കുര്‍ബാന ഏകീകരണം ഉടന്‍ നടപ്പാക്കാന്‍ മാര്‍പ്പാപ്പയുടെ ഉത്തരവ് ; അങ്കമാലി അതിരൂപതയ്ക്ക് കത്തയച്ചു

കുര്‍ബാന ഏകീകരണം ഉടന്‍ നടപ്പാക്കണമെന്ന കര്‍ശന ഉത്തരവുമായി മാര്‍പ്പാപ്പ. സിനഡ് നിര്‍ദേശപ്രകാരമുള്ള കുര്‍ബാന ഈസ്റ്ററിന് മുമ്പ് നടപ്പാക്കണമെന്നാണ് മാര്‍പ്പാപ്പയുടെ ഉത്തരവ്. സഭയുടെ ആരാധനാക്രമം നിശ്ചയിക്കാന്‍ പരമാധികാരം സിനഡിനായിരിക്കും. സിനഡിന്റെ തീരുമാനങ്ങള്‍ക്ക് അനുസരിച്ച് ചില വിട്ടുവീഴ്ചകള്‍ക്ക് തയാറാകണമെന്നും മാര്‍പ്പാപ്പ നിര്‍ദേശിച്ചിട്ടുണ്ട്. എറണാകുളം അങ്കമാലി അതിരൂപതയ്ക്കാണ് മാര്‍പ്പാപ്പ കത്ത് മുഖേന നിര്‍ദേശം നല്‍കിയത്. മെത്രാപ്പൊലീത്തന്‍ വികാരി, വൈദികര്‍, വിശ്വാസികള്‍ എന്നിവരെ മാര്‍പ്പാപ്പ കത്തിലൂടെ അഭിസംബോധന ചെയ്തു. സിനഡ് തീരുമാനം നടപ്പാക്കാത്തത് വേദനാജനകമെന്നും മാര്‍പ്പാപ്പ കത്തില്‍ സൂചിപ്പിച്ചു.

ഈസ്റ്ററിന് മുമ്പ് ഏകീകൃത കുര്‍ബാന ക്രമത്തിലേക്ക് മാറണം എന്നാണ് കത്തിലെ നിര്‍ദ്ദേശം. പുരോഹിതര്‍ക്കുള്ള ബാധ്യത ഓര്‍മിപ്പിച്ചുകൊണ്ടാണ് മാര്‍പ്പാപ്പയുടെ കത്ത്. ഏകീകൃത കുര്‍ബാനയെ ചൊല്ലിയുള്ള തര്‍ക്കം തുടരുന്നതിനിടെയാണ് വത്തിക്കാന്റെ നിര്‍ണായക ഇടപെടല്‍. ഏകീകൃത കുര്‍ബാന നടപ്പാക്കണം എന്ന് അര്‍ത്ഥശങ്കയ്ക്കടയില്ലാത്തവിധം വൃക്തമാക്കി ഫ്രാന്‍സിസ് മാര്‍പ്പാപ്പ നേരിട്ടാണ് എറണാകുളം-അങ്കമാലി അതിരൂപതയ്ക്ക് കത്ത് അയച്ചിരിക്കുന്നത്. തര്‍ക്കത്തില്‍ ആദ്യമായാണ് മാര്‍പ്പാപ്പയുടെ നേരിട്ടുള്ള ഇടപെടല്‍. അതിരൂപത മേജര്‍ ആര്‍ച്ച് ബിഷപ്പ്, വൈദികര്‍, സന്യസ്തര്‍, വിശ്വാസികള്‍ എന്നിവര്‍ക്കാണ് ഫ്രാന്‍സിസ് പാപ്പയുടെ കത്ത്.

സിനഡ് നിശ്ചയിച്ച പോലെ 2021 നവംബര്‍ 28 മുതല്‍ എറണാകുളം-അങ്കമാലി അതിരൂപത മാത്രം ഏകീകൃത കുര്‍ബാന നടപ്പാക്കാത്ത് ഖേദകരമാണ്. ഈസ്റ്ററിന് മുമ്പ് സിനഡ് നിശ്ചയിച്ച പോലെ ഏകീകൃത കുര്‍ബാനയിലേക്ക് മാറണം എന്നാണ് കത്തിലെ നിര്‍ദ്ദേശം. വേദനാജനകമാണെങ്കിലും ത്യാഗത്തിന് തയ്യാറാകണം. ഏകീകൃത ക്രമത്തിലേക്ക് മാറാന്‍ സമയം വേണമെങ്കില്‍ ഇടവകള്‍ക്ക് ആവശ്യപ്പെടാം. കാനന്‍ നിയമത്തിന് അനുസൃതമായി സമയ ബന്ധിതമായ ഇളവ് നല്‍കും. കര്‍ത്താവില്‍ വിതച്ചാല്‍ അവിടത്തൊടൊത്ത് കൊയ്യാമെന്നും കാറ്റ് വിതച്ചാല്‍ കൊടുങ്കാറ്റ് കൊയ്യേണ്ടി വരുമെന്നും വ്യക്തമാക്കിയാണ് മാര്‍പ്പാപ്പ കത്ത് ചുരുക്കുന്നത്. കത്തിനെ കുറിച്ചുള്ള എറണാകുളം-അങ്കമാലി അതിരൂപയുടെ പ്രതികരണം ലഭ്യമായിട്ടില്ല.