പൂനെയില്‍ മത്സ്യവും മാംസവും വില്‍ക്കുന്നത് നിരോധിച്ചു
പൂനയില്‍ ഇനി മത്സ്യവും മാംസവും വില്പന ഇല്ല. സമ്പൂര്‍ണ്ണ സസ്യാഹാരം ആകും ഇനി അവിടങ്ങളില്‍. ഹോട്ടലുകളില്‍ മാത്രമല്ല വീടുകളിലും ഇനി മുതല്‍ മത്സ്യവും മാംസവും പാകം ചെയ്യുന്നത് വലിയ കുറ്റമാണ്. പുതുതായി രൂപീകരിച്ച ദെഹു മുനിസിപ്പല്‍ കൗണ്‍സിലിന്റെ ആദ്യ പൊതുയോഗത്തിലാണ് തീരുമാനം. ഫെബ്രുവരിയില്‍ ഐകകണ്ഠേന അംഗീകരിച്ച പ്രമേയം ഇന്നു മുതല്‍ നടപ്പാക്കുകയായിരുന്നു. നേരത്തെ ഗ്രാമപ്പഞ്ചായത്തും ഈ തീരുമാനമെടുത്തിരുന്നു.
മഹാരാഷ്ട്രയിലെ പ്രശസ്തമായ സന്ത് തുക്കാറാം മഹാരാജ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത് ദേഹു നഗരത്തിലാണ്. നാട്ടുകാരുടെയും സന്ത് തുക്കാറാം മഹാരാജിന്റെ ഭക്തരുടെയും വികാരം പരിഗണിച്ചാണ് തീരുമാനം. മാംസവും മത്സ്യവും വില്‍ക്കുന്ന കടകള്‍ നടത്തുന്നുണ്ടെങ്കില്‍ ഉടന്‍ അടച്ചുപൂട്ടണമെന്നും അല്ലാത്തപക്ഷം നിയമലംഘകര്‍ക്കെതിരെ പൊലീസ് നടപടിയെടുക്കുമെന്നും ദേഹു നഗര്‍ പഞ്ചായത്ത് ചീഫ് ഓഫീസര്‍ പ്രശാന്ത് ജാദവ് അഭ്യര്‍ത്ഥിച്ചിരുന്നു.
അംഗങ്ങളുടെ കാലാവധി അവസാനിച്ചതിനാല്‍ ഗ്രാമപ്പഞ്ചായത്ത് പിരിച്ചുവിട്ടു. പിന്നാലെ ഇവിടെ ഇറച്ചിയും മീനും വില്‍ക്കാന്‍ തുടങ്ങി. കൊവിഡ് കൂടി വന്നതോടെ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ പലരും മാംസത്തിന് ഊന്നല്‍ നല്‍കാന്‍ ആരംഭിച്ചു. എന്നാല്‍ ഗ്രാമപഞ്ചായത്ത് മുനിസിപ്പല്‍ കൗണ്‍സിലായി രൂപാന്തരപ്പെടുകയും ജനുവരിയില്‍ തെരഞ്ഞെടുപ്പ് നടത്തുകയും ചെയ്തു. എന്‍സിപി അധികാരത്തിലെത്തി. അതിനുശേഷമുള്ള ആദ്യ പൊതുയോഗത്തില്‍ ഒരിക്കല്‍ കൂടി മാംസ-മത്സ്യ വില്‍പന നിരോധിക്കുന്ന പ്രമേയം പാസാക്കി. പ്രമേയം എല്ലാ പാര്‍ട്ടികളും ഏകകണ്ഠമായി അംഗീകരിച്ചു. ഫെബ്രുവരിയില്‍ എടുത്ത തീരുമാനം ഇറച്ചി, മീന്‍ കച്ചവടക്കാരെ അറിയിക്കുകയും ചെയ്തു. ഇവര്‍ക്ക് മാര്‍ച്ച് 31 വരെ സമയപരിധി നല്‍കുകയും ചെയ്തിരുന്നു.