രാജി വെക്കില്ല എന്ന് ഇമ്രാന്‍ ഖാന്‍ ; പാക്കിസ്ഥാനില്‍ രാഷ്ട്രീയ അരക്ഷിതാവസ്ഥ തുടരുന്നു

അവിശ്വാസ പ്രമേയത്തില്‍ അവസാന പന്ത് വരെ പോരാടുമെന്ന് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. പ്രധാനമന്ത്രി സ്ഥാനം രാജിവയ്ക്കില്ലെന്നും തോല്‍വി അംഗീകരിക്കില്ലെന്നും രാജ്യത്തെ അഭിസംബോധന ചെയ്ത് ഖാന്‍ പറഞ്ഞു. ഇമ്രാനെതിരായ അവിശ്വാസപ്രമേയം പാകിസ്താനില്‍ ദേശീയ അസംബ്ലി ചര്‍ച്ച ചെയ്യാനിരിക്കെയാണ് അദ്ദേഹത്തിന്റെ വൈകാരിക പ്രതികരണം. പാകിസ്ഥാന്‍ കടന്നു പോകുന്നത് അങ്ങേയറ്റം സങ്കീര്‍ണവും നിര്‍ണായകവുമായ ഒരു ഘട്ടത്തിലൂടെയാണ്, ലോകത്തിന് മുന്നില്‍ നമ്മുടെ രാജ്യം മുട്ടിലഴക്കുകയാണ്. ക്രിക്കറ്റ് കളിക്കുന്ന കാലത്ത് അവസാന ബോള്‍ വരെ കളിക്കുന്നതാണ് എന്റെ രീതി. അതു തന്നെയാണ് ഇപ്പോഴും എന്റെ ശൈലി. രാജിവയ്ക്കില്ലെന്ന് വ്യക്തമാക്കി കൊണ്ട് ഇമ്രാന്‍ പറഞ്ഞു.

രാജ്യത്തിന്റെ ഭാവിയെക്കുറിച്ച് പ്രധാനപ്പെട്ട ഒരു കാര്യം സംസാരിക്കാനുണ്ടെന്ന് പറഞ്ഞാണ് അദ്ദേഹം പ്രസംഗം തുടങ്ങിയത്. എല്ലാവര്‍ക്കും തുല്യനീതി നടപ്പാക്കുകയായിരുന്നു തന്റെ ലക്ഷ്യം. ലോകത്തിന് മുന്നില്‍ പാക്കിസ്താനികള്‍ മുട്ടിലിഴയുകയാണെന്നും അദ്ദേഹം പറഞ്ഞു. പാകിസ്താന്‍ ഒരു നിര്‍ണായക ഘട്ടത്തിലാണെന്നും രണ്ട് വഴികളാണ് മുന്നിലുള്ളതെന്നും ഇമ്രാന്‍ വ്യക്തമാക്കി. പല പാക് രാഷ്ട്രീയ നേതാക്കളും പണമുണ്ടാക്കാന്‍ രാഷ്ട്രീയത്തില്‍ എത്തിയവരാണ്. ജനങ്ങളെ സേവിക്കാനാണ് താന്‍ രാഷ്ട്രീയത്തിലെത്തിയത്. രാജ്യത്തെ അപമാനിക്കാന്‍ അനുവദിക്കില്ല. ആരുടേയും മുന്നില്‍ തലകുനിക്കില്ലെന്നും അഭിസംബോധനയില്‍ അദ്ദേഹം പറഞ്ഞു. താന്‍ പാകിസ്താനെ പുരോഗതിയിലേക്ക് നയിച്ചു. ഇന്ന് രാജ്യം സങ്കീര്‍ണമായ അവസ്ഥയിലൂടെയാണ് കടന്നുപോകുന്നത്. മുസ്ലിം സമുദായത്തിന് അടിമകളാകാന്‍ കഴിയില്ല. സര്‍ക്കാറിനെ താഴെയിറക്കാന്‍ വിദേശ ഗൂഢാലോചന നടന്നതായും ഖാന്‍ ആവര്‍ത്തിച്ചു.

”അമേരിക്ക പാകിസ്താനെതിരെ ഉപരോധം ഏര്‍പ്പെടുത്തി. അവര്‍ക്ക് വേണ്ടി ഏറ്റവും കൂടുതല്‍ ത്യാഗം സഹിച്ചത് പാകിസ്താനാണ്. ഏറ്റവും കൂടുതല്‍ ജീവന്‍ വെടിഞ്ഞത് പാകിസ്താനികളാണ്. പ്രശസ്തിയും സമ്പത്തും ഉള്‍പ്പെടെ എല്ലാം തന്ന് അള്ളാഹു അനുഗ്രഹിച്ച ഭാഗ്യവാനാണ് ഞാന്‍. സ്വതന്ത്ര രാജ്യത്ത് ജനിച്ച ആദ്യ തലമുറയില്‍ നിന്നുള്ളയാളാണ് ഞാന്‍. പാകിസ്താന്റെ വളര്‍ച്ചയും തളര്‍ച്ചയും കണ്ടിട്ടുണ്ട്” – വികാരഭരിതനായി ഇമ്രാന്‍ പറഞ്ഞു. എന്റെ കുട്ടിക്കാലത്ത് പാകിസ്ഥാന്‍ ഒരു മഹത്തരമായ രാഷ്ട്രമായിരുന്നു. വിവിധ മേഖലകളില്‍ പാകിസ്ഥാന്‍ നേടിയ പുരോഗതിയെ കുറിച്ച് പഠിക്കാന്‍ ദക്ഷിണ കൊറിയയില്‍നിന്നും ആളുകള്‍ പാകിസ്ഥാനില്‍ വന്നിരുന്നു, മലേഷ്യന്‍ രാജകുമാരന്മാര്‍ എന്നോടൊപ്പം സ്‌കൂളില്‍ പഠിച്ചിട്ടുണ്ട്.

വിവിധ അറേബ്യന്‍ രാജ്യങ്ങളില്‍ നിന്നും യുവാക്കാള്‍ ഒരു കാലത്ത് നമ്മുടെ സര്‍വ്വകലാശാലകളില്‍ വിദ്യാര്‍ത്ഥികളായി ഉണ്ടായിരുന്നു. പിന്‍ക്കാലത്ത് സമ്പന്നമായ ഈ സംസ്‌കാരവും പുരോഗതിയും നമ്മുക്ക് നഷ്ടമായി. എന്റെ രാജ്യം അപമാനിക്കപ്പെടുന്നത് ഞാന്‍ കണ്ടു. പര്‍വേസ് മുഷറഫ് ഞങ്ങളെ അമേരിക്കയുടെ വലയില്‍ കുടുക്കി. അവരുമായി സഖ്യമുണ്ടാക്കിയതിന് ശേഷം നമ്മള്‍ സഹായിച്ചിട്ടും ഡ്രോണുകള്‍ ഉപയോഗിച്ച് അവര്‍ നമ്മളെ ആക്രമിച്ചു.