കെ റെയില്‍ നിലപാടിലുറച്ച് പിണറായി വിജയന്‍

കെറെയില്‍ ഉറച്ചു മുഖ്യമന്ത്രി പിണറായി വിജയന്‍. നാടിനാവശ്യമായത് ചെയ്യുന്നതില്‍ നിന്ന് സര്‍ക്കാര്‍ ഒളിച്ചോടില്ല. ചെയ്യേണ്ടത് ശരിയായ സമയത്ത് തന്നെ ചെയ്യണം. ഇന്ന് നടക്കേണ്ടത് നടന്നില്ലെങ്കില്‍ പിന്നീട് ദുഖിക്കേണ്ടി വരുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കെ റെയില്‍ സില്‍വര്‍ലൈന്‍ വിഷയത്തില്‍ പ്രധാനമന്ത്രി അനുകൂലമായാണ് പ്രതികരിച്ചതെന്നും മുഖ്യമന്ത്രി അറിയിച്ചു. കെ റെയിലിനെ അനുകൂലിക്കുന്നവരാണ് മഹാഭൂരിപക്ഷവും ബഹളം വെക്കുന്നില്ലെങ്കിലും അവര്‍ വികസനം ആഗ്രഹിക്കുന്നവരാണെന്നും പിണറായി വിജയന്‍ പറഞ്ഞു.

സംസ്ഥാനത്ത് നിര്‍മ്മാണം പൂര്‍ത്തിയായ 51 റോഡുകളുടെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു കാര്യം ചെയ്യേണ്ട സമയത്ത് ചെയ്തില്ലെങ്കില്‍ അതിന് വലിയ വില നല്‍കേണ്ടി വരും. ദേശീയപാതാ വികസനം ഇതിന് ഉദാഹരണമാണ്. ഭൂമി നഷ്ട്പ്പടുന്നവര്‍ ഇപ്പോള്‍ റോഡ് വികസനത്തിനൊപ്പമാണ്. ദേശീയപാതാ വികസനത്തിനെതിരെ എത്തിയവര്‍ക്ക് പിന്നീട് പശ്ചാത്താപത്തിന് ഒരു കണിക പോലും ഇല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ചെറിയ സംസ്ഥാനമാണെങ്കിലും നമ്മളും മറ്റുള്ളവര്‍ക്കൊപ്പം നേട്ടം കൊയ്യണ്ടേ എന്നും അദ്ദേഹം ചോദിച്ചു. മറ്റ് നാടുകള്‍ കൈവരിക്കുന്ന നേട്ടം കേരളവും നേടണം. സംസ്ഥാനം പിന്നോട്ട് പോകുന്നത് അംഗീകരിക്കാന്‍ കഴിയുമോ? വികസനമാണ് നാടിന്റെ പൊതുവായ താല്‍പ്പര്യമെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം പദ്ധതിയില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് എന്‍ എസ് എസ് രംഗത്തെത്തി. സില്‍വര്‍ലൈന്‍ റെയില്‍വേ പദ്ധതി പ്രായോഗികമല്ലെന്ന് എന്‍എസ്എസ് പ്രസ്താവനയില്‍ പറഞ്ഞു. ജനങ്ങളെ വിശ്വാസത്തില്‍ എടുക്കുക എന്നത് സര്‍ക്കാരിന്റെ ധാര്‍മ്മിക ഉത്തരവാദിത്തമാണെന്നും എന്‍എസ്എസ് ഓര്‍മ്മിപ്പിച്ചു. ഭൂമി നഷ്ടപെടുന്നവരുടെ പ്രതിഷേധം സര്‍ക്കാര്‍ കണ്ടില്ലെന്ന് നടിക്കരുത്. ദീര്‍ഘ വീക്ഷണം ഇല്ലാതെ സാമ്പത്തിക പുരോഗതി മാത്രം ലക്ഷ്യമിട്ടുള്ള പദ്ധതി ജനക്ഷേമകരമാകില്ലെന്നും എന്‍എസ്എസ് ചൂണ്ടിക്കാട്ടി.
ജനങ്ങളുടെ ആശങ്കകള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് എന്‍ എസ് എസ് ആവശ്യപ്പെട്ടു. ജനങ്ങളെ എതിര്‍ത്ത് മുന്നോട്ടു പോകാനാവില്ല. പദ്ധതി ദീര്‍ഘകാലാടിസ്ഥാനത്തില്‍ ലാഭമാകുമെന്ന് ഉറപ്പില്ലെന്നും എന്‍എസ്എസ് ചൂണ്ടിക്കാട്ടി.