കീവിലെ സൈനികവിന്യാസം ക്രമാനുഗതമായി ലഘൂകരിയ്ക്കുമെന്ന് റഷ്യ
യുക്രൈനിലെ സൈനികവിന്യാസം ക്രമാനുഗതമായി കുറയ്ക്കുമെന്ന് റഷ്യ. അധിനിവേശത്തിനെതിരെ യുക്രൈന്റെ ശക്തമായ ചെറുത്തുനില്പ് റഷ്യയുടെ പദ്ധതികളൊക്കെ തകിടംമറിച്ചിരുന്നു. ഇതിനു പിന്നാലെയാണ് റഷ്യയുടെ പ്രഖ്യാപനം. യുക്രൈന്‍ തലസ്ഥാനമായ കീവില്‍ നിന്ന് ചെര്‍ണിവില്‍ നിന്നും സൈന്യത്തെ സാവധാനത്തില്‍ പിന്‍വലിക്കുമെന്നാണ് റഷ്യ അറിയിച്ചിരിക്കുന്നത്. യുദ്ധത്തിന്റെ തീവ്രത സാവധാനം കുറയുന്നു എന്ന പ്രതീക്ഷയാണ് റഷ്യയുടെ പ്രഖ്യാപനം നല്‍കുന്നത്. ഉടന്‍ തന്നെ പുടിനും സെലന്‍സ്‌കിയും തമ്മില്‍ കൂടിക്കാഴ്ച നടക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. സെലന്‍സ്‌കിയുമായി കൂടിക്കാഴ്ചയ്ക്ക് തയ്യാറാണെന്ന് പുടിന്‍ അറിയിച്ചു. നേരത്തെ, സമാധാന സന്ദേശമയച്ച സെലന്‍സ്‌കിയ്ക്ക് റവ്‌ലാദിമിര്‍ പുടിന്‍ പ്രകോപനപരമായ മറുപടിയാണ് നല്‍കിയത്. ‘അവനെ ഞാന്‍ തകര്‍ത്തുകളയുമെന്ന് പറഞ്ഞേക്ക്’ എന്നായിരുന്നു പുടിന്‍ സെലന്‍സ്‌കിയ്ക്ക് മറുപടി നല്‍കിയത്.
സെലന്‍സ്‌കിയുടെ സമാധാന സന്ദേശവാഹകനും ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ് മുന്‍ ഉടമയുമായ റോമന്‍ അബ്രമോവിച്ചിനോടായിരുന്നു പുടിന്റെ മറുപടി. യുദ്ധം അവസാനിപ്പിക്കണമെന്ന സെലന്‍സ്‌കിയുടെ കൈപ്പടയിഴുതിയ കുറിപ്പ് അബ്രമോവിച്ച് പുടിനു കൈമാറിയിരുന്നു. ഇത് വായിച്ചതിനു ശേഷമാണ് പുടിന്‍ മറുപടി നല്‍കിയത്. അബ്രമോവിച്ചിന് വിഷബാധയേറ്റതിന്റെ ലക്ഷണങ്ങള്‍ ഉണ്ടായിരുന്നതായി കഴിഞ്ഞ ദിവസം ചില റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. കണ്ണുകള്‍ നീരുവെച്ച് ചുവപ്പ് നിറമാകുകയും കൈയിലേയും മുഖത്തേയും ത്വക്ക് ഇളകി വരുകയും ചെയ്യുന്നുണ്ട്. ഈ ലക്ഷണങ്ങള്‍ വിഷബാധയുടേതാണെന്നാണ് ഡോക്ടര്‍മാരുടെ പ്രാഥമിക നിഗമനം. അബ്രമോവിച്ചിനെക്കൂടാതെ സമാധാന ചര്‍ച്ചകള്‍ക്കായി ശ്രമിച്ച രണ്ട് യുക്രൈന്‍ നയതന്ത്രജ്ഞരും വിഷബാധയുടെ നേരിയ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നതായി വാള്‍സ്ട്രീറ്റ് ജേര്‍ണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതിനു പിന്നില്‍ റഷ്യന്‍ സര്‍ക്കാര്‍ ആണ് എന്നാണ് ആരോപണം.