നാഗാലാന്‍ഡ്, അസം, മണിപ്പുര്‍ എന്നിവിടങ്ങളില്‍ അഫ്സ്പ നിയമത്തിന്റെ പരിധി കുറച്ചു

നാഗാലാന്‍ഡില്‍ ഉള്‍പ്പടെ കേന്ദ്ര സര്‍ക്കാര്‍ അഫ്സ്പ നിയമത്തിന്റെ പരിധി കുറച്ചു. 36 ജില്ലകളിലാണ് പ്രത്യേക സായുധ സേനാ നിയമത്തിന്റെ പരിധി കുറച്ചത്. അഫ്സ്പയെ കുറിച്ച് പഠിക്കാന്‍ നിയോഗിച്ച സമിതിയുടെ ശുപാര്‍ശകള്‍ അംഗീകരിച്ചായിരുന്നു കേന്ദ്ര സര്‍ക്കാര്‍ നടപടി. നാഗാലാന്‍ഡ്, അസം, മണിപ്പുര്‍ എന്നിവിടങ്ങളിലാണ് പ്രത്യേക സായുധ സേനാ നിയമത്തിന്റെ പരിധി കുറയ്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്. സൈന്യത്തിന് പ്രത്യേക അധികാരം നല്‍കുന്ന നിയമമാണ് അഫ്സ്പ. (ആംഡ് ഫോഴ്സസ് സ്പെഷ്യല്‍ പവേഴ്‌സ്). കഴിഞ്ഞ ഡിസംബറില്‍ നാഗാലാന്‍ഡില്‍ സൈന്യം നടത്തിയ വെടിവെപ്പിലും തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിലും 14 ഗ്രാമീണര്‍ ഉള്‍പ്പെടെ 15 പേര്‍ കൊല്ലപ്പെട്ട സംഭവം വലിയ പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.

ഇതിനെ തുടര്‍ന്നാണ് അഫ്സ്പ പിന്‍വലിക്കണമെന്ന് ശക്തമായ ആവശ്യമുയര്‍ന്നത്. ഇതിന് പിന്നാലെയാണ് വിഷയം പഠിക്കാനായി സമിതിയെ നിയോഗിച്ചത്. സമിതി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ അഫ്സ്പയുടെ പരിധി കുറച്ചത്. പ്രദേശത്ത് സ്ഥിതി മെച്ചപ്പെട്ടതും വികസനം വേഗത്തിലായതും സമാധാനക്കരാറുകള്‍ നടപ്പാക്കിയതും കണക്കിലെടുത്താണ് തീരുമാനമെന്ന് ആഭ്യന്ത്ര മന്ത്രി അമിത് ഷാ പറഞ്ഞു. നാഗാലാന്‍ഡിലെ 7 ജില്ലകളിലും അസമിലെ 23 ജില്ലകളിലും മണിപ്പൂരില്‍ 6 ജില്ലകളിലുമാണ് അഫ്സ്പ ഒഴിവാക്കിയത്. അസമിലെ ഒരു ജില്ലയില്‍ ഭാഗികമായും സൈന്യത്തിന് പ്രത്യേക അധികാരം നല്‍കുന്ന നിയമം പിന്‍വലിച്ചിട്ടുണ്ട്. കേന്ദ്രസര്‍ക്കാര്‍ നടപടിയെ പ്രശംസിച്ച് മണിപ്പൂരിലെ സമരനായിക ഇറോം ഷര്‍മിള രംഗത്തെത്തി. ജനാധിപത്യത്തിന്റെ യഥാര്‍ത്ഥ അടയാളമാണിതെന്ന് അവര്‍ പ്രതികരിച്ചു. അഫ്സ്പക്കെതിരെ നീണ്ട 16 വര്‍ഷമാണ് ഇറോം ഷര്‍മിള നിരാഹാര സമരം നടത്തിയത്. നാഗാലാന്‍ഡ് വെടിവെപ്പിന് പിന്നാലെയും അഫ്സ്പ പിന്‍വലിക്കണമെന്ന ആവശ്യം ഉന്നയിച്ച് ഇറോം ഷര്‍മിള രംഗത്തെത്തിയിരുന്നു.