മണ്ണെണ്ണ വില വര്‍ദ്ധിപ്പിച്ചു ; പിന്നാലെ കേരളത്തിനുള്ള മണ്ണെണ്ണ വിഹിതം കേന്ദ്രം വെട്ടിക്കുറച്ചു

പെട്രോള്‍ ഗ്യാസ് വില വര്‍ദ്ധനവിന് പിന്നാലെ സംസ്ഥാനത്തെ മണ്ണെണ്ണ വിലയിലും വലിയ തോതില്‍ വര്‍ദ്ധന. ലിറ്ററിന് ഈ മാസം 22 രൂപയാണ് കൂട്ടിയത്. 59 രൂപയായിരുന്നത് 81 രൂപയാണ് ഇനി ഒരു ലിറ്ററിന് നല്‍കേണ്ടി വരിക. അതോടൊപ്പം കേരളത്തിനുള്ള മണ്ണെണ്ണ വിഹിതം കേന്ദ്രം 40 ശതമാനം വെട്ടിക്കുറയ്ക്കുകയും ചെയ്തു. എണ്ണകമ്പനികള്‍ റേഷന്‍ വിതരണത്തിനായി കെറോസിന്‍ ഡീലേഴ്സ് അസോസിയേഷന് നല്‍കിയിരിക്കുന്ന വിലയിലാണ് വര്‍ധനവ്. മൊത്ത വ്യാപാര വില 77 രൂപയായി ഉയര്‍ന്നിട്ടുണ്ട്. മണ്ണെണ്ണ വില കൂട്ടിയത് മത്സ്യ ബന്ധന മേഖലയ്ക്കും കനത്ത തിരിച്ചടിയാകും.

ഇത്തരമൊരു പ്രതിസന്ധി സംസ്ഥാന സര്‍ക്കാര്‍ എങ്ങനെ നേരിടുമെന്നും ജനങ്ങള്‍ക്ക് മേല്‍ അമിതഭാരമാകാതെ എങ്ങനെ കൈകാര്യം ചെയ്യും എന്നതുമാണ് നിര്‍ണായകം. ഒരു വര്‍ഷം മുന്‍പ് വില 28 രൂപയായിരുന്നു. അതേസമയം കേരളത്തിന്റെ ആവശ്യങ്ങള്‍ പരിഗണിക്കാതെയാണ് വില വര്‍ധനവും ഒപ്പം വിഹിതം വെട്ടിക്കുറച്ചതുമെന്ന ആക്ഷേപം ഉയരുന്നുണ്ട്. അതിനിടെ ഒരു ദിവസത്തെ ഇടവേളയ്ക്ക് ശേഷം ഇന്ധനവില വീണ്ടും വര്‍ധിച്ചു. പെട്രോള്‍ ലിറ്ററിന് 87 പൈസയും ഡീസലിന് 84 പൈസയുമാണ് കൂട്ടിയത്. ഇതോടെ കൊച്ചിയില്‍ പെട്രോളിന് 112 രൂപ 15 പൈസയും ഡീസലിന് 99 രൂപ 13 പൈസയുമായി. തിരുവനന്തപുരത്ത് ഡീസല്‍ 100 രൂപ 98 പൈസയും പെട്രോളിന് 114 രൂപ 14 പൈസയുമായി ഉയര്‍ന്നു. കോഴിക്കോട്ട് പെട്രോളിന് 112 രൂപ 32 പൈസയും ഡീസലിന് 99 രൂപ 31 പൈസയുമാണ് പുതിയ വില.

അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നവംബര്‍ 4 മുതല്‍ വില മരവിപ്പിച്ചിരുന്നു. ഈ കാലയളവില്‍ ക്രൂഡ് ഓയിലിന്റെ വില ബാരലിന് 30 ഡോളര്‍ വര്‍ദ്ധിച്ചു. വിതരണ ശൃംഖലയിലെ തടസ്സവും യുക്രെയ്‌നിലെ യുദ്ധത്തെത്തുടര്‍ന്ന് ആഗോള എണ്ണവിലയിലുണ്ടായ വര്‍ധനയുമാണ് ഇന്ധനവില ഉയരാന്‍ കാരണമെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പറഞ്ഞു.