പ്ലാസ്റ്റിക് കുപ്പികളില്‍ ഇനി മദ്യം വില്‍ക്കില്ല ; പുതിയ മദ്യ നയത്തിന് അനുമതി
സംസ്ഥാനത്ത് പുതുക്കിയ മദ്യ നയത്തിന് മന്ത്രിസഭ അംഗീകാരം . പുതിയ നയം പ്രാബല്യത്തില്‍ വരുന്നതോടെ സംസ്ഥാനത്തെ ഐ ടി പാര്‍ക്കുകളില്‍ ബാര്‍ റസ്റ്റോറന്റുകള്‍ തുറക്കാം. ഇതിനുള്ള ഐ ടി സെക്രട്ടറിയുടെ റിപ്പോര്‍ട്ടാണ് സര്‍ക്കാര്‍ അം?ഗീകരിച്ചത്. പഴ വര്‍ഗങ്ങളില്‍ നിന്ന് വീര്യം കുറഞ്ഞ മദ്യം ഉത്പാദിപ്പിക്കാന്‍ കര്‍ഷകര്‍ക്ക് അനുമതി നല്‍കും. ഡ്രൈ ഡേ ഒഴിവാക്കിയിട്ടില്ല. മദ്യ വില്‍പ്പനയ്ക്ക് പ്ലാസ്റ്റിക് കുപ്പികള്‍ ഒഴിവാക്കാനും തീരുമാനം എടുത്തു. അടുത്ത വര്‍ഷം മുതല്‍ പ്ലാസ്റ്റിക് കുപ്പിയില്‍ മദ്യ വില്‍പ്പന അനുവദിക്കില്ലെന്ന് മന്ത്രിസഭ തീരുമാനിച്ചു. പ്ലാസ്റ്റിക് കുപ്പികള്‍ പൂര്‍ണമായി ഒഴിവാക്കണം. ചില്ലു കുപ്പികളിലും ക്യാനുകളിലുമേ മദ്യ വില്പന അനുവദിക്കൂ. ചില്ലു കുപ്പികളിലും, ക്യാനുകളിലും വില്‍ക്കുന്ന മദ്യത്തിന്റെ ബ്രാന്റ് രജിസ്ട്രേഷന്‍ ഫീസ് വര്‍ദ്ധിപ്പിക്കില്ലെന്നും തീരുമാനം എടുത്തിട്ടുണ്ട്.
സംസ്ഥാനത്ത് മദ്യശാലകളിലെ നീണ്ട ക്യൂ ഒഴിവാക്കും. എല്ലായിടത്തും പ്രീമിയം കൗണ്ടറുകള്‍ തുടങ്ങും. ഉപഭോക്താക്കള്‍ക്കെത്തി ആവശ്യമായ മദ്യം തെരഞ്ഞെടുക്കാന്‍ സംവിധാനം ഒരുക്കും. വാക്ക് ഇന്‍ സംവിധാനത്തിന് പ്രാധാന്യം നല്‍കും. ഡ്രൈ ഡേ വേണ്ടതില്ലെന്ന് കരട് റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നെങ്കിലും തൊഴിലാളി സംഘടനകളുടെ ആവശ്യത്തെ തുടര്‍ന്ന് ഡ്രൈ ഡേ പിന്‍വലിക്കേണ്ടെന്ന് തീരുമാനിച്ചു. നിലവില്‍ തിരുവനന്തപുരം ടെക്‌നോപാര്‍ക്കിന്റെ ഗസ്റ്റ് ഹൗസില്‍ ഒരു ബിയര്‍ പാര്‍ലര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സംസ്ഥാനത്താകെ ഒന്നര ലക്ഷം ഐടി ജീവനക്കാരാണുള്ളത്. തിരുവനന്തപുരം ടെക്‌നോപാര്‍ക്കില്‍ മാത്രം 60000 പേര്‍ ജോലി ചെയ്യുന്നുണ്ട്. ടെക്‌നോ പാര്‍ക്ക്, ഇന്‍ഫോ പാര്‍ക്ക്, സൈബര്‍ പാര്‍ക്ക് എന്നിവിടങ്ങളിലായി ജോലി ചെയ്യുന്നവര്‍ക്കായി മദ്യശാലകള്‍ തുറക്കുന്നത്, കൂടുതല്‍ ടെക്കികളെ കേരളത്തിലെ ഐടി പാര്‍ക്കുകളിലേക്ക് ആകര്‍ഷിക്കുമെന്നാണ് കണക്ക് കൂട്ടല്‍.
നേരത്തേ നിസ്സാന്‍ കമ്പനി കേരളത്തിലെത്തിയപ്പോള്‍ അടിസ്ഥാന സൗകര്യ വികസനവുമായി ബന്ധപ്പെട്ട് ചില നിലപാടുകള്‍ വ്യക്തമാക്കിയിരുന്നു. കൂടുതല്‍ അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ വേണമെന്നായിരുന്നു ഒരു ആവശ്യം. നിസ്സാന്‍ കമ്പനിയും വിനോദോപാധികള്‍ കേരളത്തിലെ ഐടി പാര്‍ക്കുകളിലില്ലെന്ന് പറഞ്ഞിരുന്നു. പിന്നീട് നാസ്‌കോം നടത്തിയ പഠനത്തിലും വിനോദോപാധികളുടെ കുറവ് പരിഹരിക്കണമെന്ന് നിര്‍ദേശം നല്‍കിയിരുന്നു. ഇത് പരിഗണിച്ചാണ് ഒന്നാം പിണറായി സര്‍ക്കാര്‍ ഇത്തരത്തില്‍ പബ്ബുകളടക്കം സ്ഥാപിക്കുന്ന കാര്യം ആലോചിക്കാനുള്ള നീക്കവുമായി മുന്നോട്ട് പോയത്.