മീ ടൂ ആരോപണത്തില്‍ കുടുങ്ങി ബോളിവുഡ് കോറിയോഗ്രാഫര്‍ ഗണേഷ് ആചാര്യ
പ്രമുഖ ബോളിവുഡ് കോറിയോഗ്രാഫര്‍ ഗണേഷ് ആചാര്യയ്‌ക്കെതിരെ ലൈംഗികപീഡന പരാതിയുമായി യുവതി രംഗത്ത്. രണ്ടുവര്‍ഷം പഴയ സംഭവത്തില്‍ കോറിയോഗ്രാഫര്‍ക്കെതിരെ മുംബൈ പോലീസ് കേസെടുത്തു. അദ്ദേഹത്തോടൊപ്പം ജോലി ചെയ്തിരുന്ന ഒരു സഹനര്‍ത്തകിയാണ് ഗണേഷിനെതിരെ ലൈംഗിക പീഡന പരാതി നല്‍കിയത്. IPC 354-A, 354-C, 354-D വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
2019ലാണ് സംഭവം നടക്കുന്നത്. ഇന്‍ഡസ്ട്രിയില്‍ തൊഴില്‍ ലഭിക്കണമെങ്കില്‍ ഇയാളുമായി ശാരീരിക ബന്ധത്തിലേര്‍പ്പെടണമെന്ന് ഗണേഷ് പറഞ്ഞതായി യുവതി പോലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു. ഇതിന് ശേഷം 2020ല്‍, ഒരു യോഗത്തില്‍ ഗണേഷിന്റെ നടപടിയെ യുവതി എതിര്‍ത്തപ്പോള്‍, അവരെ എല്ലാവരുടെയും മുന്നില്‍ വെച്ച് അസഭ്യം പറഞ്ഞു. ഇത് മാത്രമല്ല, കൊറിയോഗ്രാഫറുടെ സഹായിയും മര്‍ദ്ദിച്ചതായി യുവതിയുടെ പരാതിയില്‍ പറയുന്നു. യുവതിയുടെ പരാതിയില്‍ ഗണേഷ് ആചാര്യക്കെതിരെ എഫ്ഐആര്‍ ഫയല്‍ ചെയ്യുകയും ഇപ്പോള്‍ കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്. അതേസമയം വിഷയത്തില്‍ ഇതുവരെ ഗണേഷ് പ്രതികരിച്ചിട്ടില്ല.