‍ പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ കേരളത്തിക്ക് വരേണ്ടിയിരുന്ന ടൂറിസ്റ്റുകളില്‍ വലിയൊരു വിഭാഗം ഗോവയിലേക്കും രാജസ്ഥാനിലേക്കും ഒഴുകുകയാണ്. പണിമുടക്ക് സൃഷ്ടിച്ച തിരിച്ചടിയില്‍ നിന്നും കരകയറാന്‍ കേരളത്തിന് വരും ദിവസങ്ങളില്‍ ഏറെ വിയര്‍പ്പൊഴുക്കേണ്ടി വരുമെന്നതില്‍ സംശയമില്ല.