നടി ആക്രമിക്കപ്പെട്ട കേസ് ; പുതിയ പുതിയ തെളിവുകള്‍ കണ്ടെത്തി ക്രൈം ബ്രാഞ്ച്
കൊച്ചിയില്‍ നടിയെ ആക്രമിക്കപ്പെട്ട കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി നടന്‍ ദിലീപിനയച്ചു എന്ന് പറയപ്പെടുന്ന യഥാര്‍ത്ഥ കത്ത് കണ്ടെത്തിയതായി അന്വേഷണ സംഘം. പള്‍സര്‍ സുനിയുടെ സഹതടവുകാരന്‍ കുന്നംകുളം സ്വദേശി സജിത്തിന്റെ വീട്ടില്‍ നിന്നാണ് ക്രൈംബ്രാഞ്ച് കത്ത് കണ്ടെടുത്തത്.ചെയ്ത തെറ്റ് ഏറ്റുപറഞ്ഞ് കോടതിയില്‍ മാപ്പിരക്കും. അഭിഭാഷകരെയും സാക്ഷികളെയും വിലക്കെടുത്താലും സത്യം മൂടിവെക്കാന്‍ ആവില്ല എന്ന് കത്തില്‍ പറയുന്നു.2018 മെയ് ഏഴിനായിരുന്നു സുനി ജയിലില്‍ നിന്നും ദിലീപിന് കത്തെഴുതിയത്.ജയില്‍ മോചിതനായ സജിത്ത് കത്ത് കയ്യില്‍ സൂക്ഷിച്ചു.കത്ത് ദിലീപിന് കൈമാറാന്‍ കഴിഞ്ഞില്ല എന്ന് ഇയാള്‍ മൊഴി നല്‍കിയിരുന്നു.
ദിലീപിന്റെ അഭിഭാഷകന്‍ പിന്നീട് കത്ത് വാങ്ങിയ്ക്കുകയും ദിവസങ്ങള്‍ കഴിഞ്ഞ് തിരിച്ചു നല്‍കുകയും ചെയ്തിരുന്നതായി സജിത്ത് വ്യക്തമാക്കിയിരുന്നു.കത്ത് പള്‍സര്‍ സുനി എഴുതിയതാണോയെന്ന് കണ്ടെത്തുന്നതിനായി ക്രൈംബ്രാഞ്ച് ജയിലിലെത്തി പള്‍സര്‍ സുനിയുടെ കൈയ്യക്ഷര സാമ്പിള്‍ ശേഖരിച്ചിരുന്നു. കഴിഞ്ഞ ദിവസം സുനി നല്‍കിയ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു.തുടരന്വേഷണം പുരോഗമിയ്ക്കുന്ന ഘട്ടത്തില്‍ പ്രതിയ്ക്ക് ജാമ്യം നല്‍കാനാവില്ലെന്ന് വിലയിരുത്തിയ കോടതി ഹര്‍ജി തള്ളുകയായിരുന്നു. അതേസമയം വധശ്രമ ഗൂഡാലോചനകേസില്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. അന്വേഷണം സിബിഐക്ക് കൈമാറുന്നത് സംബന്ധിച്ച ഹൈക്കോടതിയുടെ ചോദ്യത്തോടായിരുന്നു പ്രോസിക്യൂഷന്റെ പ്രതികരണം. കേസിന്റെ എഫ്‌ഐആര്‍ റദ്ദാക്കണമെന്ന ഹര്‍ജിയില്‍ വാദം പൂര്‍ത്തിയായി വിധി പറയാന്‍ മാറ്റി.വധഗൂഢാലോചന കേസില്‍ എഫ്‌ഐആര്‍ റദ്ദാക്കുന്നില്ലെങ്കില്‍ കേസ് സിബിഐക്കു വിടണമെന്ന് പ്രതിയായ ദിലീപ് ആവശ്യപ്പെട്ടിരുന്നു. ഇത് പരിഗണിച്ചാണ് അന്വേഷണം മറ്റൊരു ഏജന്‍സിക്കു കൈമാറുന്നതില്‍ എന്താണ് എതിര്‍പ്പെന്ന് വാദത്തിനിടെ കോടതി ചോദിച്ചത്.
അന്വേഷണം നേരായ രീതിയിലാണ് നടക്കുന്നതെന്നും ആര്‍ക്കും പരാതിയില്ലെന്നും ഇപ്പോള്‍ മറ്റൊരു ഏജന്‍സിക്ക് അന്വഷണം കൈമാറേണ്ട കാര്യമില്ലെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. കേസില്‍ ഇരു വിഭാഗത്തിന്റേയും വാദം പൂര്‍ത്തിയായി. ഒരാഴ്ചക്കുള്ളില്‍ വിധി പറയാമെന്നും അതിനുള്ളില്‍ കേസില്‍ കുറ്റപത്രം സമര്‍പ്പിക്കരുതെന്നും കോടതി പ്രോസിക്യൂഷനോട് നിര്‍ദേശിച്ചു. ഉടന്‍ കുറ്റപത്രം സമര്‍പിക്കാന്‍ കഴിയില്ലെന്നും കൂടുതല്‍ സമയം വേണ്ടിവരുമെന്ന് പ്രോസിക്യൂഷനും കോടതിയെ അറിയിച്ചു. തെളിവുകള്‍ കൈയ്യിലുണ്ടായിട്ടും ബാലചന്ദ്രകുമാര്‍ എന്തുകൊണ്ട് യഥാസമയം അത് കൈമാറിയില്ലന്നും ബാലചന്ദ്രകുമാറിന് മറ്റ് താത്പര്യങ്ങളില്ലെന്ന് ഉറപ്പാണോ എന്നും വാദത്തിനിടെ കോടതി ചോദിച്ചു. ബാലചന്ദ്രകുമാര്‍ നിര്‍ണ്ണായക സാക്ഷിയാണെന്നായിരുന്നു പ്രോസിക്യൂഷന്റെ മറുപടി. കേസുമായി ബന്ധപ്പെട്ട നിര്‍ണ്ണായക വിവരങ്ങള്‍ ദിലീപ് ഫോണില്‍ നിന്നും മായ്ച്ചു കളഞ്ഞെന്നും ഡിജിപി കോടതിയെ അറിയിച്ചു.