സില്‍വര്‍ ലൈന്‍ ന്യായീകരണ ഭവന സന്ദര്‍ശനം ; എംഎല്‍എയെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചു നാട്ടുകാര്‍
സില്‍വര്‍ ലൈന്‍ അനുകൂല പ്രചരണത്തിനിറങ്ങിയ മാവേലിക്കര എംഎല്‍എ, എം എസ് അരുണ്‍കുമാര്‍ ഉള്‍പ്പെടെ ഡിവൈഎഫ്‌ഐ നേതാക്കളെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചു നാട്ടുകാര്‍. ആലപ്പുഴ പടനിലത്താണ് സംഭവം. ഡിവൈഎഫ്‌ഐയുടെ ഭവന സന്ദര്‍ശനത്തിനിടെ പ്രാദേശികമായി ആളുകളെ വിളിച്ചുകൂട്ടി പദ്ധതിയെക്കുറിച്ച് വിശദീകരിക്കാനാണ് എംഎല്‍എ ശ്രമിച്ചത്. എന്നാല്‍ സിപിഎം അനുഭാവികളായ ആളുകള്‍ ഉള്‍പ്പെടെ പ്രതിഷേധം ശക്തമാക്കിയപ്പോള്‍ പ്രചാരണം അവസാനിപ്പിച്ച് നേതാക്കള്‍ മടങ്ങി. അതേസമയം, കാര്യങ്ങളെല്ലാം വിശദീകരിച്ച് തെറ്റിദ്ധാരണ മാറ്റിയാണ് തങ്ങള്‍ മടങ്ങിയതെന്ന് എംഎല്‍എയും നേതാക്കളും നല്‍കുന്ന വിശദീകരണം.
കെ റയിലില്‍ ജനങ്ങളുടെ ആശങ്കകള്‍ പരിഹരിക്കാനായിട്ടാണ് ഡിവൈഎഫ്‌ഐ വീടുകളില്‍ കയറി പ്രചരണം നടത്തുന്നത്. കണ്ണൂരില്‍ കഴിഞ്ഞ ദിവസം മുതല് വീടുകള്‍ കയറി പദ്ധതിയുടെ ഗുണഫലങ്ങള്‍ വിശദീകരിച്ച് ലഘുലേഖകള്‍ വിതരണം ചെയ്തു. കെ റയിലിനെതിരെ പ്രതിഷേധം ശക്തമായതോടെയാണ് പ്രതിരോധ പ്രവര്‍ത്തനവുമായി ഡി വൈ എഫ് ഐ രംഗത്തെത്തിയത്. വീടുകള്‍ കയറിയിറങ്ങി റെയില്‍ നാടിന് ആവശ്യമെന്ന് ജനങ്ങളെ പറഞ്ഞ് മനസ്സിലാക്കും. നഷ്ടപരിഹാര തുക അടക്കുള്ള വിഷയങ്ങളില്‍ ജനങ്ങളിലെ ആശങ്കകള്‍ പരിഹരിക്കുമെന്നാണ് ഡി വൈ എഫ് ഐ നേതൃത്വം അറിയിച്ചത്. കണ്ണൂര്‍ ജില്ലയില്‍ കെറയില്‍ പ്രതിഷേധം രൂക്ഷമായ പയ്യന്നൂര്‍, തളാപ്പ്, മാടായി പ്രദേശങ്ങളില്‍ നേതാക്കള്‍ നേരിട്ടെത്തി സാഹചര്യങ്ങള്‍ വിശദീകരിക്കും.
അതേസമയം, കൊല്ലം തഴുത്തലയില്‍ കെ റെയില്‍ സര്‍വേ പുനരാരംഭിക്കാനുള്ള നീക്കം ജനങ്ങളുടെ പ്രതിഷേധത്തെ തുടര്‍ന്ന് തടസപ്പെട്ടു. ഗ്യാസ് സിലിണ്ടര്‍ വരെ തുറന്നു വച്ച് ജനങ്ങള്‍ ആത്മഹത്യാ ഭീഷണി മുഴക്കിയതോടെയാണ് ഉദ്യോഗസ്ഥ നീക്കം പൊളിഞ്ഞത്. രാവിലെ പ്രതിഷേധമുണ്ടായ തഴുത്തലയ്ക്ക് സമീപപ്രദേശത്ത് കല്ലിടാനെത്തിയ ഉദ്യോഗസ്ഥരെ യുഡിഎഫ്, ബിജെപി പ്രവര്‍ത്തകര്‍ തടഞ്ഞിരുന്നു. പിന്നീട് പി.സി.വിഷ്ണുനാഥ് എംഎല്‍എ ഇവിടെ എത്തുകയും ഉദ്യോഗസ്ഥരോട് സ്ഥലത്ത് നിന്ന് മടങ്ങണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. വീട്ടമ്മമാരടക്കം ശക്തമായ പ്രതിഷേധവുമായി രംഗത്തിറങ്ങിയതോടെ കല്ലിടല്‍ നിര്‍ത്തി ഉദ്യോഗസ്ഥര്‍ മടങ്ങുകയായിരുന്നു.
വീടിന്റെ ഉമ്മറത്ത് ഗ്യാസ് സിലണ്ടര്‍ തുറന്നു വച്ച് ചുവരില്‍ ആത്മഹത്യ കുറിപ്പ് എഴുതി ഒട്ടിച്ച് തഴുത്തലയിലെ അജയകുമാറും ഭാര്യ സുധയുമാണ് പ്രതിഷേധത്തിന് തുടക്കമിട്ടത്. പുരയിടത്തിലെ മരത്തില്‍ തൂങ്ങി മരിക്കാന്‍ കയറും കെട്ടി ഈ കുടുംബം. ഇതോടെ സ്ത്രീകളും കുട്ടികളുമടക്കം നാട്ടുകാര്‍ ഒന്നടങ്കം തെരുവിലിറങ്ങി. പ്രതിഷേധത്തിനു പിന്തുണയുമായി പി.സി.വിഷ്ണുനാഥ് എം എല്‍ എ യുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസുകാരെത്തി. ബി ജെ പി പ്രവര്‍ത്തകര്‍ റോഡില്‍ അടുപ്പു കൂട്ടി. കല്ലുമായെത്തിയ വാഹനത്തില്‍ കയറിയും പ്രതിഷേധമുണ്ടായി.