സമരാഭാസം തുടര്‍കഥ ; ആറ്റിങ്ങലില്‍ സമരാനുകൂലികള്‍ രോഗിയുമായി പോയ ആംബുലന്‍സ് തടഞ്ഞു
രണ്ടാം ദിവസവും സമരത്തിന്റെ പേരിലുള്ള അതിക്രമങ്ങള്‍ തുടര്‍ന്ന് സമരാനുകൂലികള്‍. സര്‍ക്കാര്‍ മൗനാനുവാദം നല്‍കിയ സമരത്തില്‍ പോലീസിനെ നോക്കുകുത്തിയാക്കി വ്യാപകമായ അക്രമങ്ങളാണ് സാധാരണക്കാര്‍ക്ക് നേരെ കേരളത്തില്‍ ഇപ്പോള്‍ അരങ്ങേറുന്നത്. സംസ്ഥാന വ്യാപകമായി നിരത്തുകളില്‍ വാഹനങ്ങള്‍ തടഞ്ഞു. തുറന്നുവെച്ച ഓഫീസുകള്‍ക്കുനേരെയും അക്രമമുണ്ടായി. സ്‌കൂളുകളിലെത്തിയ അധ്യാപകരെ മുറിക്കുള്ളില്‍ പൂട്ടിയിട്ട സംഭവവും ഉണ്ടായി. തിരുവനന്തപുരം ലുലുമാളിന് മുന്നില്‍ സമരാനുകൂലികളുടെ പ്രതിഷേധമുണ്ടായി ജീവനക്കാരെ തടഞ്ഞു. അടച്ചിട്ട മാളിന്റെ ഗേറ്റിന് മുന്നില്‍ സമരാനുകൂലികള്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. പിന്നീട് പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.
തിരുവനന്തപുരം ആറ്റിങ്ങലില്‍ രോഗിയുമായി വന്ന ആംബുലന്‍സ് സമരാനുകൂലികള്‍ തടഞ്ഞു. കല്ലമ്പലത്ത് നിന്നും രോഗിയുമായി മെഡിക്കല്‍ കോളജില്‍ പോയി മടങ്ങുമ്പോഴാണ് ആറ്റിങ്ങല്‍ വച്ച് സമരാനുകൂലികള്‍ വാഹനം തടഞ്ഞത്. ആംബുലന്‍സ് ഡ്രൈവര്‍ ആറ്റിങ്ങല്‍ പൊലീസില്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുത്തു. പാലക്കാട് പാടൂര്‍ KSEB ഓഫീസില്‍ ജോലിയ്‌ക്കെത്തിയവരെ സമരക്കാര്‍ മര്‍ദിച്ചു. അസിസ്റ്റന്റ് എഞ്ചിനീയറടക്കം എട്ടുപേര്‍ക്ക് പരിക്കേറ്റു. അക്രമത്തില്‍ പരിക്കേറ്റവരെയെല്ലാം ആലത്തൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അക്രമത്തിന് നേതൃത്വം നല്‍കിയത് പാടൂര്‍ സി പി എം ലോക്കല്‍ സെക്രട്ടറിയെന്നാണ് ആരോപണം. ആറു വാഹനങ്ങളിലായി എത്തിയവരാണ് അതിക്രമം നടത്തിയത്.
അതുപോലെ പാപ്പനംകോട് കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും നേരെ സമരാനുകൂലികളുടെ അക്രമം. ജീവനക്കാരെ ക്രൂരമായി മര്‍ദിക്കുകയും കണ്ടക്ടറുടെ തലയില്‍ തുപ്പുകയും ചെയ്തു. അമ്പതോളം സമരാനുകൂലികളാണ് അക്രമം അഴിച്ചുവിട്ടത്. ഡ്രൈവര്‍ സജിയേയും കണ്ടക്ടര്‍ ശരവണനേയും തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിരുവനന്തപുരത്തുനിന്ന് കളിയിക്കാവിളയിലേക്ക് പോകുകയായിരുന്നു ബസ്. എസ്‌കോര്‍ട്ടായി പൊലീസ് ജീപ്പും ഉണ്ടായിരുന്നു.
പാപ്പനംകോട് എത്തിയപ്പോള്‍ സമരപ്പന്തലില്‍ നിന്ന് ഓടിവന്ന അമ്പതില്‍ അധികം ആളുകള്‍ ബസ് തടഞ്ഞുനിര്‍ത്തി ജീവനക്കാരെ മര്‍ദ്ദിക്കുകയായിരുന്നു. സമരാനുകൂലികള്‍ ബസിനുള്ളില്‍ കയറി കണ്ടക്ടറേയും ഡ്രൈവറേയും ചവിട്ടുകയും കണ്ടക്ടറുടെ തലയില്‍ തുപ്പുകയും ചെയ്തു. സ്ഥലത്തുണ്ടായിരുന്ന വിരലിലെണ്ണാവുന്ന പൊലീസുകാര്‍ക്ക് സമരാനുകൂലികളെ നിയന്ത്രിക്കാനായില്ല.
അതുപോലെ കടയ്ക്കല്‍ ചിതറ സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ജോലിക്കെത്തിയ 15 അധ്യാപകരെ സമരാനുകൂലികള്‍ ക്ലാസ് മുറിയില്‍ പൂട്ടിയിട്ടു. പിടിഎ പ്രസിഡന്റും സിപിഎമ്മിന്റെ ലോക്കല്‍ കമ്മിറ്റി അംഗവും ചിതറ സര്‍വീസ് സഹകരണ ബാങ്ക് ജീവനക്കാരനും മുന്‍ ചിതറ പഞ്ചായത്ത് അംഗവുമായ എസ് ഷിബുലാലിന്റെ നേതൃത്വത്തിലാണ് അധ്യാപകരെ പൂട്ടിയിട്ടത്. അധ്യാപകര്‍ക്കുനേരെ അസഭ്യവര്‍ഷവും നടത്തി. വൈകിട്ട് പുറത്തിറങ്ങുമ്പോള്‍ ‘കാണിച്ചുതരാമെന്ന്’ ഷിബുലാല്‍ അധ്യാപകരെ ഭീഷണിപ്പെടുത്തി. അധ്യാപകര്‍ ഏറെ നേരം ക്ലാസ്മുറിയില്‍ തുടര്‍ന്നു. പൊലീസ് സ്ഥലത്തെത്തിയെങ്കിലും ഒരു നടപടിയും സ്വീകരിച്ചില്ലെന്ന് അധ്യാപകര്‍ ആരോപിച്ചു.