18 വയസ് തികഞ്ഞു എന്ന പേരില്‍ അടൂരില്‍ വിദ്യാര്‍ത്ഥിയെ അച്ഛനും രണ്ടാനമ്മയും ചേര്‍ന്ന് വീട്ടില്‍ നിന്ന് ഇറക്കിവിട്ടു

പത്തനം തിട്ട അടൂരില്‍ ആണ് പ്ലസ് ടു വിദ്യാര്‍ത്ഥിയെ അച്ഛനും രണ്ടാനമ്മയും ചേര്‍ന്ന് വീട്ടില്‍ നിന്നിറക്കി വിട്ടത്. ഏനാത്ത് സ്വദേശി അഖിലിനെയാണ് രക്ഷകര്‍ത്താക്കള്‍ പതിനെട്ട് വയസ്സ് പൂര്‍ത്തിയായെന്നു പറഞ്ഞു ഇറക്കി വിട്ടത്. ഹയര്‍ സെക്കന്ററി പരീക്ഷ പോലും കഴിയാത്ത അഖില്‍ ഇപ്പോള്‍ മൊബൈല്‍ ഫോണ്‍ സര്‍വീസ് സെന്ററില്‍ ജോലി ചെയ്യുകയാണ്. അടൂര്‍ ഗവ ബോയ്‌സ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ വിദ്യാര്‍ത്ഥിയാണ് അഖില്‍. പഠിക്കാന്‍ മിടുക്കന്‍. പത്താം ക്ലാസില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ്. പക്ഷെ സ്വന്തം വീട്ടില്‍ നിന്ന് ഈ 18 കാരന് അനുഭവിക്കേണ്ടി വന്നത് ദുരിതങ്ങള്‍ മാത്രമാണ്. വീട്ടിലുണ്ടായിരുന്ന സമയത്ത് അച്ഛനും രണ്ടാനമ്മയും ചേര്‍ന്ന് മര്‍ദ്ദിച്ചിട്ടുണ്ടെന്നും ആഹാരം പോലും കൊടുക്കാറില്ലായിരുന്നെന്നും അഖില്‍ പറയുന്നു. അധ്യാപകരുടെ സഹായത്തോടെയാണ് പലപ്പോഴും പഠന ചെലവുകള്‍ നടന്നിരുന്നത്.

വീട്ടില്‍ നിന്നിറക്കി വിട്ടതിന് പിന്നാലെ ഏനാത്ത് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. പക്ഷെ കേസെടുത്തതല്ലാതെ തുടര്‍ നടപടികള്‍ ഉണ്ടായില്ല. സര്‍ക്കാര്‍ തലത്തില്‍ രാഷ്ട്രീയ പിടിപാടുകള്‍ ഉള്ള വ്യക്തിയാണ് അഖിലിന്റെ പിതാവ്.അതുകൊണ്ടുതന്നെ പോലീസ് കേസില്‍ ഉത്സാഹം കാണിക്കുന്നില്ല. നിലവില്‍ ജോലി ചെയ്യുന്ന മൊബൈല്‍ ഫോണ്‍ കടയിലെ ജീവനക്കാര്‍ക്കൊപ്പമാണ് അഖില്‍ താമസിക്കുന്നത്. ഇടയ്ക്ക് കൊല്ലം പട്ടാഴിയിലുള്ള അച്ഛന്റെ സഹോദരിയുടെ വീട്ടില്‍ പോകും. അഖിലിന്റെ ചെറുപ്പത്തിലെ അമ്മ ഉപേക്ഷിച്ച് പോയതാണ്. അമ്മയും അച്ഛനും ബന്ധം പിരിഞ്ഞതിന് പിന്നാലെ ഇരുവരുടെയും പേരിലുണ്ടായിരുന്ന സ്ഥലം വിറ്റു. കിട്ടിയ പണത്തിന്റെ ഒരു വിഹിതം അഖിലിന്റെ പേരില്‍ ബാങ്കില്‍ സ്ഥിര നിക്ഷേപമായി ഇട്ടിരുന്നു. ഈ പണവും ഇപ്പോള്‍ കൊടുക്കില്ലെന്ന നിലപാടിലാണ് അച്ഛനും അമ്മയുമെന്നാണ് അഖിലിന്റെ പരാതി. ഹയര്‍സെക്കന്ററിക്ക് ശേഷം എങ്ങനെ തുടര്‍ വിദ്യാഭ്യാസം നടത്തുമെന്ന ആശങ്കയിലാണ് അഖില്‍.